കശ്മീര്‍ പോസ്റ്റ് വിവാദം: ഡല്‍ഹിയിലെ പരിപാടികള്‍ റദ്ദാക്കി കെ ടി ജലീല്‍ മടങ്ങി

ഇന്ന് ഉച്ചയ്ക്ക് ശേഷം കേരളത്തിലേക്ക് മടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാല്‍, പിന്നീട് പുലര്‍ച്ചെ മൂന്നിന് യാത്രതിരിക്കുകയും പുലര്‍ച്ചെയോടെ കേരളത്തിലെത്തുകയുമായിരുന്നു.

Update: 2022-08-14 06:06 GMT

ന്യൂഡല്‍ഹി: കശ്മീര്‍ പോസ്റ്റിനെ ചൊല്ലിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കെടി ജലീല്‍ ഡല്‍ഹിയില്‍നിന്ന് കേരളത്തിലേക്ക് മടങ്ങി. ഡല്‍ഹിയിലെ പരിപാടികള്‍ റദ്ദാക്കിയാണ് അദ്ദേഹം മടങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് ശേഷം കേരളത്തിലേക്ക് മടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാല്‍, പിന്നീട് പുലര്‍ച്ചെ മൂന്നിന് യാത്രതിരിക്കുകയും പുലര്‍ച്ചെയോടെ കേരളത്തിലെത്തുകയുമായിരുന്നു.

ആസാദ് കശ്മീരെന്ന പരാമര്‍ശത്തിലെ ആസാദ് ഇന്‍വെര്‍ട്ടഡ് കോമയിലായിട്ടും അര്‍ത്ഥം മനസ്സിലാകാത്തവരോട് സഹതാപം എന്ന് ഇന്നലെ രാവിലെ പ്രതികരിച്ച കെടി ജലീല്‍ വൈകുന്നേരത്തോടെ പോസ്റ്റ് പിന്‍വലിച്ചിരുന്നു.പോസ്റ്റ് ദുര്‍വ്യാഖ്യാനം ചെയ്‌തെന്നും നാടിന്റെ നന്മയക്കായി അത് പിന്‍വലിക്കുന്നു എന്നുമാണ് ജലീല്‍ അറിയിച്ചത്.

ഡല്‍ഹി തിലക് മാര്‍ഗ് പോലിസ് സ്‌റ്റേഷനില്‍ ബിജെപി അനുകൂലിയായ അഭിഭാഷകന്‍ ജലീലിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. ഡല്‍ഹിയില്‍ തുടരുമ്പോള്‍ അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യത കൂടി മുന്നില്‍ കണ്ടാണ് പുലര്‍ച്ചെ തന്നെ എംഎല്‍എ കേരളത്തിലേക്ക് മടങ്ങിയതെന്നും വിലയിരുത്തലുണ്ട്. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയും പ്രതിപക്ഷനേതാവ് വിഡി സതീശനും ഇന്നലെ ജലീലിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. സമീപകാലത്ത് ഇത് മൂന്നാം തവണയാണ് ജലീല്‍ സിപിഎമ്മിനെ വെട്ടിലാക്കുന്ന നിലപാടെടുക്കുന്നത്.

അതേസമയം, വീട്ടില്‍ നിന്ന് സന്ദേശം ലഭിച്ചത് അനുസരിച്ചാണ് ജലീല്‍ ഡല്‍ഹിയില്‍നിന്നും മടങ്ങിയതെന്നു മന്ത്രി എ സി മൊയ്തീന്‍ അറിയിച്ചു.

നോര്‍ക്കയുടെ പരിപാടിയില്‍ 9 എംഎല്‍എമാര്‍ പങ്കെടുക്കേണ്ടതായിരുന്നു അവര്‍ പല കാരണങ്ങള്‍ കൊണ്ട് പങ്കെടുക്കുന്നില്ല.പ്രവാസികാര്യവുമായി ബന്ധപ്പെട്ട നിയമസഭാ സമിതിയുടെ യോഗമാണ് ഡല്‍ഹിയില്‍ നടക്കുന്നത്. കശ്മീര്‍ പരാമര്‍ശത്തില്‍ സിപിഎം അഭിപ്രായമാണ് തന്റേതെന്നും മൊയ്തീന്‍ പറഞ്ഞു.

Tags:    

Similar News