ഇന്ത്യന്‍ മഹാസമുദ്രത്തിലെ സുരക്ഷാഭീഷണികള്‍ നേരിടാന്‍ നാവിക സേന കൂടുതല്‍ സന്നാഹം ഒരുക്കും: ദക്ഷിണ മേഖല നാവികസേനാ മേധാവി

കൊച്ചി കപ്പല്‍ശാലയില്‍ തദ്ദേശിയമായി നിര്‍മിക്കുന്ന വിമാനവാഹിനി കപ്പല്‍ 2021ല്‍ കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്തവര്‍ഷം പകുതിയോടെ കടലിലിറക്കി പരീക്ഷണയോട്ടം നടത്തുമെന്നും ദക്ഷിണ മേഖല നാവികസേനാ മേധാവി വൈസ് അഡ്മിറല്‍ എ കെ ചൗള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

Update: 2020-12-02 15:23 GMT

കൊച്ചി: ഇന്ത്യന്‍ മഹാസമുദ്രത്തിലെ സുരക്ഷാഭീഷണികള്‍ നേരിടാന്‍ മുങ്ങിക്കപ്പല്‍ ഉള്‍പ്പെടെ കൂടുതല്‍ സന്നാഹങ്ങള്‍ നാവികസേന ഒരുക്കുമെന്നും പുതിയ സംവിധാനങ്ങള്‍ വികസിപ്പിക്കാന്‍ ഗവേഷണ വികസനപദ്ധതികള്‍ തുടരുകയാണെന്നും ദക്ഷിണ മേഖല നാവികസേനാ മേധാവി വൈസ് അഡ്മിറല്‍ എ കെ ചൗള. നാവികദിനാചരണം പ്രമാണിച്ച് നാവികത്താവളത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കൊച്ചി കപ്പല്‍ശാലയില്‍ തദ്ദേശിയമായി നിര്‍മിക്കുന്ന വിമാനവാഹിനി കപ്പല്‍ 2021ല്‍ കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്തവര്‍ഷം പകുതിയോടെ കടലിലിറക്കി പരീക്ഷണയോട്ടം നടത്തും. തുറമുഖത്തെ പരീക്ഷണയോട്ടം പൂര്‍ത്തിയാക്കി. കപ്പലിന്റെ 80 ശതമാനം നിര്‍മാണവും പൂര്‍ത്തിയാക്കി. പുതിയൊരു വിമാനവാഹിനി കപ്പല്‍ നിര്‍മിക്കുന്നതും പരിഗണനയിലുണ്ടെന്നും വൈസ് അഡ്മിറല്‍ എ കെ ചൗള പറഞ്ഞു.

നാവികസേനക്ക് വേണ്ട കപ്പലുകള്‍ സ്വകാര്യതുറമുഖങ്ങളില്‍ നിര്‍മിക്കുന്നതില്‍ കുഴപ്പമില്ല. സ്വകാര്യമേഖല വിവിധ മേഖലകളില്‍ സേനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും പരിശീലന കപ്പലുകളുള്‍പ്പെടെ ഇതുവഴി നിര്‍മിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.കൊച്ചിയില്‍ ഗ്ലൈഡര്‍ തകര്‍ന്ന് രണ്ടു നാവികര്‍ മരിച്ചത് സംബന്ധിച്ച അന്വേഷണം ഈമാസം പൂര്‍ത്തിയാകും. റിപ്പോര്‍ട്ട് ലഭിച്ചാലേ അപകടകാരണം വ്യക്തമാകൂ. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമുദ്രം വഴിയുള്ള വെല്ലുവിളികളെ നേരിടുക പ്രധാനമാണ്. അത്യാധുനിക സംവിധാനങ്ങള്‍ ഇതിനായി ഉപയോഗിക്കുന്നുണ്ട്. നിരീക്ഷണം ശക്തമാക്കാന്‍ പുതിയവിമാനം സേന വാങ്ങിയിട്ടുണ്ട്. അമേരിക്കയില്‍നിന്ന് പുതിയ ഹെലികോപ്ടര്‍ വാങ്ങാന്‍ നടപടികളായി.

മുങ്ങിക്കപ്പലുകള്‍ ഇന്ത്യന്‍ സമുദ്രമേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ മുങ്ങിക്കപ്പല്‍ നിര്‍മാണം ചര്‍ച്ചകളിലാണ്. സമുദ്രത്തിലെ യുദ്ധസന്നാഹങ്ങള്‍ വിപുലമാക്കും. ഇതുസംബന്ധിച്ച് പ്രതിരോധ ഗവേഷണ വികസനസ്ഥാപനവും (ഡിആര്‍ഡിഒ) നേവല്‍ ഫിസിക്കല്‍ ആന്‍ഡ് ഓഷ്യാനോഗ്രഫിക് ലാബോറട്ടറിയും (എന്‍പിഒഎല്‍) പരിശ്രമങ്ങള്‍ തുടരുകയാണ്. തീരദേശസുരക്ഷക്ക് വിവിധ ഏജന്‍സികളുമായി ചേര്‍ന്ന് നാവികസേന സംയുക്ത നീക്കങ്ങള്‍ നടത്തുന്നുണ്ട്. മല്‍സ്യത്തൊഴിലാളികളുടെ പങ്കാളിത്തം നിര്‍ണായകമാണ്. സംശയകരമായ കാര്യങ്ങള്‍ അറിയിക്കാന്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് കഴിയും. ബോട്ടുകളില്‍ ആശയവിനിമയ സംവിധാനം സ്ഥാപിക്കണം. ഐഎസ്ആര്‍ഒയും കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുമായി ബന്ധപ്പെട്ട് ഇതിന് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News