ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാതെ കെ റെയില്‍ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ അനുവദിക്കില്ല: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

ജനങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്ന ചോദ്യങ്ങളാണ് പ്രതിപക്ഷം ചോദിക്കുന്നത്. ദേശദ്രോഹികളെ കൂട്ടി സമരം ചെയ്യുന്ന വികസനവിരുദ്ധരാണ് പ്രതിപക്ഷമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇതാണോ മറുപടിയെന്നും വി ഡി സതീശന്‍ ചോദിച്ചു

Update: 2021-12-18 08:34 GMT

കൊച്ചി: പ്രതിപക്ഷം ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാതെ കെ റെയില്‍ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജനങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്ന ചോദ്യങ്ങളാണ് പ്രതിപക്ഷം ചോദിക്കുന്നത്. ദേശദ്രോഹികളെ കൂട്ടി സമരം ചെയ്യുന്ന വികസനവിരുദ്ധരാണ് പ്രതിപക്ഷമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇതാണോ മറുപടി? കേന്ദ്രത്തിന്റെയും റെയില്‍വെയുടെയും അനുമതിയില്ലാതെയും ഡിപിആര്‍ ഇല്ലാതെ രണ്ടുലക്ഷം കോടി രൂപയുടെ എന്ത് പദ്ധതിയാണിത്? ഈ അസംബന്ധത്തിന് കൂട്ടു നിന്നാല്‍ നാളെ പ്രതിപക്ഷം ജനകീയ വിചാരണയ്ക്ക് വിധേയമാകുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

ഒരു ചോദ്യത്തിനും ഉത്തരമില്ല. സ്ഥലം ഏറ്റെടുത്ത് കണ്‍സള്‍ട്ടന്റിനെ നിയമിക്കണം, ലോണ്‍ എടുക്കണം. ഇതാണ് അവരുടെ ആവശ്യം. ഒരുപാട് അധികാര ദല്ലാള്‍മാര്‍ സെക്രട്ടേറിയറ്റില്‍ കയറിയിറങ്ങുകയാണ്. ജെയ്ക്കയുടെ കൈയ്യില്‍ നിന്നും ലോണ്‍ എടുക്കാനും ഉപകരണങ്ങള്‍ വാങ്ങാനും ആരാണ് തീരുമാനമെടുത്തത്? നേരത്തെ തന്നെ കച്ചവടം ഉറപ്പിച്ചിരിക്കുകയാണ്. അത് കേരളത്തില്‍ നടക്കില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

യുഡിഎഫ് ഒറ്റക്കെട്ടായാണ് കെ റെയില്‍ സമരത്തില്‍ അണിനിരന്നിരിക്കുന്നത്. എംപിമാര്‍ നല്‍കിയ കത്തില്‍ ശശി തരൂര്‍ ഒപ്പിടാതിരുന്ന സാഹചര്യം പാര്‍ട്ടി പരിശോധിക്കും. തരൂര്‍ കെ റെയിലിനെ കുറിച്ച് പഠിച്ചിട്ടില്ലെങ്കില്‍ പഠിക്കട്ടെ. ഒരാള്‍ പഠിക്കട്ടേയെന്നു പറഞ്ഞാല്‍ യുഡിഎഫിലും കോണ്‍ഗ്രസിലും ഭിന്നിപ്പാണെന്നു പറയാനാകുമോ? മുഖ്യമന്ത്രി കേരളത്തില്‍ വികസന മാതൃക ഉണ്ടാക്കുന്നെന്ന് ശശി തരൂര്‍ പറഞ്ഞിട്ടില്ല. കേരളത്തില്‍ ഒരു വികസന സംസ്‌കാരം വേണമെന്നും അതിനുള്ള തടസങ്ങള്‍ നീക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചാല്‍ അതിന് പിന്തുണ നല്‍കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റാനും വികസനപദ്ധതികള്‍ സുതാര്യമായി നടപ്പാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചാല്‍ പ്രതിപക്ഷം പിന്തുണയ്ക്കും. ഞങ്ങള്‍ സര്‍ഗാത്മക പ്രതിപക്ഷമാണെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തിയത് കേന്ദ്ര സര്‍ക്കാരാണ്. ഇതൊരു ദേശീയ വിഷയമായതിനാല്‍ കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം നിലപാട് വ്യക്തമാക്കും. ഇക്കാര്യത്തില്‍ സംസ്ഥാന നേതാക്കളുടെ അഭിപ്രായം നേതൃത്വം ആരാഞ്ഞിട്ടുണ്ടെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News