സംസ്ഥാനത്തെ ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണം പ്രതിസന്ധിയില്‍ : സര്‍ക്കാര്‍ ഉത്തരവിനെതിരെ നിയമ നടപടിക്കൊരുങ്ങി ഐഎംഎ
കൊച്ചിയിലെ അമ്പലമേട്ടില്‍ പുതിയതായി ആരംഭിച്ച കേരള എന്‍വിറോ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെഇഐഎല്‍) എന്ന ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ കമ്പനിയെ വഴിവിട്ട് സഹായിക്കാനായിട്ടാണ് സംസ്ഥാന പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇറക്കിയതെന്ന് ഐഎംഎ ആരോപിക്കുന്നു
കൊച്ചി :സംസ്ഥാനത്തെ ബയോമെഡില്‍ മാലിന്യ സംസ്‌കരണ സംവിധാനത്തെ അപ്പാടെ തകര്‍ക്കുന്നതാണ് ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് എന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ (ഐഎംഎ). ഉത്തരവിനെതിരെ ഐഎംഎ സംസ്ഥാന ഘടകം നിയമ നടപടിക്ക് ഒരുങ്ങുന്നു. കൊച്ചിയിലെ അമ്പലമേട്ടില്‍ പുതിയതായി ആരംഭിച്ച കേരള എന്‍വിറോ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെഇഐഎല്‍) എന്ന ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ കമ്പനിയെ വഴിവിട്ട് സഹായിക്കാനായിട്ടാണ് സംസ്ഥാന പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇറക്കിയതെന്ന് ഐഎംഎ ആരോപിക്കുന്നു.ബയോമെഡിക്കല്‍ മാലിന്യം നിര്‍മാര്‍ജ്ജനം ചെയ്യുന്നതിന് 75 കിലോമീറ്റര്‍ ചുറ്റളവില്‍ സംവിധാനം വേണമെന്നാണ് കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. കേന്ദ്രചട്ടം ഇതായിരിക്കെ സംസ്ഥാന സര്‍ക്കാര്‍ ഇതിനായി ഇന്നുവരെ യാതൊരു സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുമില്ലെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. പി ടി സഖറിയാസും സെക്രട്ടറി ഡോ.പി ഗോപികുമാറും പറഞ്ഞു.
കഴിഞ്ഞ 18 വര്‍ഷമായി (2003 മുതല്‍) ഐഎംഎയുടെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള ഇമേജ് (ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ ഗോസ് ഇക്കോഫ്രണ്ട്‌ലി ) എന്ന ചാരിറ്റബിള്‍ സൊസൈറ്റിയാണ് യാതൊരു ലാഭേച്ഛയും ഇല്ലാതെ സംസ്ഥാനത്തെ മുഴുവന്‍ ബയോമെഡിക്കല്‍ മാലിന്യങ്ങളും ശാസ്ത്രീയമായി സംസ്‌കരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആരോഗ്യപരിപാലന കേന്ദ്രങ്ങളില്‍ നിന്നും അഫിലിയേഷന്‍ ഫീസ് ഈടാക്കിയാണ് ദിവസേന 55.8 ടണ്‍ മാലിന്യം സംസ്‌കരിക്കാന്‍ ശേഷിയുള്ള പ്ലാന്റ് പാലക്കാട് സ്ഥാപിച്ചിരിക്കുന്നത്. സ്വന്തം നിലയില്‍ മാലിന്യ പ്ലാന്റ് സ്ഥാപിക്കാന്‍ കഴിയാത്ത ചെറുകിട ഇടത്തരം ആശുപത്രികളും സ്വകാര്യ ലാബുകളും തങ്ങളുടെ മാലിന്യ സംസ്‌കരണത്തിന് ആശ്രയിക്കുന്നത് രാജ്യത്തെ ഏറ്റവും കുറഞ്ഞ ഫീസ് ഈടാക്കുന്ന ഇമേജിനെയാണ്. ഈ പ്ലാന്റ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ആശുപത്രികള്‍ നല്‍കേണ്ടിയിരുന്ന വിഹിതമായ 44 കോടി ഇതുവരെയും നല്‍കിയിട്ടുമില്ല. എന്നിരിക്കിലും സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലെയും ആശുപത്രി മാലിന്യങ്ങള്‍ ഇമേജാണ് ശേഖരിച്ച് സംസ്‌കരിച്ചുവരുന്നത്.
