പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നഗരസഭ ചെയര്‍പേഴ്‌സന്‍ പികെ ശ്യാമളയ്‌ക്കെതിരേ നരഹത്യയ്ക്ക് കേസ്സെടുക്കണമെന്ന് കെ സുധാകരന്‍ എംപി

Update: 2019-06-22 05:49 GMT

ആന്തൂര്‍: 15 കോടി രൂപ മുടക്കി നിര്‍മിച്ച കണ്‍വന്‍ഷന്‍ സെന്ററിന് നഗരസഭ അനുമതി നിഷേധിച്ചത് പി കെ ശ്യാമയുടെ വ്യക്തിപരമായ അജന്‍ഡയാണെന്നു കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ഇതിനെ കുറിച്ചു അന്വേഷിക്കണം. പ്രവാസി വ്യവസായി പാറയില്‍ സാജന്റെ മരണത്തിന് ഉത്തരം പറയേണ്ടത് ചെയര്‍പേഴ്‌സന്‍ തന്നെയാണ്. ഉദ്യോഗസ്ഥരെ ബലിയാടാക്കി പി കെ ശ്യാമളയെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇ പി ജയരാജന്റെ മകന്റെ റിസോര്‍ട്ടിനും വിസ്മയ പാര്‍ക്കിനും എന്ത് അനുമതിയാണ് ഉള്ളതെന്നും കെ സുധാകരന്‍ ചോദിച്ചു.

അതേസമയം സംഭവത്തില്‍ സിപിഎമ്മിനുളളില്‍ പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ സിപിഎം ഇന്ന് ആന്തൂരില്‍ രാഷ്ട്രീയവിശദീകരണയോഗം സംഘടിപ്പിക്കും. വൈകീട്ട് അഞ്ചുമണിക്ക് ആന്തൂര്‍ ധര്‍മശാലയില്‍ സംഘടിപ്പിക്കുന്ന പൊതുയോഗത്തില്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടി തളിപ്പറമ്പ് ഏരിയാ കമ്മിറ്റി യോഗത്തിലും ഇന്നലെ നടന്ന കോടല്ലൂര്‍, ആന്തൂര്‍, ബക്കളം ലോക്കല്‍ കമ്മിറ്റികളിലും എം വി ഗോവിന്ദന്റെ ഭാര്യ ആന്തൂര്‍ നഗരസഭാധ്യക്ഷ പി കെ ശ്യാമളയ്‌ക്കെതിരേ രൂക്ഷവിമര്‍ശമാണ് ഉയര്‍ന്നത്.

ശ്യാമളയെ നിയന്ത്രിക്കാന്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തിന് കഴിയുന്നില്ലെന്നും ഇത് സംഘടനാപാരമായി പാര്‍ട്ടിക്ക് സംഭവിച്ച വീഴ്ചയാണെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഇതിനൊപ്പം പാര്‍ട്ടി അംഗങ്ങളും അനുഭാവികളും ഉള്‍പ്പെട്ട സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും ശ്യാമളയ്‌ക്കെതിരേ വലിയ പ്രതിഷേധമാണുയരുന്നത്. പൊതുസമൂഹത്തില്‍നിന്നും വിമര്‍ശനം ശക്തമായി. ഇപ്പോഴത്തെ സംഭവത്തിന്റെ പേരില്‍ കണ്ണൂരിലെ പാര്‍ട്ടിയില്‍ രണ്ടുചേരി രൂപപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍കൂടിയാണ് പാര്‍ട്ടി നിലപാട് വിശദീകരിക്കാന്‍ അടിയന്തരമായി പൊതുയോഗം സംഘടിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചത്. പ്രവാസി വ്യവസായി കണ്‍വന്‍ഷന്‍ സെന്ററിന് അനുമതിക്കായി നഗരസഭയില്‍ അപേക്ഷ നല്‍കിയത് മുതലുള്ള കാര്യങ്ങള്‍ യോഗത്തില്‍ നേതാക്കള്‍ വിശദീകരിക്കും. 

Tags:    

Similar News