കണ്ണൂര്‍ കോര്‍പറേഷനില്‍ വീണ്ടും അവിശ്വാസം; ഡെപ്യൂട്ടി മേയര്‍ക്കെതിരേ എല്‍ഡിഎഫ് നോട്ടീസ്
നിലവില്‍ ഡെപ്യൂട്ടി മേയറായ കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷിനെതിരേയാണ് എല്‍ഡിഎഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനില്‍ വീണ്ടും അവിശ്വാസപ്രമേയം. നിലവില്‍ ഡെപ്യൂട്ടി മേയറായ കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷിനെതിരേയാണ് എല്‍ഡിഎഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഇദ്ദേഹത്തിന്റെ പിന്തുണയോടെ നാലുവര്‍ഷം ഭരിച്ച ഇടതുമുന്നണി മേയര്‍ ഇ പി ലതയ്‌ക്കെതിരേ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ശനിയാഴ്ച പാസ്സായതിനെത്തുടര്‍ന്ന് എല്‍ഡിഎഫിന് ഭരണം നഷ്ടപ്പെട്ടിരുന്നു. യുഡിഎഫിന്റെ അവിശ്വാസപ്രമേയം പി കെ രാഗേഷ് പിന്തുണച്ചതാണ് എല്‍ഡിഎഫിനു തിരിച്ചടിയായത്. പുതിയ മേയര്‍ പദവി ആദ്യ ആറുമാസം കോണ്‍ഗ്രസിലെ സുമാ ബാലകൃഷ്ണനും ബാക്കിയുള്ള മാസം മുസ് ലിം ലീഗിലെ സി സീനത്തിനുമാണ് സാധ്യത. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്ത് പി കെ രാഗേഷ് തന്നെ തുടരാനാണു യുഡിഎഫ് തീരുമാനം. എന്നാല്‍, ഇടതുപിന്തുണയോടെ ഡെപ്യൂട്ടി മേയര്‍ പദവിയിലിരിക്കുന്നതിനാലാണ് എല്‍ഡിഎഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് കൊണ്ടുവന്നത്. മേയര്‍ ഭരണം നഷ്ടപ്പെട്ടപ്പോള്‍ തന്നെ രാഗേഷിനെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് സിപിഎം വ്യക്തമാക്കിയിരുന്നു. മേയര്‍ക്കെതിരായ അവിശ്വാസപ്രമേയത്തെ 28 പേര്‍ അനുകൂലിച്ചപ്പോള്‍ 26 പേരാണ് എതിര്‍ത്തത്. ഇരുമുന്നണികള്‍ക്കും 27 വീതം കൗണ്‍സിലര്‍മാരുള്ള കോര്‍പറേഷനില്‍ ഏക കോണ്‍ഗ്രസ് വിമതന്റെ പിന്തുണയിലാണ് പ്രഥമ മേയര്‍ സ്ഥാനം അപ്രതീക്ഷിതമായി എല്‍ഡിഎഫിനു ലഭിച്ചത്. നിലവില്‍ ഇടതുമുന്നണിയുടെ ഒരംഗം മരണപ്പെട്ടതിനാല്‍ അംഗബലം 26 ആയി കുറഞ്ഞിട്ടുണ്ട്.