അശാസ്ത്രീയമായി നിര്‍മ്മിച്ച കുഴിയില്‍ വീണ വീട്ടമ്മയുടെ രണ്ടു കാലുകളും ഒടിഞ്ഞ സംഭവം:മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
പൊന്നാരി മംഗലം സ്വദേശിനി പ്രമീളയുടെ കാലുകളാണ് ഒടിഞ്ഞത്. ഇക്കഴിഞ്ഞ 7 ന് ഉച്ചക്ക് 12 നാണ് പഴയ ഹൈക്കോടതി കെട്ടിടത്തിന് സമീപമുള്ള നേവി ക്വാര്‍ട്ടേഴ്‌സിന് മുന്നിലുള്ള കുഴിയില്‍ പ്രമീള വീണത്.
കൊച്ചി : എബ്രഹാം മാടമാക്കല്‍ റോഡില്‍ ഓടയിലേക്ക് വെള്ളമൊഴുക്കാന്‍ അശാസ്ത്രീയമായി നിര്‍മ്മിച്ച കുഴിയില്‍ വീണ വീട്ടമ്മയുടെ രണ്ടു കാലുകളും ഒടിഞ്ഞ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.കൊച്ചി നഗരസഭാ സെക്രട്ടറിയും ജില്ലാ പോലിസ് മേധാവിയും അന്വേഷണം നടത്തി മേയ് 23 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു.
മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.പൊന്നാരി മംഗലം സ്വദേശിനി പ്രമീളയുടെ കാലുകളാണ് ഒടിഞ്ഞത്. ഇക്കഴിഞ്ഞ 7 ന് ഉച്ചക്ക് 12 നാണ് പഴയ ഹൈക്കോടതി കെട്ടിടത്തിന് സമീപമുള്ള നേവി ക്വാര്‍ട്ടേഴ്‌സിന് മുന്നിലുള്ള കുഴിയില്‍ പ്രമീള വീണത്, ഫുട്പാത്തിലെ പെട്ടിക്കടയില്‍ നിന്ന് നാരങ്ങാ വെള്ളം കുടിച്ച് തിരിഞ്ഞപ്പോഴാണ് കുഴിയില്‍ വീണത്. കോണ്‍വെന്റ് റോഡില്‍ തയ്യല്‍ക്കട നടത്തുകയാണ് പ്രമീള. ഫുട്ടിപാത്തിനു താഴെ ഓടയിലേക്ക് വെള്ളം ഒഴുകി പോകാനുള്ള കുഴികള്‍ ഇപ്പോഴും തുറന്നു കിടക്കുകയാണ്.