സെന്‍കുമാറിനെ ഡിജിപിയാക്കിയത് മഹാ അപരാധം; കൈകൂപ്പി ചെന്നിത്തല

മഹേഷ് കുമാര്‍ സിംഗ്ല എന്ന ഐപിഎസ് ഓഫിസറായിരുന്നു സെന്‍കുമാറിന്റെ സ്ഥാനത്ത് ഡിജിപിയാവേണ്ടിയിരുന്നത്. ഒരു മലയാളി സ്ഥാനത്തേക്ക് വരട്ടെയെന്ന് ചിന്തിച്ചാണ് ആ തീരുമാനമെടുത്തത്. അല്ലാതെ മറ്റൊന്നും ആലോചിച്ചില്ല.

Update: 2020-01-08 10:16 GMT

തിരുവനന്തപുരം: താന്‍ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് ടി പി സെന്‍കുമാര്‍ ഐപിഎസിനെ ഡിജിപി സ്ഥാനത്ത് നിയമിച്ചത് ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ മഹാ അപരാധമായിപ്പോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതിന്റെ ഫലം ഇപ്പോള്‍ നമ്മളെല്ലാം അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയായിരുന്നു കൈ കൂപ്പിയുള്ള ചെന്നിത്തലയുടെ കുറ്റസമ്മതം. മഹേഷ് കുമാര്‍ സിംഗ്ല എന്ന ഐപിഎസ് ഓഫിസറായിരുന്നു സെന്‍കുമാറിന്റെ സ്ഥാനത്ത് ഡിജിപിയാവേണ്ടിയിരുന്നത്. ഒരു മലയാളി സ്ഥാനത്തേക്ക് വരട്ടെയെന്ന് ചിന്തിച്ചാണ് ആ തീരുമാനമെടുത്തത്. അല്ലാതെ മറ്റൊന്നും ആലോചിച്ചില്ല.

എന്ത് ചെയ്യാനാണ്. ചക്കയാണോല്‍ തുരന്നുനോക്കാം. ഇതിപ്പോ എന്ത് ചെയ്യുമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. സമീപകാലത്തെ സെന്‍കുമാറിന്റെ പ്രസ്താവനകളും നിലപാടുകളും വന്‍ വിവാദത്തിന് വഴിവച്ചുകൊണ്ടിരിക്കവെയാണ് ചെന്നിത്തലയുടെ തുറന്നുപറച്ചില്‍. ആഭ്യന്തരമന്ത്രിയായിരിക്കെ രമേശ് ചെന്നിത്തല ഡിജിപിയാക്കിയ സെന്‍കുമാറിനെ പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിന് പിന്നാലെ സ്ഥാനത്തുനിന്നും മാറ്റി. ഇതിന്റെ പേരില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചും സെന്‍കുമാറിനെ സംരക്ഷിച്ചും നിയമസഭയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍, സെന്‍കുമാര്‍ ഇപ്പോള്‍ നിങ്ങളുടെ കൂടെയല്ലെന്നും പുതിയ കൂടാരത്തിലാണെന്നും പിണറായി വിജയന്‍ പ്രതിപക്ഷത്തെ ഓര്‍മിപ്പിക്കുകയും ചെയ്തു.

ഡിജിപി സ്ഥാനത്തുനിന്ന് പുറത്താക്കിയ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ കോടതിയെ സമീപിച്ച സെന്‍കുമാര്‍ പിന്നീട് ഡിജിപി സ്ഥാനത്ത് തിരികെയെത്തിയാണ് സര്‍വീസില്‍നിന്നും വിരമിച്ചത്. അതിന് ശേഷവും സെന്‍കുമാര്‍ സമര്‍ഥനായ ഉദ്യോഗസ്ഥനാണെന്നാണ് തന്റെ അനുഭവമെന്നാണ് ചെന്നിത്തല ഒരിക്കല്‍ പ്രശംസിച്ചിട്ടുള്ളത്. തുടര്‍ന്ന് പ്രസംഗങ്ങളിലും സോഷ്യല്‍ മീഡിയകളിലും ആര്‍എസ്എസ്സിനെയും ബിജെപിയെയും അനുകൂലിച്ചും മതസ്പര്‍ധ ഉളവാക്കുന്ന തരത്തിലും പരാമര്‍ശങ്ങള്‍ നടത്തിയത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കുകയും ചെയ്തു. ഇപ്പോള്‍ ബിജെപിയില്‍ സജീവപ്രവര്‍ത്തനം നടത്തുന്ന സെന്‍കുമാര്‍ ശബരിമല കര്‍മസമിതിയുടെ ദേശീയ തലത്തിലുള്ള നേതാവുകൂടിയാണ്. 

Tags:    

Similar News