ശബ്ദവും മലിനീകരണവും : മെറ്റല്‍ ക്രഷര്‍ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ എറണാകുളം ചീഫ് എണ്‍വിറോണ്‍മെന്റല്‍ എഞ്ചീനീയര്‍ക്കും കാലടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കുമാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് നിര്‍ദ്ദേശം നകിയത്.മേക്കാലടിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരെ നിരവധി പരാതികള്‍ പരിസര വാസികള്‍ നല്‍കിയിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു

Update: 2022-08-20 17:06 GMT

കൊച്ചി:അസഹനീയമായ ശബ്ദവും മലിനീകരണവും കാരണം പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന മെറ്റല്‍ ക്രഷറില്‍ പരിശോധന നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ എറണാകുളം ചീഫ് എണ്‍വിറോണ്‍മെന്റല്‍ എഞ്ചീനീയര്‍ക്കും കാലടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കുമാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് നിര്‍ദ്ദേശം നകിയത്.

ഗ്രാമപഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. മേക്കാലടിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരെ നിരവധി പരാതികള്‍ പരിസര വാസികള്‍ നല്‍കിയിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ഥാപനത്തിനെതിരെ ഹൈക്കോടതിയില്‍ കേസും നിലവിലുണ്ട്. മലിനീകരണത്തിനെതിരെ നടപടിയെടുക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് കത്ത് നല്‍കിയിട്ടുണ്ട്. 2023 ജൂണ്‍ 30 വരെ സ്ഥാപനത്തിന് ബോര്‍ഡിന്റെ ലൈസന്‍സുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

എന്നാല്‍ ബോര്‍ഡ് നല്‍കിയ നിര്‍ദ്ദേശങ്ങളൊന്നും സ്ഥാപനം അനുസരിച്ചിട്ടില്ലെന്ന് പരാതിക്കാരന്‍ കമ്മീഷനെ അറിയിച്ചു.മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം പഞ്ചായത്തിനും മലിനീകരണ നിയന്ത്രണ ബോര്‍ഡിനുമുണ്ടെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. നിബന്ധനകള്‍ അനുസരിച്ചില്ലെങ്കില്‍ ആവശ്യമായ തുടര്‍ നടപടികള്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ സ്വീകരിക്കണം.സ്ഥാപനം ഉടമയില്‍ നിന്നോ ജീവനക്കാരില്‍ നിന്നോ പരാതിക്കാര്‍ക്ക് എന്തെങ്കിലും ഭീഷണി നേരിടുകയാണെങ്കല്‍ ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി പരിഹാരം കാണാവുന്നതാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

Tags:    

Similar News