ജുമുഅ നമസ്കാരം തടസ്സപ്പെടും; വെള്ളിയാഴ്ച നടത്താന്‍ നിശ്ചയിച്ച അറബിക് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ പരീക്ഷ മാറ്റി
പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് രംഗത്ത് വന്നിരുന്നു.
തിരുവനന്തപുരം: ഈ മാസം ജൂണ്‍ 23ന് (വെള്ളിയാഴ്ച) നടത്താന്‍ നിശ്ചയിച്ച ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ ജൂനിയര്‍ അറബിക് (കാറ്റഗറി നമ്പര്‍ 732/2021) തസ്തികയിലേക്കുള്ള ഓണ്‍ലൈന്‍ പരീക്ഷ മാറ്റി വെച്ചതായി പി എസ് സി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ജുമുഅ നിസ്കാരം തടസ്സപ്പെടുന്ന രീതിയില്‍ വെള്ളിയാഴ്ച നിശ്ചയിച്ച ഹയര്‍സെക്കന്‍ഡറി അറബി അധ്യാപക എച്ച്എസ്എസ്ടി ഓണ്‍ലൈന്‍ പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് രംഗത്ത് വന്നിരുന്നു.
ജൂണ്‍ 23 വെള്ളിയാഴ്ച പകല്‍ 11.15 മുതല്‍ 1.45 വരെയാണ് പരീക്ഷാ സമയം നിശ്ചയിച്ചിരിക്കുന്നത്. ഇത് പരീക്ഷ എഴുതുന്ന ഭൂരിഭാഗം ആളുകളുടെയും ജുമുഅ നിസ്ക്കാരം തടസ്സപ്പെടുത്തുമെന്നാണ് കേരള മുസ്ലീം ജമാഅത്തിന്റെ വാദം. നിലവിലെ സമയക്രമം ഒരുനിലയ്ക്കും അംഗീകരിക്കാനാകില്ല. ബന്ധപ്പെട്ടവര്‍ പ്രായോഗിക സമീപനം സ്വീകരിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശ്വസകരമായ സമയം അനുവദിക്കണമെന്ന് കേരള മുസ്ലീം ജമാഅത്ത് ആവശ്യപ്പെട്ടു.
കേരള മുംസ്ലീം ജമാഅത്ത് മലപ്പുറം ജില്ലാ ഉപാധ്യക്ഷന്‍ വടശ്ശേരി ഹസ്സന് മുസ്ലിയാര് അടക്കമുള്ള നേതാക്കള്‍ ഇക്കാര്യം ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തുവന്നിരുന്നു.