കേരളത്തില്‍ ഏപ്രില്‍ 10 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാനിര്‍ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 30-40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാമെന്നും ഉച്ചയ്ക്ക് രണ്ടുമുതല്‍ രാത്രി 10 വരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യത കൂടുതലാണെന്നും മുന്നറിയിപ്പുണ്ട്. ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം.
തിരുവനന്തപുരം: സംസ്ഥാനത്ത് ഈമാസം 10 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 30-40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാമെന്നും ഉച്ചയ്ക്ക് രണ്ടുമുതല്‍ രാത്രി 10 വരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യത കൂടുതലാണെന്നും മുന്നറിയിപ്പുണ്ട്. ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം.
മലയോരമേഖലയില്‍ ഇടിമിന്നല്‍ സജീവമാവാന്‍ സാധ്യതയുണ്ട്. കാര്‍മേഘം കണ്ടുതുടങ്ങുന്ന സമയം മുതല്‍തന്നെ പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍നിന്നും വിട്ടുനില്‍ക്കരുത്. ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 10 വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസിലും കളിക്കുന്നത് കുട്ടികള്‍ ഒഴിവാക്കുക. ഇത്തരം ഇടിമിന്നല്‍ അപകടകാരികളാണ്.
അവ മനുഷ്യജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഇടിമിന്നലിനെ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. മിന്നലിന്റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴ്ച്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹമില്ലെന്ന് മനസ്സസിലാക്കണം. അതിനാല്‍, മിന്നലേറ്റ ആളിന് പ്രഥമശുശ്രൂഷ നല്കാന് മടിക്കരുത്.
മിന്നലേറ്റാല്‍ ആദ്യ 30 സെക്കന്‍ഡ് ജീവന് രക്ഷിക്കാനുള്ള സുവര്‍ണനിമിഷങ്ങളാണ്. വളര്‍ത്തുമൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തേക്ക് പോവരുതെന്നും കാലാവസ്ഥാ വകുപ്പ് നിര്‍ദേശിച്ചു.
ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍
– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.
– മഴക്കാറ് കാണുമ്പോള്‍ തുണികളെടുക്കാന്‍ ടെറസ്സിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോവരുത്.
– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
– ജനലും വാതിലും അടച്ചിടുക.
– ലോഹവസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
– ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക.
– ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.
– കഴിയുന്നത്ര ഗൃഹാന്തര്‍ ഭാഗത്ത് ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതെ ഇരിക്കുക.
– ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
– വീടിനു പുറത്താണങ്കില്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്.
– വാഹനത്തിനുള്ളില്‍ ആണെങ്കില്‍ തുറസ്സായ സ്ഥലത്ത് നിര്‍ത്തി, ലോഹഭാഗങ്ങളില്‍ സ്പര്‍ശിക്കാതെ ഇരിക്കണം.
– ഇടിമിന്നലുണ്ടാവുമ്പോള്‍ ജലാശയത്തില്‍ ഇറങ്ങാന്‍ പാടില്ല.
– പട്ടം പറത്താന്‍ പാടില്ല.
– തുറസ്സായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല കാല്‍മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
– ഇടിമിന്നലുള്ള സമയം പുറത്ത് അയയില്‍ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങള്‍ എടുക്കാതിരിക്കുക.
– ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷയ്ക്കായി സര്‍ജ് പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.