സംസ്ഥാന ബജറ്റ് വെള്ളിയാഴ്ച: ക്ഷേമപദ്ധതികള്‍ക്ക് വെല്ലുവിളി?
സംസ്ഥാനത്ത് നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ക്ഷേമപദ്ധതികള്‍ക്കുള്ള വിഹിതം സംസ്ഥാനം കുറക്കുമോയെന്നതില്‍ വ്യക്തതയില്ല.
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ധനമന്ത്രി ടി എം തോമസ് ഐസക്ക് വെള്ളിയാഴ്ച അവതരിപ്പിക്കും. സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത, വികസനം എന്നിവ പരിഗണിച്ചുള്ള പ്രഖ്യാപനങ്ങളാവും ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റില്‍ ഉള്‍പ്പെടുത്തുക. മാത്രമല്ല, വരുമാനം വര്‍ധിപ്പിക്കാനുള്ള ഊര്‍ജിതമായ നടപടികളും ബജറ്റില്‍ ഉള്‍പ്പെടുത്തും.
എന്നാല്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ക്ഷേമപദ്ധതികള്‍ക്കുള്ള വിഹിതം സംസ്ഥാനം കുറക്കുമോയെന്നതില്‍ വ്യക്തതയില്ല. വിഹിതം കുറയ്‌ക്കേണ്ട സാഹചര്യമുണ്ടായാല്‍ പദ്ധതികളെ ആശ്രയിക്കുന്നവര്‍ക്ക് അത് വെല്ലുവിളിയാകും.
കഴിഞ്ഞമൂന്നു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് സാമൂഹ്യസുരക്ഷ, ക്ഷേമ പെന്‍ഷന്‍ പദ്ധതികളില്‍ പുതിയതായി ചേര്‍ത്തത് 17,20,206 പേരാണ്. 16 തൊഴില്‍ മേഖലകളില്‍പ്പെട്ട 4,44,396 പേരാണ് ക്ഷമനിധി പെന്‍ഷന്‍ പദ്ധതിയില്‍ പുതുതായി അംഗങ്ങളായത്. പെന്‍ഷന്‍ ഇനത്തില്‍ ഈ സര്‍ക്കാര്‍ ഇതുവരെ ആകെ നല്‍കിയത് 18141.18 കോടി രൂപയാണ്. സംസ്ഥാനത്ത് 53,04,092 പേര്‍ക്കാണ് പ്രതിമാസം കുറഞ്ഞത് 1200 രൂപവീതമെങ്കിലും പെന്‍ഷന്‍ ലഭിക്കുന്നത്. ഇതില്‍ 46,47,616 പേര്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷനും, 6,56,476 പേര്‍ക്ക് സര്‍ക്കാര്‍ സഹായത്തോടെ ക്ഷേമനിധി പെന്‍ഷനും ലഭിക്കുന്നു.
ഇവരെ കൂടാതെ ആരോഗ്യ രംഗത്ത് അടക്കമുള്ള ക്ഷേമപദ്ധതി ആനുകൂല്യങ്ങളെയും വിഹിതത്തിലുള്ള മാറ്റം ബാധിക്കും. അതേസമയം, ക്ഷേമപദ്ധതികള്‍ക്ക് കുടുതല്‍ പണം നീക്കിവച്ച് ജനകീയ ബജറ്റാക്കാനുള്ള സാധ്യതയും തള്ളി കളായാനാവില്ല. ഇതിനായി കേന്ദ്ര ബജറ്റില്‍ സംസ്ഥാനത്തിന്റെ വിഹിതം വെട്ടിക്കുറച്ചത് മൂലം ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കണക്കുകള്‍ മാറ്റം വരുത്താന്‍ തോമസ് ഐസക്ക് ഒരുപക്ഷേ മുതിര്‍ന്നേക്കാം.
കിഫ്ബി 50,000 കോടിയില്‍ തന്നെ നിലനിര്‍ത്തും. മദ്യത്തിന് നികുതി കൂട്ടാനുള്ള സാധ്യതയുണ്ട്. റിയല്‍ എസ്റ്റേറ്റ് മേഖല കടുത്ത മന്ദ്യത്തിലാണ്. എങ്കിലും ചില വരുമാനവര്‍ദ്ധന ഈ മേഖലയില്‍ നിന്നും ധനമന്ത്രി ഉള്‍പ്പെടുത്തിയേക്കും. എന്നാല്‍ ലൈഫ് ഉള്‍പ്പടെയുള്ള പദ്ധതികള്‍ക്ക് കൂടുതല്‍ തുക വകയിരുത്തുമെന്നും പ്രതീക്ഷിക്കുന്നു.
ബജറ്റ് കമ്മി എത്രയാകും സംസ്ഥാനം നിശ്ചയിക്കുക എന്ന് വ്യക്തവുമല്ല. അതേസമയം പൊതുവിപണിയില്‍ നിന്നും 4908 കോടി രൂപ വായ്പ എടുക്കാന്‍ അനുവദിക്കുമെന്നാണ് സംസ്ഥാനം പ്രതീഷിച്ചിരുന്നത്. എന്നാല്‍ 1920 കോടി രൂപയാണ് അനുവദിച്ചത്. ജിഎസ്ടി നഷ്ടപരിഹാരം കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ കിട്ടാനുണ്ട്. കേന്ദ്രവിഹിതം വന്‍ തോതില്‍ ലഭിക്കാനുള്ളത് മൂലം സംസ്ഥാനത്തിന് വന്‍ സാമ്പത്തിക ബാധ്യതയാണ് ഉള്ളത്. കേന്ദ്ര വിഹിതം ലഭിച്ചാല്‍ മാത്രമേ സംസ്ഥാനം ഇപ്പോള്‍ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ചെറിയ തോതിലെങ്കിലും കരയകറാന്‍ സാധിക്കുകയുള്ളുവെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. 1600 കോടിയാണ് രണ്ട് മാസത്തിലൊരിക്കല്‍ കിട്ടേണ്ട നഷ്ടപരിഹാരം. ഈ സാഹചര്യത്തിലും സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തില്‍ ഒന്നര ശതമാനം വര്‍ദ്ധനയുണ്ടായെന്നാണ് ധനമന്ത്രി വ്യക്തമാക്കുന്നത് സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനത്തിലും ഒന്നര ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായി.