കെ റെയില്‍ പദ്ധതി നടപ്പിലാക്കണം;പ്രമേയം പാസാക്കി സിപിഎം എറണാകുളം ജില്ലാ സമ്മേളനം
കേരളത്തിലെ വര്‍ധിച്ചുവരുന്ന യാത്ര ആവശ്യങ്ങള്‍ക്ക് മികച്ച പരിഹാരവും കേരളത്തിലെ ജനങ്ങള്‍ക്കും ഭാവി തലമുറയ്ക്കും അടിസ്ഥാനസൗകര്യ വികസനത്തിന് ഒരു പ്രധാന വഴിത്തിരിവാകുന്ന കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി. സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നിലപാടുകളുമായി മുന്നോട്ടുപോകണമെന്ന് സിപിഎം എറണാകുളം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു
കൊച്ചി: കെ റെയില്‍ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നതിനിടയില്‍ കെ റെയില്‍ പദ്ധതി നടപ്പിലാക്കാന്‍ ജനകീയ മുന്നേറ്റം തീര്‍ക്കണമെന്നാവശ്യപ്പെട്ട് സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തില്‍ പ്രമേയം പാസാക്കി.കേരളത്തിലെ റെയില്‍വേ വികസനം ത്വരിതപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വേണ്ടി സംസ്ഥാന സര്‍ക്കാരും റെയില്‍വേ മന്ത്രാലയവും സംയോജിതമായി 2017-ല്‍ രൂപീകരിച്ച കമ്പനിയാണ് കേരള റെയില്‍ വികസന കോര്‍പ്പറേഷന്‍. (കെ-റെയില്‍). കേരളത്തിലെ സുപ്രധാന റെയില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ഉത്തരവാദിത്വം കെ റെയിലിനാണെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.
പദ്ധതികളുടെ സര്‍വ്വേ, വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് (ഡിപിആര്‍) തയ്യാറാക്കല്‍ എന്നിവ പൂര്‍ത്തിയാക്കി കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ തിരുവനന്തപുരം - കാസര്‍ഗോഡ് അര്‍ദ്ധ അതിവേഗ തീവണ്ടിപ്പാത ഏറ്റെടുത്ത് നടപ്പാക്കുന്നത് കെ റെയിലാണ്. കേരളത്തിന്റെ തെക്കേ അറ്റത്തു നിന്നും വടക്കേ അറ്റത്തേക്ക് നാല് മണിക്കൂറുകള്‍ക്കുള്ളില്‍ എത്തിച്ചേരാന്‍ കഴിയുന്ന റെയില്‍വേ പദ്ധതിയാണ് സില്‍വര്‍ ലൈന്‍. നിലവിലെ തീവണ്ടിയാത്ര സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കുന്നതിനുള്ള ബദല്‍ മാര്‍ഗ്ഗമുണ്ടാക്കുന്നതിനും സംസ്ഥാനത്തെ പൊതു ഗതാഗതം ശക്തിപ്പെടുത്തുന്നതിനുമാണ് സില്‍വര്‍ ലൈന്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.
നിര്‍മ്മാണ സമയത്ത് നേരിട്ടും അല്ലാതെയും അരലക്ഷത്തിലധികം പേര്‍ക്കും പദ്ധതിയുടെ പൂര്‍ത്തീകരണ വേളയില്‍ 11000 ഓളം പേര്‍ക്കുംതൊഴില്‍ അവസരം ലഭിക്കും. 11 സ്റ്റേഷനുകളാണ് സില്‍വര്‍ ലൈന്‍ പദ്ധതിക്കുള്ളത്. 11 ജില്ലകളിലൂടെ അര്‍ദ്ധ അതിവേഗ പാത കടന്ന പോകുന്നു. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ പ്രതിദിനം റോഡ് ഉപയോഗിക്കുന്ന 46206 പേര്‍ സില്‍വര്‍ ലൈനിനിലേക്ക് മാറും. 12872 വാഹനങ്ങള്‍ ആദ്യവര്‍ഷം റോഡില്‍ നിന്ന് ഒഴിവാകുന്നതോടെ സംസ്ഥാനത്തെ ഗതാഗത കുരുക്ക് ഗണ്യമായി കുറയും. ഇതുവഴി 530 കോടി യുടെ പെട്രോള്‍/ഡീസല്‍ ഇന്ധനമാണ് പ്രതിവര്‍ഷം ലാഭിക്കാന്‍ കഴിയുക. 530 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ കടന്നുപോകുന്ന പദ്ധതിയാണ് കെ-റെയില്‍.
കര്‍ണാടക ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ഇതേ മാതൃകയില്‍ സംരഭങ്ങള്‍ രൂപീകരിക്കുകയും വിവിധ റെയില്‍വേ പദ്ധതിയികള്‍ ഏറ്റെടുത്തു. നടപ്പിലാക്കിവരികയും ചെയ്യുന്നുണ്ട്. നിലവില്‍ ഏഴ് സംസ്ഥാനങ്ങള്‍ കൂടി റെയില്‍വേയുമായി ഇത്തരത്തില്‍ ധാരണാപത്രം ഒപ്പ് വെക്കാന്‍ മുന്നോട്ടു വന്നിട്ടുണ്ട്.
