മാവോവാദി വധത്തിൽ പോലിസിനെ പിന്തുണയ്ക്കാൻ സിപിഐക്ക് ബാധ്യതയില്ല: കാനം
ഉന്മൂലന സിദ്ധാന്തമാണ് മാവോവാദികൾ നടപ്പാക്കുന്നത്. അതുതന്നെ പോലിസും പിന്തുടരുന്നത് ശരിയല്ല.
തിരുവനന്തപുരം: മഞ്ചക്കണ്ടിയിൽ മാവോവാദികളെ വെടിവച്ചു കൊന്ന സംഭവത്തിൽ പോലിസിനെ പിന്തുണയ്ക്കാൻ സിപിഐക്ക് ബാധ്യതയില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മാവോവാദികളെ അനുകൂലിക്കുന്ന പാർട്ടിയല്ല സിപിഐയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഉന്മൂലന സിദ്ധാന്തമാണ് മാവോവാദികൾ നടപ്പാക്കുന്നത്. അതുതന്നെ പോലിസും പിന്തുടരുന്നത് ശരിയല്ലെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു.
മാവോവാദികളെ വെടിവച്ചു കൊന്നതു വ്യാജ ഏറ്റുമുട്ടലാണെന്ന വാദത്തിൽ സിപിഐ ഉറച്ചുനിൽക്കുന്നതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മർദ്ദത്തിലാണ്. പോലിസ് വെടിവെച്ചതിനെ മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി ടോം ജോസും പിന്തുണച്ചതോടെ വിഷയം സിപിഎമ്മും സിപിഐയും തമ്മിലുള്ള പരസ്യ പോരിലേക്ക് എത്തിയിട്ടുണ്ട്.