ബോബി ചെമ്മണ്ണൂരിനെ കാത്ത് ജയിലിന് മുമ്പില്‍ നിരവധി പേര്‍

Update: 2025-01-14 12:39 GMT

കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗികാതിക്ഷേപം നടത്തിയെന്ന കേസില്‍ ജാമ്യം ലഭിച്ച പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിനെ സ്വീകരിക്കാന്‍ ജയിലിന് മുന്നില്‍ നിരവധി പേര്‍. കാക്കനാട് ജില്ലാ ജയിലിന് മുമ്പില്‍ സ്ത്രീകളടക്കം നൂറുകണക്കിനു പേരാണ് തടിച്ചുകൂടിയിരിക്കുന്നത്. ബോബിക്ക് സ്വീകരണം നല്‍കാന്‍ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ നേതാവ് വട്ടിയൂര്‍കാവ് അജിത്കുമാര്‍ അടക്കമുള്ളവരും ജയിലിന് സമീപമുണ്ട്. കോടതിയില്‍ നിന്നുള്ള ജാമ്യ ഉത്തരവ് ജയിലില്‍ എത്തിയാല്‍ ബോബി ചെമ്മണ്ണൂര്‍ പുറത്തിറങ്ങും. ജസ്റ്റീസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

50,000 രൂപയുടെ ബോണ്ട്, രണ്ട് പേരുടെ ആള്‍ജാമ്യം, ആവശ്യപ്പെടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പില്‍ ഹാജരാകണം എന്നിവയാണ് ജാമ്യവ്യവസ്ഥകള്‍. ബോബി ചെമ്മണ്ണൂര്‍ കുറ്റം ചെയ്തതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി ജാമ്യവിധി പറയുന്നു. ബോഡി ഷെയ്മിങ് സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതല്ല.

സ്ത്രീയെ വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നവര്‍ സ്വയം വിലയിരുത്തണമെന്നും കോടതി വ്യക്തമാക്കി. വ്യക്തിയുടെ ശരീരത്തെ കുറിച്ചുള്ള പ്രസ്താവനകള്‍ ഒഴിവാക്കണം. ഒരു സ്ത്രീയുടെ രൂപം കണ്ടാണ് നിങ്ങള്‍ അവളെ വിലയിരുത്തുന്നതെങ്കില്‍, നിങ്ങള്‍ക്ക് തെറ്റി, അത് നിങ്ങളെ തന്നെയാണ് വിലയിരുത്തുന്നതെന്നും ഉത്തരവില്‍ പറയുന്നു. വ്യത്യസ്തമായ ശരീരപ്രകൃതി ഉള്ളവരാണ് മനുഷ്യര്‍. ചിലര്‍ തടിച്ചവരാകാം ചിലര്‍ മെലിഞ്ഞവരാകാം. എന്നാല്‍ അതിന്റെ പേരില്‍ ബോഡി ഷെയ്മിംഗ് നടത്തുന്നത് ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Similar News