വിദ്യാര്‍ഥികളുടെ മാര്‍ക്കും രജിസ്‌ട്രേഷനും ഡിലീറ്റാക്കി; കേരളയിലെ മാര്‍ക്ക് തട്ടിപ്പിന്റെ തെളിവ് നശിപ്പിക്കാന്‍ ശ്രമം
മാര്‍ക്ക് തിരുത്തല്‍ പിടിക്കപ്പെടാതെ ഇരിക്കാനാണ് രജിസ്‌ട്രേഷന്‍ അടക്കം ഇല്ലാതാക്കിയത്. ഈ വിദ്യാര്‍ത്ഥികളുടെ ബാക്ക് അപ്പ് ഫയല്‍ പരിശോധിച്ചപ്പോഴാണ് ഡിലീറ്റ് ചെയ്തത് കണ്ടെത്തിയത്.
തിരുവനന്തപുരം: കേരള സര്‍വകലാശാല മാര്‍ക്ക് തട്ടിപ്പിന്റെ തെളിവ് നശിപ്പിക്കാന്‍ ശ്രമം. 25 വിദ്യാര്‍ത്ഥികളുടെ മാര്‍ക്കും രജിസ്‌ട്രേഷനും ഡിലീറ്റ് ചെയ്തതായാണ് കണ്ടെത്തിയത്. അവധി ദിനമായ ഇന്നലെ കംപ്യൂട്ടര്‍ സെന്റര്‍ തുറന്നിരുന്നു. മോഡറേഷന്‍ കൂട്ടി നല്‍കി എന്ന് തെളിഞ്ഞ ബിസിഎ കോഴ്‌സിലെ 25 വിദ്യാര്‍ഥികളുടെ മാര്‍ക്കും രജിസ്‌ട്രേഷനുമാണ് ഡിലീറ്റ് ആക്കിയത്. ഡിലീറ്റ് ആക്കിയതില്‍ ഇവരുടെ 2019ലെ മാര്‍ക്കും ഉള്‍പ്പെട്ടിട്ടുണ്ട്. മാര്‍ക്ക് തിരുത്തല്‍ പിടിക്കപ്പെടാതെ ഇരിക്കാനാണ് രജിസ്‌ട്രേഷന്‍ അടക്കം ഇല്ലാതാക്കിയത്. ഈ വിദ്യാര്‍ത്ഥികളുടെ ബാക്ക് അപ്പ് ഫയല്‍ പരിശോധിച്ചപ്പോഴാണ് ഡിലീറ്റ് ചെയ്തത് കണ്ടെത്തിയത്.
ഡിലീറ്റ് ചെയ്താലും ഇത് റിക്കവര്‍ ചെയ്താല്‍ എന്താണ് സംഭവിച്ചതെന്ന് മനസിലാകുമെന്ന് യുണിവേഴ്‌സിറ്റിയിലെ സാങ്കേതിക വിദഗ്ധര്‍ വ്യക്തമാക്കി. അവധി ദിനമായ ഇന്നലെ കംപ്യൂട്ടര്‍ സെന്റര്‍ പ്രവര്‍ത്തിച്ചതും സംശയകരമാണ്. പ്രൊ വൈസ് ചാന്‍സലര്‍ ഇടപെട്ട് ഉച്ചയോടെ സെന്റര്‍ അടപ്പിക്കുകയായിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്ന് പരിശോധനക്ക് എത്തുന്ന മൂന്നംഗ സമിതിക്ക് കൈമാറാനാണ് സെന്റര്‍ തുറന്നതെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം. 12 പരീക്ഷകളിലാണ് മോഡറേഷന്‍ മാര്‍ക്കില്‍ തിരുത്തല്‍ വരുത്തിയതായി കണ്ടെത്തിയിരിക്കുന്നത്.