ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന: സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യം

Update: 2021-06-25 10:17 GMT

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യം. സിബിഐ കേസില്‍ നാലാം പ്രതിയായ സിബി മാത്യൂസിന് തിരുവനന്തപുരം ജില്ലാ കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കേസില്‍ സിബിഐ പ്രാഥമിക അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണു സിബിഐ ഡല്‍ഹി യൂനിറ്റ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. കേരള പോലിസിലെയും ഐബിയിലെയും മുന്‍ ഉദ്യോഗസ്ഥര്‍ അടക്കം 18 പേരാണ് പ്രതികള്‍.

മുന്‍ ഡിജിപി സിബി മാത്യൂസ് നാലാം പ്രതിയും ഐബി മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ ബി ശ്രീകുമാര്‍ ഏഴാം പ്രതിയും ഐബി മുന്‍ ജോയിന്റ് ഡയറക്ടര്‍ മാത്യു ജോണ്‍ 13ാം പ്രതിയുമാണ്. പേട്ട മുന്‍ സിഐ എസ് വിജയനാണ് ഒന്നാം പ്രതി. പേട്ട മുന്‍ എസ്‌ഐ തമ്പി എസ് ദുര്‍ഗാദത്ത് രണ്ടാം പ്രതിയും തിരുവനന്തപുരം മുന്‍ സിറ്റി പോലിസ് കമ്മീഷണര്‍ വി ആര്‍ രാജീവന്‍ മൂന്നാം പ്രതിയുമാണ്. കെ കെ ജോഷ്വ, രവീന്ദ്രന്‍, സി ആര്‍ ആര്‍ നായര്‍, ജി എസ് നായര്‍, കെ വി തോമസ്, ജയപ്രകാശ്, മുന്‍ ഐജി ബാബുരാജ്, ജോണ്‍ പുന്നന്‍, ബേബി, യോഗേഷ്, ഡല്‍ഹിയില്‍നിന്നുള്ള ഐബി ഉദ്യോഗസ്ഥരായ ദിനകര്‍, വി കെ മെയ്‌നി എന്നിവരാണ് മറ്റു പ്രതികള്‍.

ഇവരില്‍ വി ആര്‍ രാജീവന്‍, മുന്‍ ഐബി ഉദ്യോഗസ്ഥന്‍ ബേബി എന്നിവര്‍ ജീവിച്ചിരിപ്പില്ല. ഡിവൈഎസ്പി സന്തോഷ് തുകറാന്‍ ഓണ്‍ലൈന്‍ മുഖേനയാണ് സിജിഐം കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. പ്രതികള്‍ക്കെതിരേ ഗൂഢാലോചനയ്ക്കും മര്‍ദ്ദനത്തിനും വകുപ്പുകള്‍ ചേര്‍ത്തു. പ്രതികള്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അപകടപ്പെടുത്താന്‍ തെറ്റായ രേഖകള്‍ ചമച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു. സുപ്രിംകോടതി നിര്‍ദ്ദേശപ്രകാരമാണ് മെയ് മാസം സിബിഐ കേസ് ഏറ്റെടുത്തത്.

Tags:    

Similar News