കെകെ ഷാഹിനയ്ക്ക് അന്താരാഷ്ട്ര പുരസ്‌കാരം; പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളി

അവരെ മതം പറഞ്ഞ് വലതുപക്ഷ സംഘങ്ങള്‍ നിരന്തരമായി ആക്രമിക്കുന്നുണ്ടെന്നും ജൂറി വിലയിരുത്തി.

Update: 2023-06-30 06:35 GMT

ഡല്‍ഹി: അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരത്തിന് മലയാളിയായ 'ഔട്ട് ലുക്ക്' സീനിയര്‍ എഡിറ്റര്‍ കെകെ ഷാഹിന അര്‍ഹയായി. കമ്മിറ്റി റ്റു പ്രൊട്ടക്റ്റ് ജേര്‍ണലിസ്റ്റ്സിന്റെ പുരസ്‌കാരമാണ്. നിക ഗ്വറാമിയ (ജോര്‍ജിയ), മരിയ തെരേസ മൊണ്ടാന (മെക്‌സിക്കോ),ഫെര്‍ഡിനാന്‍ഡ് അയിറ്റെ (ടോഗോ) എന്നിവരെയും ഷാഹിനയ്‌ക്കൊപ്പം പുരസ്‌ക്കാരത്തിന് തെരഞ്ഞെടുത്തിട്ടുണ്ട്. പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളിയാണ് ഷാഹിന. കരിനിയമമായ യുഎപിഎ ചുമത്തപ്പെട്ട് വിചാരണ നേരിടുന്ന ആദ്യത്തെ മാധ്യമപ്രവര്‍ത്തകയാണ് ഷാഹിനയെന്ന് പുരസ്‌കാര സമിതി ചൂണ്ടിക്കാട്ടി. 2008 ലെ ബെംഗളൂരു സ്‌ഫോടനക്കേസില്‍ പൊലീസ് സാക്ഷിമൊഴികള്‍ വളച്ചൊടിച്ചു എന്ന് റിപ്പോര്‍ട്ട് ചെയ്തതിനാണ് ഈ കേസ്. മതന്യൂനപക്ഷങ്ങള്‍ക്കും ദുര്‍ബലജാതി വിഭാഗങ്ങള്‍ക്കും വേണ്ടിയെഴുതുന്ന ഷാഹിനയെ നിശബ്ദയാക്കാന്‍, അവരെ മതം പറഞ്ഞ് വലതുപക്ഷ സംഘങ്ങള്‍ നിരന്തരമായി ആക്രമിക്കുന്നുണ്ടെന്നും ജൂറി വിലയിരുത്തി.


നിലവില്‍ ഔട്ട് ലുക്ക് മാഗസിന്റെ സീനിയര്‍ എഡിറ്ററായ ഷാഹിന 1997 മുതല്‍ 2007 വരെ ഏഷ്യാനെറ്റ് ന്യൂസില്‍ പ്രവര്‍ത്തിച്ചു. പിന്നീട് ജനയുഗം, തെഹല്‍ക്ക, ദ ഓപ്പണ്‍, ദ ഫെഡറല്‍ തുടങ്ങിയ മാധ്യമങ്ങളിലും ജോലി ചെയ്തു. തൃശൂര്‍ കേരള വര്‍മ കോളേജില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയശേഷം കേരള പ്രസ് അക്കാദമിയില്‍ നിന്ന് ജേര്‍ണലിസം ഡിപ്ലോമ നേടി. തുടര്‍ന്ന് എറണാകുളം ലോ കോളേജില്‍ നിന്നും നിയമബിരുദം. ബെംഗളൂരിലെ നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യയില്‍ നിന്നും ഹ്യൂമന്‍ റൈറ്റ്‌സ് ലോയില്‍ പി ജി ഡിപ്ലോമയും നേടി. 2010 ലെ മികച്ച വനിതാ റിപ്പോര്‍ട്ടര്‍ക്കുള്ള ചാമേലി ദേവി ജെയ്ന്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.







Tags:    

Similar News