ജെഎന്‍യു സമരം, കശ്മീര്‍ പരാമര്‍ശം; പാര്‍വതി നായികയായ 'വര്‍ത്തമാന'ത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ്
ചിത്രം ദേശവിരുദ്ധമാണെന്നും മതസൗഹാര്‍ദം തകര്‍ക്കുന്നതാണെന്നുമാണ് സെന്‍സര്‍ ബോര്‍ഡിന്റെ ആരോപണം. ചിത്രം കൂടുതല്‍ പരിശോധനയ്ക്കായി റിവൈസിങ് കമ്മിറ്റിക്ക് അയച്ചിരിക്കുകയാണ്. ചെയര്‍മാന്‍ തീരുമാനമെടുക്കുംവരെ ചിത്രം പ്രദര്‍ശിപ്പിക്കാനാവില്ല.
കോഴിക്കോട്: പാര്‍വതി തിരുവോത്ത് നായികയായ സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത 'വര്‍ത്തമാനം' ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചു. റീജ്യനല്‍ സെന്‍സര്‍ ബോര്‍ഡാണ് ചിത്രത്തിന്റെ പ്രദര്‍ശനം തടഞ്ഞത്. ജെഎന്‍യു സമരം, കശ്മീര്‍ സംബന്ധമായ പരാമര്‍ശം എന്നിവ മുന്‍നിര്‍ത്തിയാണ് അനുമതി നിഷേധിച്ചതെന്നാണ് റിപോര്‍ട്ടുകള്‍. ചിത്രം ദേശവിരുദ്ധമാണെന്നും മതസൗഹാര്‍ദം തകര്‍ക്കുന്നതാണെന്നുമാണ് സെന്‍സര്‍ ബോര്‍ഡിന്റെ ആരോപണം. ചിത്രം കൂടുതല്‍ പരിശോധനയ്ക്കായി റിവൈസിങ് കമ്മിറ്റിക്ക് അയച്ചിരിക്കുകയാണ്. ചെയര്‍മാന്‍ തീരുമാനമെടുക്കുംവരെ ചിത്രം പ്രദര്‍ശിപ്പിക്കാനാവില്ല.
കേരളത്തില്‍നിന്ന് ഡല്‍ഹിയിലേക്ക് ഉപരിപഠനത്തിനെത്തുന്ന കഥാപാത്രത്തെയാണ് പാര്‍വതി തിരുവോത്ത് വര്‍ത്തമാനത്തില്‍ അവതരിപ്പിക്കുന്നത്. ഫാസിയ സൂഫിയ എന്ന ഗവേഷക വിദ്യാര്‍ഥിയായാണ് പാര്‍വതിയെത്തുന്നത്. സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയെഴുതിയത് ആര്യാടന്‍ ഷൗക്കത്താണ്. ചിത്രത്തിന്റെ ചിലഭാഗങ്ങള്‍ കട്ട് ചെയ്ത് മാറ്റണമെന്ന് കേരളത്തിലെ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ അണിയറ പ്രവര്‍ത്തകരെ അറിയിച്ചിരുന്നു. റോഷന്‍ മാത്യു, സിദ്ദീഖ്, നിര്‍മല്‍ പാലാഴി എന്നിവരും വര്‍ത്തമാനത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളിലെത്തുന്നുണ്ട്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീറും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
അതേസമയം, ചിത്രത്തിന്റെ പ്രദര്‍ശനത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ സെന്‍സര്‍ ബോര്‍ഡ് അംഗമായ ബിജെപി നേതാവിന്റെ ട്വീറ്റ് വിവാദമായിരിക്കുകയാണ്. സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കുന്നത് തിരക്കഥാകൃത്തിന്റെ കുലവും ഗോത്രവും നോക്കിയാണോയെന്ന് വിമര്‍ശിച്ച് തിരക്കഥാകൃത്ത് ആര്യാടന്‍ ഷൗക്കത്ത് രംഗത്തുവന്നു. ഡല്‍ഹി കാംപസിലെ വിദ്യാര്‍ഥി സമരത്തെക്കുറിച്ച് പറഞ്ഞാല്‍ എങ്ങനെയാണ് ദേശവിരുദ്ധമാവുന്നത്. അപ്രഖ്യാപിത സാംസ്‌കാരിക അടിയന്തരാവസ്ഥ അംഗീകരിക്കാനാവില്ലെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. സെന്‍സര്‍ ബോര്‍ഡ് അംഗം ബിജെപി നേതാവ് അഡ്വ.വി സന്ദീപ്കുമാറിന്റെ ട്വീറ്റില്‍ എല്ലാമുണ്ട്.
ജെഎന്‍യു സമരത്തിലെ ദലിത്, മുസ്‌ലിം പീഡനമായിരുന്നു വിഷയമെന്നും താന്‍ സിനിമയെ എതിര്‍ത്തതിന് കാരണം സിനിമയുടെ തിരക്കഥാകൃത്തും നിര്‍മാതാവും ആര്യാടന്‍ ഷൗക്കത്തായിരുന്നു എന്നുമാണ് അദ്ദേഹം പരസ്യമായി പ്രഖ്യാപിക്കുന്നത്. ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് റിപബ്ലിക്കായ ഇന്ത്യയിലാണ് നമ്മള്‍ ഇപ്പോഴും ജീവിക്കുന്നതെന്നും ആര്യാടന്‍ ഷൗക്കത്ത് കൂട്ടിച്ചേര്‍ത്തു. രഹസ്യസ്വഭാവമുള്ള സെന്‍സറിങ് വിവരങ്ങള്‍ അംഗങ്ങള്‍ പരസ്യമാക്കരുതെന്നാണ് ചട്ടം. ഇതിനൊപ്പം എതിര്‍പ്പറിയിച്ചതിന് നിരത്തിയ കാരണങ്ങളും ചര്‍ച്ചയായതോടെ സന്ദീപ് ട്വീറ്റ് പിന്‍വലിച്ചു. എന്നാല്‍, ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ഡൽഹി ക്യാമ്പസ്സിലെ വിദ്യാര്‍ത്ഥി സമരത്തെകുറിച്ച പറഞ്ഞാല്‍, ഇന്ത്യയിലെ ജനാധിപത്യ പോരാട്ടത്തെകുറിച്ച് പറഞ്ഞാല്‍...
Posted by Aryadan Shoukath on Sunday, 27 December 2020