കുഴിയില്‍ വീണ് വീട്ടമ്മയുടെ കാലുകള്‍ ഒടിഞ്ഞ സംഭവം: ബന്ധപ്പെട്ടവര്‍ക്കെതിരെ കേസെടുക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

ഹൈക്കോടതി ജംഗ്ഷന് സമീപം എബ്രഹാം മാടമാക്കല്‍ റോഡിലെ കുഴിയില്‍ വീണ് പ്രമീള എന്ന വീട്ടമ്മയുടെ രണ്ട് കാലുകള്‍ക്കും പൊട്ടലുണ്ടായ സംഭവത്തില്‍ തിരിച്ചറിയാവുന്ന കുറ്റം (രീഴിശ്വമയഹല ീളളലിലെ) നടന്നതായി വ്യക്തമായ സാഹചര്യത്തില്‍ ആവശ്യമായ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് അന്വഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ പോലിസിന് ഉത്തരവ് നല്‍കി

Update: 2022-08-27 12:11 GMT

കൊച്ചി: ഹൈക്കോടതി ജംഗ്ഷന് സമീപം എബ്രഹാം മാടമാക്കല്‍ റോഡിലെ കുഴിയില്‍ വീണ് പ്രമീള എന്ന വീട്ടമ്മയുടെ രണ്ട് കാലുകള്‍ക്കും പൊട്ടലുണ്ടായ സംഭവത്തില്‍ തിരിച്ചറിയാവുന്ന കുറ്റം (cognizable offense) നടന്നതായി വ്യക്തമായ സാഹചര്യത്തില്‍ ആവശ്യമായ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് അന്വഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ പോലിസിന് ഉത്തരവ് നല്‍കി. തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കാനുള്ള നിര്‍ദ്ദേശം ബന്ധപ്പെട്ട സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് നല്‍കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കി. മാധ്യമങ്ങളിലെ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

2022 ഏപ്രില്‍ ഏഴി ന് രാത്രിയാണ് പരാതിക്ക് ഇടയാക്കിയ സംഭവമുണ്ടായത്. സംഭവത്തില്‍ കൊച്ചി നഗരസഭ, കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ എന്നിവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പരാതിയില്‍ പറയുന്ന റോഡിലെ പ്രവൃത്തികള്‍ നടത്തുന്നത് കൊച്ചിന്‍ സ്മാര്‍ട്ട് മിഷനാണെന്നും അവരാണ് സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതെന്നും കൊച്ചി നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു.പരാതിയില്‍ പറയുന്ന കുഴികള്‍ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി നിര്‍മ്മിച്ചതാണെന്ന് കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ അറിയിച്ചു. കുഴികളില്‍ ഗ്രേറ്റിംഗ് (ഗ്രില്‍) സ്ഥാപിക്കുന്ന ജോലികള്‍ പുരോഗമിക്കുന്നതിനിടയിലാണ് പ്രമീളക്ക് അപകടം സംഭവിച്ചത്.

കാല്‍നട യാത്രക്കാര്‍ റോഡിലിറങ്ങി നടക്കുന്നത് ഒഴിവാക്കാനാണ് നടപ്പാതകള്‍ നിര്‍മ്മിച്ചതെന്നും എന്നാല്‍ നടപ്പാതകളില്‍ ലൈസന്‍സുള്ളവരും ഇല്ലാത്തവരുമായ കച്ചവടക്കാര്‍ അനധികൃതമായി കച്ചവടം നടത്തുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത്തരക്കാരെ ഒഴിപ്പിക്കാന്‍ നടപടിയെടുക്കുന്നുണ്ട്.കച്ചവടക്കാര്‍ നടപ്പാത കൈയേറിയതു കൊണ്ടാവാം അപകടം സംഭവിച്ചയാള്‍ക്ക് റോഡിലൂടെ നടക്കേണ്ടി വന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.അപകടം സംഭവിച്ചത് സംബന്ധിച്ച് മാധ്യവാര്‍ത്ത പ്രസിദ്ധീകരിച്ച ശേഷമാണ് കുഴികളില്‍ ഗ്രില്‍ സ്ഥാപിച്ചതെന്ന് മനസിലാക്കുന്നതായി സിറ്റി പോലീസ് കമ്മീഷണര്‍ കമ്മീഷനെ അറിയിച്ചു.ഇതു സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും കമ്മീഷനെ അറിയിച്ചു.

റോഡ് പുനരുദ്ധാരണ പണികള്‍ക്കായി റോഡില്‍ നിര്‍മ്മിക്കുന്ന കുഴികള്‍ അലക്ഷ്യമായും സുരക്ഷിതമില്ലാതെയുമാണ് നിര്‍വഹണ ഏജന്‍സികള്‍ നിലനിര്‍ത്തുന്നതെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവില്‍ പറഞ്ഞു. കാല്‍നട യാത്രക്കാരും വാഹന യാത്രക്കാരും ഒരു പോലെ അപകടത്തില്‍ പെടാന്‍ സാധ്യതയുള്ളതിനാല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഇത്തരം പ്രവണതകള്‍ കര്‍ശനമായി തടയണം. സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ചിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നു. സംഭവത്തില്‍ തിരിച്ചറിയാവുന്ന കുറ്റം സംഭവിച്ചിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു.

Tags:    

Similar News