ജമ്മു-കശ്മീര്‍: കോണ്‍ഗ്രസിന്റെ അടിയന്തര രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്
ഇന്ത്യയുടെ ജനാധിപത്യത്തെയും ബഹുസ്വരതയെയും കശാപ്പു ചെയ്ത കറുത്ത ദിനമായി ആഗസ്ത് അഞ്ച് ചരിത്രത്തില്‍ ഇടംപിടിക്കും. കശ്മീരിനെ ഇന്ത്യയോടു ചേര്‍ത്തു നിര്‍ത്തിയത് ഈ പ്രത്യേക അധികാരാവകാശങ്ങളായിരുന്നു.
തിരുവനന്തപുരം: ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും കശ്മീരിനെ വിഭജിക്കുകയും ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന്റെ അടിയന്തര രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്. കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടിയുടെ പശ്ചാത്തലത്തിലാണു യോഗം വിളിച്ചതെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.
ഇന്ത്യയുടെ ജനാധിപത്യത്തെയും ബഹുസ്വരതയെയും കശാപ്പു ചെയ്ത കറുത്ത ദിനമായി ആഗസ്ത് അഞ്ച് ചരിത്രത്തില്‍ ഇടംപിടിക്കും. കശ്മീരിനെ ഇന്ത്യയോടു ചേര്‍ത്തു നിര്‍ത്തിയത് ഈ പ്രത്യേക അധികാരാവകാശങ്ങളായിരുന്നു. അവ റദ്ദാക്കിയതോടെ വരാനിരിക്കുന്നത് അശാന്തിയുടെ നാളുകളായിരിക്കുമെന്നു മുല്ലപ്പള്ളി പറഞ്ഞു.
ഭരണഘടനയെയും ജനാധിപത്യത്തെയും കുരുതി കൊടുക്കുന്ന തീരുമാനമാണു സംഘപരിവാര്‍ സര്‍ക്കാര്‍ കശ്മീര്‍ വിഭജനത്തിലൂടെ നടപ്പിലാക്കിയതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ആര്‍എസ്എസ്, സംഘപരിവാര്‍ അജന്‍ഡ ഇതിലൂടെ വ്യക്തമായി. ഇത് ഇന്ത്യയ്ക്ക് ആപത്താണ്. ഈ വിഭജനത്തിലൂടെ കശ്മീരിനെ മാത്രമല്ല ഇന്ത്യയിലെ ജനങ്ങളെയുമാണു മോദിയും അമിത് ഷായും വിഭജിച്ചിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.