സ്വകാര്യ വ്യവസായ പാര്‍ക്കുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഇന്‍സെന്റീവ്: മന്ത്രി പി രാജീവ്
ഒരു വര്‍ഷത്തിനിടെ ഒരു ലക്ഷം വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുക എന്ന ലക്ഷ്യം കണ്ടെത്താന്‍ അതിവിപുലമായ തയ്യാറെടുപ്പുകളാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതിന് കൂട്ടായ പ്രവര്‍ത്തനം ആവശ്യമായതിനാല്‍ വിവിധ വകുപ്പുകളുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്
കൊച്ചി: സ്വകാര്യ വ്യവസായ പാര്‍ക്കുകളുടെ നിക്ഷേപകര്‍ക്ക് പശ്ചാത്തല വികസനത്തിനായി മൂന്ന് കോടി രൂപ വരെ ഇന്‍സെന്റീവ് അനുവദിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്.കിന്‍ഫ്ര പെട്രോ കെമിക്കല്‍ പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഒരു വര്‍ഷത്തിനിടെ ഒരു ലക്ഷം വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുക എന്ന ലക്ഷ്യം കണ്ടെത്താന്‍ അതിവിപുലമായ തയ്യാറെടുപ്പുകളാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതിന് കൂട്ടായ പ്രവര്‍ത്തനം ആവശ്യമായതിനാല്‍ വിവിധ വകുപ്പുകളുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.
സംരംഭകരും ഉദ്യോഗസ്ഥരും മുതല്‍ തൊഴിലാളി യൂനിയനുകള്‍ ഉള്‍പ്പെടെ വിവിധ തലത്തിലുള്ളവരില്‍ നിന്ന് പൂര്‍ണ സഹകരണം ഉറപ്പാക്കിയതായും മന്ത്രി പറഞ്ഞു.പെട്രോ കെമിക്കല്‍ പാര്‍ക്ക് സ്ഥാപിക്കുന്ന അമ്പലമുകള്‍ ഭാഗത്തെ സ്ഥാപനങ്ങള്‍ നേരിടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ആലുവയിലെ പമ്പിംഗ് സ്‌റ്റേഷനില്‍ നിന്ന് കിന്‍ഫ്ര പ്രത്യേക പൈപ്പ് ലൈന്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.പി വി ശ്രീനിജിന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കൊച്ചി നഗരത്തോട് ചേര്‍ന്നു കിടക്കുന്ന കുന്നത്തുനാട് നിയോജക മണ്ഡലത്തെ നോയിഡ മാതൃകയിലുള്ള സബര്‍ബന്‍ നഗരമാക്കി മാറ്റാന്‍ കഴിയുന്ന തരത്തില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
എഫ്എസിടിയില്‍ നിന്ന് ഏറ്റെടുത്തിട്ടുള്ള 481.79 ഏക്കര്‍ ഭൂമിയില്‍ ടൗണ്‍ഷിപ്പ് മാതൃകയിലാണ് നിര്‍ദിഷ്ട പെട്രോ കെമിക്കല്‍ പാര്‍ക്ക് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ ഭൂമി ഏറ്റെടുക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഉള്‍പ്പടെ 1200 കോടി രൂപയാണ് മൊത്തം പദ്ധതിച്ചെലവ് കണക്കാക്കുന്നത്. ബിപിസിഎല്‍ ഉള്‍പ്പടെ 35 നിക്ഷേപകര്‍ക്കായി 230 ഏക്കര്‍ ഭൂമി ഇതിനോടകം അനുവദിച്ചിട്ടുണ്ട്. പെട്രോ കെമിക്കല്‍ പാര്‍ക്ക് യാഥാര്‍ഥ്യമാക്കുന്നതിനായി രണ്ടര വര്‍ഷത്തെ സമയമാണ് അനുവദിച്ചിട്ടുള്ളതെങ്കിലും രണ്ട് വര്‍ഷം കൊണ്ട് തന്നെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് കരാറുകാരായ മേരിമാതാ ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് അധികൃതര്‍ ചടങ്ങില്‍ മന്ത്രിയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.