കട്ടപ്പനയിൽ നിന്ന് ആനക്കൊമ്പ് പിടികൂടിയ സംഭവം; പ്രതികളിലൊരാൾ പിടിയിൽ

ആ​ഗസ്ത് പത്തിനാണ് കട്ടപ്പനയ്ക്ക് സമീപം കരിമ്പാനിപ്പടിയിൽ വച്ച് വിൽപ്പനക്കായി കാറിൽ കൊണ്ടു വന്ന ആനക്കൊമ്പ് വനം വകുപ്പ് പിടികൂടിയത്.

Update: 2022-09-20 19:13 GMT

കട്ടപ്പന: ഇടുക്കി കട്ടപ്പനയിൽ നിന്ന് കഴിഞ്ഞ മാസം ആനക്കൊമ്പ് പിടികൂടിയ സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളിലൊരാളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാർ വള്ളക്കടവ് സ്വദേശി തിരുവേലിയ്ക്കൽ ജിതേഷാണ് പിടിയിലായത്. കേസിലെ മൂന്നാം പ്രതിയാണ് ജിതേഷ്. കേസിൽ രണ്ടു പേർ കൂടി പിടിയിലാകാനുണ്ട്.

ആ​ഗസ്ത് പത്തിനാണ് കട്ടപ്പനയ്ക്ക് സമീപം കരിമ്പാനിപ്പടിയിൽ വച്ച് വിൽപ്പനക്കായി കാറിൽ കൊണ്ടു വന്ന ആനക്കൊമ്പ് വനം വകുപ്പ് പിടികൂടിയത്. കേസിലെ ഇടനിലക്കാരനാണ് വള്ളക്കടവ് സ്വദേശിയായ തിരുവേലിയ്ക്കൽ ജിതേഷ്. അറസ്റ്റിലായ ജിതേഷിനെ കട്ടപ്പന കോടതിയിൽ ഹാജരാക്കി. കോടതി ഇയാൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു.

സുവർണ്ണഗിരിയിൽ വാടയ്ക്ക് താമസിക്കുന്ന കണ്ണംകുളം അരുണിന്റെ കാറിൽ നിന്നാണ് ആനക്കൊമ്പ് പിടികൂടിയത്. പന്ത്രണ്ട് ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിച്ച് ആനക്കൊമ്പ് മറ്റൊരു സംഘത്തിന് കൈമാറാൻ കാറിൽ കാത്ത് നിൽക്കുമ്പോഴാണ് പിടിയിലായത്. ജിതേഷിൽ നിന്നാണ് അരുണും ഇയാളുടെ സഹോദരീ ഭർത്താവ് ബിബിനും 6 ലക്ഷം രൂപയ്ക്ക് ആനക്കൊമ്പ് വാങ്ങിയത്. 

Similar News