പാലാരിവട്ടം മേല്‍പ്പാലം: കിറ്റ്‌കോയുടെ അടിയന്തര ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇന്ന്

നിര്‍മാണത്തിന്റെ മേല്‍നോട്ടച്ചുമതല കിറ്റ്‌കോയ്ക്കായിരുന്നു. റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷനില്‍നിന്നും റിപോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ബലക്ഷയത്തിന്റെ കാരണമെന്തെന്ന് വിശദീകരിക്കാന്‍ കഴിയൂവെന്നാണ് നിലവില്‍ കിറ്റ്‌കോയുടെ നിലപാട്.

Update: 2019-05-07 04:23 GMT

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തില്‍ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ കിറ്റ്‌കോയുടെ അടിയന്തര ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇന്ന് ചേരും. നിര്‍മാണത്തിന്റെ മേല്‍നോട്ടച്ചുമതല കിറ്റ്‌കോയ്ക്കായിരുന്നു. റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷനില്‍നിന്നും റിപോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ബലക്ഷയത്തിന്റെ കാരണമെന്തെന്ന് വിശദീകരിക്കാന്‍ കഴിയൂവെന്നാണ് നിലവില്‍ കിറ്റ്‌കോയുടെ നിലപാട്.

നിര്‍മിച്ച് രണ്ടുവര്‍ഷത്തിനുള്ളില്‍ പാലം ബലക്ഷയത്തിലായതിന്റെ ഉത്തരവാദിത്വം കിറ്റ്‌കോയ്ക്കുമുണ്ടെന്നും പ്രാഥമികതലത്തില്‍ പ്രശ്‌നം പരിഹരിക്കേണ്ടിയിരുന്ന കിറ്റ്‌കോ കണ്ണടച്ചെന്നും പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ വിമര്‍ശിച്ചിരുന്നു. സര്‍ക്കാരിന് ഒരുരൂപ പോലും നഷ്ടം വരാതെ പാലാരിവട്ടം മേല്‍പ്പാലത്തിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് ഇതിന് പിന്നാലെ കിറ്റ്‌കോ വ്യക്തമാക്കുകയും ചെയ്തു. ഇന്ന് ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യും.

സംസ്ഥാന സര്‍ക്കാരിനുകൂടി പങ്കാളിത്തമുള്ള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്‌കോയുടെ കൂടി മേല്‍നോട്ടത്തിലായിരുന്നു പാലാരിവട്ടം മേല്‍പ്പാല നിര്‍മാണം. കൊച്ചി, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെയടക്കം കണ്‍സള്‍ട്ടന്‍സിയായ കിറ്റ്‌കോയുടെ ഉപദേശമുണ്ടായിട്ടും പാലാരിവട്ടം പാലം നിര്‍മാണത്തില്‍ വ്യാപകക്രമക്കേടുണ്ടായെന്ന റിപോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അതേസമയം, പാലാരിവട്ടം മേല്‍പ്പാലം അറ്റകുറ്റപ്പണിക്കായി ഉന്നതതല വിദഗ്ധസമിതി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 

Tags:    

Similar News