ബാര്‍ കോഴയിലെ കേരള കോണ്‍ഗ്രസ് റിപ്പോര്‍ട്ട് പുറത്ത്; തള്ളി ജോസ് കെ മാണി
റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്ത് വിടാന്‍ നിലവില്‍ ഉദ്ദേശിക്കുന്നില്ലെന്ന നിലപാടിലാണ് ജോസ് കെ മാണി
തിരുവനന്തപുരം: മുന്‍ ധനമന്ത്രിയും അന്തരിച്ച കേരള കോണ്‍ഗ്രസ് എം ചെയര്‍മാനുമായ കെഎം മാണി മുഖ്യപ്രതിയായ ബാര്‍ കോഴ കേസില്‍ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടെന്ന രീതിയില്‍ പ്രചരിച്ച വാര്‍ത്തകള്‍ തള്ളി ജോസ് കെ മാണി. പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ട് പാര്‍ട്ടിയുടെ ഔദ്യോഗിക അന്വേഷണ റിപ്പോര്‍ട്ടല്ലെന്ന് ജോസ് കെ മാണി പ്രസ്താവനയിലൂടെ വ്യക്തമാക്കി. ബാര്‍ കേസില്‍ പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് കൈവശമുണ്ടെന്ന കാര്യവും അദ്ദേഹം സ്ഥിരീകരിച്ചു. ആ റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്ത് വിടാന്‍ നിലവില്‍ ഉദ്ദേശിക്കുന്നില്ലെന്ന നിലപാടിലാണ് ജോസ് കെ മാണിയും കൂട്ടരും.
കേരള കോണ്‍ഗ്രസ് എമ്മിന്റെ അന്വേഷണ റിപ്പോര്‍ട്ടെന്ന പേരില്‍ പുറത്ത് വന്ന റിപ്പോര്‍ട്ട് രമേശ് ചെന്നിത്തലയെ പ്രതിരോധത്തിലാക്കുന്നതായിരുന്നു. ബാര്‍ കോഴ കേസില്‍ കെഎം മാണിക്കെതിരായി പിസി ജോര്‍ജിന്റെ കൂട്ടുപിടിച്ച് രമേശ് ചെന്നിത്തലയും ഐ ഗ്രൂപ്പ് നേതാക്കളും ഗൂഢാലോചന നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഗൂഢാലോചനയെപ്പറ്റി ഉമ്മന്‍ ചാണ്ടിക്കും അറിവുണ്ടായിരുന്നതായാണ് പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നത്.കെഎം മാണിയെ സമ്മര്‍ദ്ദത്തിലാക്കി പിന്തുണ നേടി ഉമ്മന്‍ ചാണ്ടിയെ പുറത്താക്കി മുഖ്യമന്ത്രിയാകുകയെന്നതായിരുന്നു രമേശിന്റെ ലക്ഷ്യമെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കെഎം മാണി, കേരള കോണ്‍ഗ്രസ് വിരോധികളായ കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ കെഎം മാണി മന്ത്രി സഭ മറിച്ചിടുമെന്ന് കള്ളക്കഥയുണ്ടാക്കി കേരളാ കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള ശ്രമം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തിരുന്നു. ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനത്തിന് തൊട്ടു പിറകെ വന്ന അന്വേഷണ റിപ്പോര്‍ട്ടിലൂടെ കൂടുതല്‍ പ്രതിരോധത്തിലാകുകയാണ് കോണ്‍ഗ്രസ്. അതെ സമയം യഥാര്‍ഥ അന്വേഷണ റിപ്പോര്‍ട്ടല്ല പുറത്ത് വന്നതെന്ന് ജോസ് കെ മാണി തന്നെ വ്യക്തമാക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തെല്ലാശ്വാസം നല്‍കുന്നുണ്ടങ്കിലും, പുറത്തുവന്നത് യഥാര്‍ഥ അന്വേഷണ റിപ്പോര്‍ട്ടെങ്കില്‍ കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പ് പോരില്‍ മറ്റൊരു ഏടായി കേരളാ കോണ്‍ഗ്രസുമെത്തും.