നിലവിലുള്ള ഗതാഗത സംവിധാനങ്ങളില്‍ ഏറ്റവും പരിസ്ഥിതി സൗഹൃദമായ യാത്ര മാര്‍ഗമാണ് റെയില്‍വേ സില്‍വര്‍ ലൈന്‍ പദ്ധതി. സമ്പൂര്‍ണ ഹരിത പദ്ധതിയായിട്ടാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കാര്‍ബണ്‍ ബഹിര്‍ഗമനം ഒട്ടുമുണ്ടാവില്ല. 2025 ഏകദേശം 280000 ടണ്‍ കാര്‍ബണ്‍ അന്തരീക്ഷത്തില്‍ നിന്നും നിര്‍മാര്‍ജനം ചെയ്യാന്‍ ഈ പദ്ധതിക്ക് കഴിയും. റോഡ് ഉപയോഗിക്കുന്ന നല്ലൊരു ശതമാനം യാത്രക്കാരും സില്‍വര്‍ലൈനിലേക്ക് മാറും. റോഡിലെ ഗതാഗതം ഗണ്യമായി കുറയുന്നതിനൊപ്പം അഞ്ഞൂറോളം ചരക്ക് വാഹനങ്ങള്‍ സില്‍വര്‍ലൈന്‍ റോ റോ സംവിധാനം വഴി ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ കഴിയുമെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു. പരിസ്ഥിതി ലോല പ്രദേശങ്ങളിലുടെയോ വന്യജീവി മേഖലകളിലൂടെയോ പാത കടന്നു പോകുന്നില്ല. പുഴകളുടെയും, അരുവികളുടെയും ഒഴുക്കിനെ തടസ്സപ്പെടുത്തുന്നില്ല. നെല്‍പ്പാടങ്ങളിലൂടെ പോകുന്ന പാത പാലങ്ങളിലൂടെയായതിനാല്‍ കൃഷിഭൂമിയെ ബാധിക്കുന്നില്ല.
കേരളത്തിലെ ഭൂപ്രകൃതി ഉള്‍ക്കൊണ്ടു കൊണ്ടാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. എന്നാല്‍ ഈ പദ്ധതിക്കെതിരായ ചില കോണുകളില്‍നിന്ന് വസ്തുതാ വിരുദ്ധമായ പ്രചരണങ്ങളും പ്രക്ഷോഭങ്ങളും ആണ് ഉണ്ടാകുന്നത്. വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാപിത താല്‍പര്യക്കാരും കപട പരിസ്ഥിതി വാദികളും വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കേരളത്തിലെ വികസനത്തിന് എന്നും ഏതിരുനിന്ന ഈ ശക്തികള്‍ തന്നെയാണ് ദേശീയപാതാ വികസനത്തിനും പ്രകൃതി വാതക പൈപ്പ് ലൈന്‍ പദ്ധതി ഉള്‍പ്പെടെയുള്ള നിരവധി വികസനപദ്ധതികള്‍ക്കെതിരെ ശാസ്ത്രീയ കാഴ്ചപ്പാടോ വ്യക്തമായ തെളിവുകളോ, യുക്തിപരമായ ചിന്തയോ ഇല്ലാതെ നിയമപരമല്ലാത്ത ഇടപെടല്‍ നടത്തിയത്.
ഇപ്പോള്‍ കെ റെയില്‍ സ്വപ്‌ന പദ്ധതിക്കെതിരെ ആര്‍.എസ്.എസും ജമാഅത്തെ ഇസ്ലാമിയും, പോപ്പുലര്‍ ഫ്രണ്ടും, യു.ഡി.എഫും കൂടി ചേര്‍ന്നിട്ടുള്ള സമരങ്ങള്‍ നവകേരള സൃഷ്ടിക്ക് നേരെ ഉയര്‍ത്തുന്ന വെല്ലുവിളിയാണെന്നും ജില്ലാ സമ്മേളനം പാസാക്കിയ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.ഭാവി കേരളത്തിന്റെ സുസ്ഥിര വികസനത്തിന് അത്യാവശ്യമായ കെ റെയില്‍ പദ്ധതിയുടെ നിര്‍മ്മാണം അടിയന്തരമായി ആരംഭിക്കണം. കേരളത്തിലെ വര്‍ധിച്ചുവരുന്ന യാത്ര ആവശ്യങ്ങള്‍ക്ക് മികച്ച പരിഹാരവും കേരളത്തിലെ ജനങ്ങള്‍ക്കും ഭാവി തലമുറയ്ക്കും അടിസ്ഥാനസൗകര്യ വികസനത്തിന് ഒരു പ്രധാന വഴിത്തിരിവാകുന്ന കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി. സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നിലപാടുകളുമായി മുന്നോട്ടുപോകണമെന്ന് സിപിഎം എറണാകുളം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.