പതിനായിരത്തില്‍ കൂടുതല്‍ കിടക്കകളുള്ള പ്രദേശങ്ങളില്‍ ഒന്നിലധികം പ്ലാന്റ്കള്‍ സ്ഥാപിക്കാമെന്നും ചട്ടം പറയുന്നു. ഇതിന്‍ പ്രകാരം ഐഎംഎ തിരുവനന്തപുരത്ത് പാലോടും, കൊച്ചി ബ്രഹ്മപുരത്തും പുതിയ പ്ലാന്റുകള്‍ സ്ഥാപിക്കാനായി വര്‍ഷങ്ങളായി ശ്രമിക്കുന്നു. സര്‍ക്കാരിന്റെ മെല്ലെപ്പോക്കും, സ്ഥാപിത താല്‍പര്യക്കാരുടെ ഇടപെടലും മൂലം ഇതുവരെയും ഇവ നടപ്പാക്കാനായിട്ടില്ലെന്നും ഡോ. പി ടി സഖറിയാസും സെക്രട്ടറി ഡോ.പി ഗോപികുമാറും പറഞ്ഞു.വസ്തുത ഇതായിരിക്കെ അമ്പലമേട്ടില്‍ പ്രവര്‍ത്തനം തുടങ്ങിയ 16 ടണ്‍ മാലിന്യം സംസ്‌കരിക്കാന്‍ മാത്രം ശേഷിയുള്ള കമ്പനിക്ക് സെപ്റ്റംബര്‍ ഒന്ന് മുതല്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ ആശുപത്രികള്‍ തങ്ങളുടെ ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ സംസ്‌കരണത്തിനായി നല്‍കണം എന്നാണ് ബോര്‍ഡിന്റെ വിചിത്രമായ ഉത്തരവ്. ഇതിനായി ചൂണ്ടിക്കാണിച്ചിരിക്കുന്നത് കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ 75 കിലോമീറ്റര്‍ ചുറ്റളവില്‍ ബയോമെഡിക്കല്‍ നിര്‍മ്മാര്‍ജ്ജന സംവിധാനം ഉണ്ടായിരിക്കണം എന്ന മാനദണ്ഡവും. ഈ ഉത്തരവിന്‍ പ്രകാരം കാര്യങ്ങള്‍ നീങ്ങിയാല്‍ സംസ്ഥാനം ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണം വന്‍ പ്രതിസന്ധിയിലാകും. ഇമേജിന്റെ പാലക്കാട് പ്ലാന്റില്‍ നിന്നും പാറശ്ശാലയിലേയ്ക്ക് 400 കിലോമീറ്ററും, മഞ്ചേശ്വരത്തേയ്ക്ക് 380 കിലോമീറ്ററും ദൂരവുമാണുള്ളത്.
ശാസ്ത്രീയമായി മാലിന്യം സംസ്‌കരിക്കണം എന്ന് നിഷ്‌കര്‍ഷിക്കാന്‍ മാത്രം അധികാരമുള്ള ബോര്‍ഡ് ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് സ്വകാര്യ കമ്പനിക്ക് വേണ്ടി സാമൂഹിക നീതിക്ക് നിരക്കാത്ത ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ ഉത്തരവിന്‍ പ്രകാരം ഈ ജില്ലകളിലെ ആരോഗ്യ പരിപാലന രംഗത്തെ സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ മാലിന്യം സംസ്‌കരിക്കുന്നതിന് സ്വയം സംവിധാനം ഉണ്ടാക്കാനോ, കുറഞ്ഞ ചിലവില്‍ നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സംവിധാനം ഉപയോഗപ്പെടുത്തുവാനോ സാധിക്കില്ല. ഇമേജിന് പാലക്കാട്ടെ പ്ലാന്റിന്റെ 75 കിലോമീറ്റര്‍ ദൂരത്തിനപ്പുറത്തുള്ള മാലിന്യം ശേഖരിക്കാനുമാവില്ല. ഇത് സംസ്ഥാനത്തെ ഒട്ടുമിക്ക ആശുപത്രികളിലും കോവിഡ് മാലിന്യം ഉള്‍പ്പെടെയുള്ള ബയോമെഡിക്കല്‍ മാലിന്യങ്ങളുടെ കൂമ്പാരം തന്നെ സൃഷ്ടിക്കും.
സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ് പൗരന്‍മാരുടെ ആരോഗ്യ സംരക്ഷണവും പരിസ്ഥിതി സംരക്ഷണവും. ബയോമെഡിക്കല്‍ സംസ്‌കരണം വലിയ പ്രതിസന്ധി നേരിട്ടപ്പോഴാണ് 18 വര്‍ഷം മുമ്പ് ഐ.എം.എ സംസ്ഥാന ഘടകം സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ച് സംസ്ഥാനത്തെ ബയോമെഡില്‍ മാലിന്യ മുക്തമാക്കിയത്. കോവിഡ് മാലിന്യം ഉള്‍പ്പെടെയുള്ളവ ശാസ്ത്രീയമായി ഇപ്പോഴും സംസ്‌കരിച്ചുവരുന്നു. പുതിയ പ്ലാന്റുകള്‍ വരുന്നതിനെ ഐഎംഎ സ്വാഗതം ചെയ്യുന്നു. എന്നാല്‍ സാമൂഹിക നീതിക്ക് നിരക്കാത്ത സര്‍ക്കാര്‍ ഉത്തരവിനെതിരെയാണ് കോടതിയെ സമീപിക്കുന്നതെന്ന് ഡോ. പി ടി സഖറിയാസും സെക്രട്ടറി ഡോ.പി ഗോപികുമാറും പറഞ്ഞു.