പാചകവാതകത്തിന്റെ വിലവര്‍ധനവ് : സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുന്നുവെന്ന് ഹോട്ടല്‍ ഉടമകള്‍
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ആയിരത്തോളം രൂപയാണ് പാചകവാതകത്തിന് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതുമൂലം പ്രതിദിനം മൂവായിരത്തോളം രൂപ അധികബാധ്യതയാണ് ഓരോ ഹോട്ടലുടമയ്ക്കും ഉണ്ടാവുന്നത്.പാചകവാതകത്തിന്റെ വില കുറയ്ക്കുവാന്‍ തയ്യാറായില്ലെങ്കില്‍ ഹോട്ടല്‍ വിഭവങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുവാന്‍ ഹോട്ടലുടമകള്‍ നിര്‍ബന്ധിതരാകും
കൊച്ചി: പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കും പാചകവാതകത്തിനും അടിക്കടി വിലവര്‍ധിപ്പിച്ച് സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് കേരള ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്‍. കൊവിഡും, പ്രകൃതിക്ഷോഭവും മൂലം നട്ടംതിരിയുന്ന ജനങ്ങളോട് യാതൊരു പ്രതിബദ്ധതയും ഇല്ലാതെ എണ്ണക്കമ്പനികള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കുവാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വിലവര്‍ധിക്കുന്നതുകൊണ്ട് അവശ്യസാധനങ്ങള്‍ക്കും വില വര്‍ധിച്ചുകൊണ്ടിരിക്കുന്നു. അതിനിടയിലാണ് ഇന്നുമുതല്‍ വാണിജ്യാവസ്യത്തിനുള്ള പാചകവാതകത്തിന് 266 രൂപ കൂട്ടിയിരിക്കുന്നത്.
രണ്ടായിരം രൂപയ്ക്ക് മുകളിലാണ് ഇന്ന് സംസ്ഥാനത്ത് ഒരു സിലിണ്ടര്‍ പാചകവാതകത്തിന്റെ വില. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ആയിരത്തോളം രൂപയാണ് പാചകവാതകത്തിന് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതുമൂലം പ്രതിദിനം മൂവായിരത്തോളം രൂപ അധികബാധ്യതയാണ് ഓരോ ഹോട്ടലുടമയ്ക്കും ഉണ്ടാവുന്നത്. പാചകവാതകത്തിന്റെ വില കുറയ്ക്കുവാന്‍ തയ്യാറായില്ലെങ്കില്‍ ഹോട്ടല്‍ വിഭവങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുവാന്‍ ഹോട്ടലുടമകള്‍ നിര്‍ബന്ധിതരാകും.
പെട്രോളിയം ഉള്‍പ്പന്നങ്ങളുടെ വിലനിയന്ത്രണാവകാശം പെട്രോളിയം കമ്പനികളില്‍നിന്നും കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണം. പെട്രോളിയം ഉള്‍പ്പന്നങ്ങളുടേയും പാചകവാതകത്തിന്റെയും വിലവര്‍ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യൂനിറ്റ്, ജില്ലാ തലങ്ങളില്‍ സമരം സംഘടിപ്പിക്കുവാനും കേരള ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ തീരുമാനിച്ചതായും പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജിയും ജനറല്‍ സെക്രട്ടറി ജി ജയപാലും അറിയിച്ചു.