സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്ന കേസ്; യുഎപിഎ ചുമത്തിയതിനെതിരേയുള്ള കെ കെ ഷാഹിനയുടെ ഹരജി കര്‍ണാടക ഹൈക്കോടതി തള്ളി

Update: 2021-12-29 02:07 GMT

ബെംഗളൂരു: മലയാളി മാധ്യമപ്രവര്‍ത്തക കെ കെ ഷാഹിനക്കും മറ്റ് രണ്ട് പേര്‍ക്കുമെതിരേ ചുമത്തിയ യുഎപിഎ, റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. കെ കെ ഷാഹിന, കാസര്‍കോഡ് സ്വദേശി സുബൈര്‍ പടുപ്പ്, കുടക് മടിക്കേരി യലവിദഹള്ളി സ്വദേശി ഉമ്മര്‍ മൗലവി തുടങ്ങിയവര്‍ നല്‍കിയ രഹജിയാണ് ഹൈക്കോടതി തള്ളിയത്. കര്‍ണാടക സോമവാര്‍പേട്ട് സിദ്ധാപുരം സ്റ്റേഷനുകളിലായി 2010ലാണ് ഇവര്‍ക്കെതിരേയുള്ള കേസ് രജിസ്റ്റര്‍ ചെയ്തത്.

പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി പ്രതിയായ ബെംഗളൂരു സ്‌ഫോടനക്കേസിലെ സാക്ഷിമൊഴി നല്‍കിയ കുടക് സ്വദേശി കെ ബി റഫീഖ്, ബിജെപി പ്രവര്‍ത്തകന്‍ കെ കെ യോഗാനന്ദ് എന്നിവരെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. 

മഅ്ദനിയെ കുടകില്‍ വച്ച് കണ്ടെന്നാണ് സാക്ഷികള്‍ മൊഴിനല്‍കിയത്. ഇവരെ അഭിമുഖം നടത്താന്‍ ശ്രമിച്ചതിനാണ് കെ കെ ഷാഹിനയ്ക്കും മറ്റ് രണ്ട് പേര്‍ക്കുമെതിരേ കേസെടുത്തത്. കെ കെ ഷാഹിന ആ സമയത്ത് തെഹല്‍ക്ക റിപോര്‍ട്ടറായിരുന്നു. അഭിമുഖത്തില്‍ മഅ്ദനി കേസിലെ സാക്ഷിമൊഴികള്‍ രണ്ട് സാക്ഷികളും നിഷേധിച്ചു.

ജസ്റ്റിസ് എന്‍ കെ സുധീദ്ര റാവുവിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സര്‍ക്കാരിനുവേണ്ടി അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ആര്‍ സുബ്രഹ്മണ്യ ഹാജരായി.

Tags:    

Similar News