ലോക്ക്ഡൗണ്‍:ഹോട്ടല്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; സര്‍ക്കാരിന്റെ അടിയന്തര സഹായം വേണമെന്ന് ഉടമകള്‍
ഹോട്ടലുകളില്‍ പാര്‍സല്‍ സേവനം അനുവദിച്ചെങ്കിലും പ്രവര്‍ത്തന ചെലവു പോലും ലഭിക്കാത്തതിനാല്‍ 80 ശതമാനം ഹോട്ടലുകളും അടച്ചിട്ടിരിക്കുകയാണ്.സര്‍ക്കാരിന്റെ അടിയന്തര സഹായം ഹോട്ടല്‍ മേഖലയ്ക്ക് ലഭ്യമായാലേ ലോക്ക് ഡൗണിനു ശേഷം ഹോട്ടല്‍ മേഖലയ്ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളു
കൊച്ചി: കൊവിഡിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗണ്‍ മൂലം ഹോട്ടല്‍ മേഖല കടുത്ത പ്രതിസന്ധിയിലാണെന്ന് കേരള ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍ കുട്ടി ഹാജി,ജനറല്‍ സെക്രട്ടറി ജി ജയപാല്‍ എന്നിവര്‍ പറഞ്ഞു.ഹോട്ടലുകളില്‍ പാര്‍സല്‍ സേവനം അനുവദിച്ചെങ്കിലും പ്രവര്‍ത്തന ചെലവു പോലും ലഭിക്കാത്തതിനാല്‍ 80 ശതമാനം ഹോട്ടലുകളും അടച്ചിട്ടിരിക്കുകയാണ്.സര്‍ക്കാരിന്റെ അടിയന്തര സഹായം ഹോട്ടല്‍ മേഖലയ്ക്ക് ലഭ്യമായാലേ ലോക്ക് ഡൗണിനു ശേഷം ഹോട്ടല്‍ മേഖലയ്ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളു.
വൈദ്യുതി ചാര്‍ജ്,വെള്ളക്കരം,കെട്ടിട വാടക,ജിഎസ്ടി,ബാങ്ക് വായ്പ എന്നിവയെല്ലാം കുടിശിഖ വന്നിരിക്കുകയാണ്.എങ്ങനെ മുന്നോട്ടു പോകും എന്ന ആശങ്കയിലാണ് ഹോട്ടലുടമകള്‍.കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്ത് അനുവദിച്ചതുപോലെ വൈദ്യുതി,വെള്ളക്കരം,ജിഎസ്ടി കുടിശിഖകള്‍ പിഴപ്പലിശ ഒഴിവാക്കി ഗഡുക്കളായി അടയ്ക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കണം.കേന്ദ്രസര്‍ക്കാര്‍ കോമ്പോസിഷന്‍ സ്‌കീം തിരഞ്ഞെടുത്ത ഹോട്ടലുകളുടെ ലോക്ക് ഡൗണ്‍ കാലയളവിലെ ജിഎസ്ടി ഒഴിവാക്കുകയും വായ്പാ തിരിച്ചടവിന് മൊറൊട്ടേറിയം പ്രഖ്യാപിക്കുകയും വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ലോക്ക് ഡൗണിനുശേഷം തുറന്നു പ്രവര്‍ത്തിക്കുന്നതിനായി പ്രവര്‍ത്തന ചെലവിലേക്ക് ഹോട്ടലുടമകള്‍ക്ക് സഹായകരമായ ഹ്രസ്വകാല വായ്പകള്‍ കുറഞ്ഞ പലിശ നിരക്കില്‍ ലഭ്യമാക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണം.ലക്ഷക്കണക്കിന് ആളുകള്‍ നേരിട്ടും അല്ലാതെയും തൊഴിലെടുക്കുന്ന ഹോട്ടല്‍,റെസ്‌റ്റോറന്റ്,ബേക്കറി,ലോഡ്ജ് മേഖലയ്ക്ക് ഉത്തേജനം പകരുന്ന അടിയന്തര നടപടികള്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.