മന്ത്രി കെ ടി ജലീൽ ഇഡിക്ക് സ്വത്തുവിവരം കൈമാറി: സ്വന്തമായി 19.5 സെന്‍റ് സ്ഥലവും വീടും; സമ്പാദ്യമായി 4.5 ലക്ഷം രൂപയും

ഭാര്യയോ മകളോ സ്വര്‍ണം ധരിക്കുന്നവരല്ല. തന്‍റെ വീട്ടില്‍ ഒരു തരി സ്വര്‍ണം പോലുമില്ല. കാനറാ ബാങ്ക് വളാഞ്ചേരി ശാഖയില്‍ അഞ്ച് ലക്ഷം രൂപയുടെ ഭവന വായ്‌പയുണ്ടെന്നും മന്ത്രി അറിയിച്ചു.

Update: 2020-10-09 11:15 GMT

തിരുവനന്തപുരം: മലപ്പുറം വളാഞ്ചേരിയില്‍ 19.5 സെന്‍റ് സ്ഥലവും വീടും മാത്രമാണുള്ളതെന്നും സമ്പാദ്യമായി 4.5 ലക്ഷം രൂപയും കയ്യിലുണ്ടെന്നും മന്ത്രി കെ ടി ജലീല്‍. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ആവശ്യപ്പെട്ട സ്വത്തു വിവരം സംബന്ധിച്ച നോട്ടീസിലാണ് മന്ത്രി ജലീലിന്‍റെ മറുപടി. ഇതുമായി ബന്ധപ്പെട്ട 140 അനുബന്ധ രേഖകളും ജലീല്‍ ഇഡിക്ക് നല്‍കി. ഭാര്യയോ മകളോ സ്വര്‍ണം ധരിക്കുന്നവരല്ല. തന്‍റെ വീട്ടില്‍ ഒരു തരി സ്വര്‍ണം പോലുമില്ല. കാനറാ ബാങ്ക് വളാഞ്ചേരി ശാഖയില്‍ അഞ്ച് ലക്ഷം രൂപയുടെ ഭവന വായ്‌പയുണ്ടെന്നും മന്ത്രി അറിയിച്ചു.

മലപ്പുറം ജില്ലയിലെ രണ്ട് സഹകരണ സംഘങ്ങളിലായി 5000 രൂപയുടെ ഓഹരി നിക്ഷേപമുണ്ട്. 1.50 ലക്ഷത്തോളം രൂപ വിലവരുന്ന ഫര്‍ണിച്ചറുകളും 1500 പുസ്‌തകങ്ങളും വീട്ടിലുണ്ട്. ഭാര്യയുടെ കയ്യില്‍ 27 വര്‍ഷത്തെ ശമ്പള സമ്പാദ്യമായി 22 ലക്ഷം രൂപയുണ്ട്. ആന്‍ഡമാനില്‍ എംബിബിഎസിന് മെറിറ്റില്‍ പഠിക്കുന്ന മകള്‍ക്ക് 36000 രൂപയുടെയും മകന് 500 രൂപയുടെയും ബാങ്ക് ബാലന്‍സ് ഉണ്ട്. മന്ത്രിയായ ശേഷം ആറു വിദേശയാത്രകള്‍ നടത്തി. രണ്ടു തവണ യുഎഇയിലേക്കും ഓരോ തവണ വീതം റഷ്യ, അമേരിക്ക, മാലിദ്വീപ്, ഖത്തര്‍ എന്നിവിടങ്ങളില്‍ പോയിട്ടുണ്ട്. സ്വന്തമായി വാഹനമില്ലെന്നും മന്ത്രി ജലീല്‍ ഇഡിയെ അറിയിച്ചു. ഇപ്പോള്‍ കൊവിഡ് ബാധിച്ച് തിരുവനന്തപുരത്ത് ചികിത്സയിലാണ് മന്ത്രി കെ ടി ജലീൽ.

Tags:    

Similar News