കൊച്ചി കോര്‍പറേഷന്‍: സി പി ഐയിലെ കെ എ അന്‍സിയ ഡെപ്യൂട്ടി മേയര്‍;തിരഞ്ഞെടുപ്പ് വൈകിയെന്നാരോപിച്ച് യുഡിഎഫ്-എല്‍ഡിഎഫ് അംഗങ്ങള്‍ തമ്മില്‍ കൈയ്യാങ്കളി

Update: 2020-12-28 11:11 GMT
കൊച്ചി കോര്‍പറേഷന്‍: സി പി ഐയിലെ കെ എ അന്‍സിയ ഡെപ്യൂട്ടി മേയര്‍;തിരഞ്ഞെടുപ്പ് വൈകിയെന്നാരോപിച്ച് യുഡിഎഫ്-എല്‍ഡിഎഫ് അംഗങ്ങള്‍ തമ്മില്‍ കൈയ്യാങ്കളി

കൊച്ചി: കൊച്ചി കോര്‍പേഷന്‍ ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പിനിടയില്‍ നാടകീയ രംഗങ്ങള്‍.തിരഞ്ഞെടുപ്പ് വൈകിപ്പിച്ചെന്നാരോപിച്ച് യുഡിഎഫ്അംഗങ്ങളുടെ പ്രതിഷേധവും കൈയ്യാങ്കളിയും.പ്രതിഷേധത്തിനൊടുവില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ സിപി ഐ യില്‍ നിന്നുള്ള കെ എ അന്‍സിയ ഡെപ്യൂട്ടി മേയറായി തിര്‌ഞ്ഞെടുക്കപ്പെട്ടു.തുടര്‍ന്ന് മേയര്‍ അഡ്വ എം അനില്‍കുമാര്‍ അന്‍സിയയ്ക്ക് സത്യവാചകം ചൊല്ലി കൊടുത്തു. കൊച്ചി കോര്‍പ്പറേഷന്‍ 5-ാം ഡിവിഷന്‍ കൗണ്‍സിലറാണ് കെ.എ അന്‍സിയ. രണ്ട് ഘട്ടമായി നടന്ന തിരഞ്ഞെടുപ്പിലൂടെയാണ് ഡെപ്യൂട്ടി മേയറെ തിരഞ്ഞെടുത്തത്. വരണാധികാരിയായ ജില്ലാ കളക്ടര്‍ എസ് സുഹാസിന്റെ നേതൃത്വത്തിലാണ് ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ് നടന്നത്.

ആകെയുള്ള 74 കൗണ്‍സിലര്‍മാരില്‍ 73 പേര്‍ ആദ്യ ഘട്ട വോട്ടെടുപ്പിലും 36 കൗണ്‍സിലര്‍മാര്‍ രണ്ടാം ഘട്ട വോട്ടെടുപ്പിലും പങ്കെടുത്തു. എല്‍ ഡി എഫ് , യു ഡി എഫ് , ബിജെപി പ്രതിനിധികളായ കെ എ അന്‍സിയ, സീന ടീച്ചര്‍, അഡ്വ പ്രിയ പ്രശാന്ത് എന്നിവരാണ് മല്‍സരിച്ചത്. ആദ്യ ഘട്ടത്തില്‍ യഥാക്രമം 36,32, 5 വോട്ടുകള്‍ എല്‍ ഡി എഫ് , യു ഡി എഫ് , ബിജെപി കൗണ്‍സിലര്‍മാര്‍ നേടി. 23-ാം ഡിവിഷന്‍ കൗണ്‍സിലര്‍ തിരഞ്ഞെടുപ്പില്‍ നിന്നും വിട്ട് നിന്നു. തിരഞ്ഞെടുപ്പ് ചട്ടം 8 ബി പ്രകാരം നടന്ന രണ്ടാം ഘട്ടവോട്ടെടുപ്പില്‍ കെ എ അന്‍സിയ 36 വോട്ട് നേടി. ബി ജെ പി കൗണ്‍സിലര്‍മാര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ട് നിന്നു. എല്‍ ഡി എഫ് കൗണ്‍സിലര്‍മാര്‍ വൈകി എത്തിയതില്‍ പ്രതിഷേധിച്ച് യു ഡി എഫ് കൗണ്‍സിലര്‍മാര്‍ രണ്ടാം ഘട്ട വോട്ടെടുപ്പിന് മുന്‍പ് ഇറങ്ങിപ്പോയി. ഓപ്പണ്‍ ബാലറ്റ് വഴിയാണ് തിരഞ്ഞെടുപ്പ് നടന്നത്.

ഉച്ചകഴിഞ്ഞ് രണ്ടിനായിരുന്നു ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ് വെച്ചിരുന്നത്. ഇതു പ്രകാരം യുഡിഎഫ് അംഗങ്ങള്‍ 1.50 ഓടെ തന്നെ ഹാളില്‍ എത്തിയെങ്കിലും തിരഞ്ഞെടുപ്പ് വൈകിയതോടെയാണ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ എത്താന്‍വൈകിയതിനെ തുടര്‍ന്ന് ഇവര്‍ എത്തുന്നതുവരെ തിരഞ്ഞെടുപ്പ് വൈകിപ്പിച്ചുവെന്നായിരുന്നു യുഡിഎഫ് അംഗങ്ങളുടെ ആരോപണം.ഇതേ തുടര്‍ന്ന് വൈകിയെത്തിയ എല്‍ഡിഎഫ് അംഗങ്ങളെ പ്രവേശിപ്പിക്കാതിരിക്കാന്‍ യുഡിഎഫ് അംഗങ്ങള്‍ ഹാള്‍ പൂട്ടിയെങ്കിലും എല്‍ഡിഎഫ് അംഗങ്ങള്‍ മറ്റു വഴികളിലൂടെ ഹാളിനുള്ളില്‍ കടന്നു.ഇതിനിടയില്‍ വൈകിയെത്തിയ എല്‍ഡിഎഫ് അംഗങ്ങളെ രജിസ്റ്ററില്‍ ഒപ്പിടാന്‍ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് അംഗങ്ങള്‍ രജിസ്റ്റര്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചതോടെ വാക്കേറ്റവും കൈയ്യാങ്കളിയും നടന്നു.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി വൈകിയാണെത്തിയതെന്നും ഇവരുടെ പത്രിക തള്ളണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടുവെങ്കിലും വരണാധികാരി കൂടിയായ ജില്ല കലക്ടര്‍ ഇത് അംഗീകരിച്ചില്ല. ജില്ല കലക്ടര്‍ ചട്ടം ലംഘിച്ചു എല്‍ഡിഎഫിനു കൂട്ടുനില്‍ക്കുന്നുവെന്നാരോപിച്ച് യുഡിഎഫ് അംഗങ്ങള്‍ കലക്ടര്‍ക്കെതിരെയും പ്രതിഷേധമുയര്‍ത്തി.തുടര്‍ന്ന് ഇരു വിഭാഗങ്ങളെയും ശാന്തരാക്കിയതിനു ശേഷം തിരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചുവെങ്കിലും രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പങ്കെടുക്കാതെ യുഡിഎഫ് അംഗങ്ങള്‍ ഹാള്‍ വിട്ടു പോകുകയായിരുന്നു.

Tags:    

Similar News