എയര്‍പോര്‍ട്ടുകളില്‍ ഇന്‍ഫ്രാറെഡ് വാക്ക് ത്രൂ തെര്‍മല്‍ സ്‌കാനറുകള്‍

തിരുവനന്തപുരം വിമാനത്താവളം (അന്താരാഷ്ട്രം, ആഭ്യന്തരം), നെടുമ്പാശ്ശേരി വിമാനത്താവളം, കോഴിക്കോട് വിമാനത്താവളം (അന്താരാഷ്ട്രം, ആഭ്യന്തരം), കണ്ണൂര്‍ വിമാനത്താവളം (അന്താരാഷ്ട്രം, ആഭ്യന്തരം), കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് വാക്ക് ത്രൂ തെര്‍മല്‍ സ്‌കാനറുകള്‍ സ്ഥാപിക്കുന്നത്.

Update: 2020-05-21 11:55 GMT

തിരുവനന്തപുരം: നാല് പ്രധാന എയര്‍പോര്‍ട്ടുകളിലും ഒരു റെയില്‍വേ സ്റ്റേഷനിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തിയ 8 വാക്ക് ത്രൂ തെര്‍മല്‍ സ്‌കാനറുകള്‍ കെഎംഎസ്സിഎല്‍ മുഖാന്തരം വാങ്ങിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. തിരുവനന്തപുരം വിമാനത്താവളം (അന്താരാഷ്ട്രം, ആഭ്യന്തരം), നെടുമ്പാശ്ശേരി വിമാനത്താവളം, കോഴിക്കോട് വിമാനത്താവളം (അന്താരാഷ്ട്രം, ആഭ്യന്തരം), കണ്ണൂര്‍ വിമാനത്താവളം (അന്താരാഷ്ട്രം, ആഭ്യന്തരം), കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് വാക്ക് ത്രൂ തെര്‍മല്‍ സ്‌കാനറുകള്‍ സ്ഥാപിക്കുന്നത്. കൊവിഡ് 19 വ്യാപനകാലത്ത് തിരക്കേറിയ എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍, മറ്റ് പ്രധാന ഓഫിസ് സമുച്ചയങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വരുന്ന ഓരോരുത്തരുടേയും ശരീര ഊഷ്മാവ് പ്രത്യേകം ടെസ്റ്റ് ചെയ്യുന്നതിന് സാങ്കേതികമായി ബുദ്ധിമുട്ടുണ്ട്. ഇത് പരിഹരിക്കാനാണ് നൂതന സാങ്കേതികവിദ്യയുള്ള തെര്‍മല്‍ സ്‌കാനറുകള്‍ സ്ഥാപിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തി വാക്ക് ത്രൂ തെര്‍മല്‍ സ്‌കാനറുകള്‍ ഉപയോഗിച്ച് ഒരു വഴിയിലൂടെ കടന്നുപോവുന്ന ഒന്നില്‍ കൂടുതല്‍ ആളുകളുടെ ശരീര ഊഷ്മാവ് ഒരേസമയം പരിശോധിക്കാനാവും. ഈ ഉപകരണത്തിന്റെ കപ്പാസിറ്റി അനുസരിച്ച് 3 മീറ്റര്‍ ചുറ്റളവില്‍ ഏകദേശം 10 ആള്‍ക്കാരുടെ വരെ ശരീര ഊഷ്മാവ് വേര്‍തിരിച്ച് കാണാന്‍ സാധിക്കും. കൂടാതെ ഓരോരുത്തരുടേയും മുഖം പ്രത്യേകം കാമറയില്‍ ചിത്രീകരിക്കാനും കഴിയും. ആളുകളുടെ ശരീരത്തില്‍ സ്പര്‍ശിക്കാതെ ശരീര ഊഷ്മാവ് കണ്ടെത്തുന്നതിന് ഇന്‍ഫ്രാറെഡ് കാമറയാണ് ഉപയോഗിക്കുന്നത്. ആളുകള്‍ ഏകദേശം 3.2 മീറ്റര്‍ ദൂരത്ത് എത്തുമ്പോള്‍ തന്നെ ശരീര ഊഷ്മാവും മുഖചിത്രവും ലഭ്യമാവും.

തുടര്‍ന്ന് താപവ്യതിയാനമുള്ള ഓരോ ആളിനേയും നിമിഷങ്ങള്‍ക്കുള്ളില്‍ തിരിച്ചറിയാനും തുടര്‍ന്ന് മറ്റ് പരിശോധനകള്‍ക്ക് മാറ്റാനും സാധിക്കും. ഈ മെഷീനോടൊപ്പം ലഭ്യമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സോഫ്റ്റ് വെയര്‍ ശരീര ഊഷ്മാവ് സാധാരണ നിലയിലുള്ളവരുടേയും വ്യതിയാനമുള്ളവരുടേയും ചിത്രം തനിയെ പകര്‍ത്തുന്നു. കൂടാതെ ഈ ഉപകരണത്തിലൂടെ കടന്നുപോവുന്ന ആളുകളുടെ എണ്ണവും തനിയെ കണക്കാക്കപ്പെടുകയും ചെയ്യും. മറ്റ് താപനില കൂടിയ ഉപകരണങ്ങളെ തിരിച്ചറിയുകയും അവയെ ആളുകളുടെ എണ്ണത്തില്‍നിന്നും ഒഴിവാക്കുകയും ചെയ്യുന്നു. താപനില കൂടിയ ആള്‍ക്കാരെ കണ്ടുപിടിച്ചാലുടന്‍ ഉപകരണം ശബ്ദമുന്നറിയിപ്പും നല്‍കും. ആളുകള്‍ കൂടുതലായി വന്നുപോവുന്ന ഏത് സ്ഥലത്തും ഓരോരുത്തരുടേയും ശരീര ഊഷ്മാവ് പ്രത്യേകം കണ്ടെത്തുന്നതിന് ഈ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്.

Tags:    

Similar News