മോണ്‍സന്റെ അറസ്റ്റിന് പിന്നാലെ കൊച്ചി മെട്രോ എംഡി ലോക്‌നാഥ് ബെഹ്‌റ അവധിയില്‍

മോണ്‍സന്‍ മാവുങ്കലുമായി ബെഹ്‌റയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങളും വാര്‍ത്തകളും പുറത്തുവന്നിരുന്നു. എന്നാല്‍, ഇതിനോട് പ്രതികരിക്കാന്‍ ബെഹ്‌റ തയ്യാറായിരുന്നില്ല.

Update: 2021-09-30 06:30 GMT

കൊച്ചി: പുരാവസ്തു തട്ടിപ്പുകാരന്‍ മോണ്‍സന്‍ മാവുങ്കലുമായി ബന്ധമുണ്ടെന്ന ആരോപണത്തിന് പിന്നാലെ മുന്‍ ഡിജിപിയും കൊച്ചി മെട്രോ എംഡിയുമായ ലോക്‌നാഥ് ബെഹ്‌റ അവധിയില്‍ പ്രവേശിച്ചു. ഭാര്യയുടെ ചികില്‍സാര്‍ഥമാണ് അവധിയെന്നാണ് വിശദീകരണം. അതേസമയം, ബെഹ്‌റയുടെ അവധിയുമായി ബന്ധപ്പെട്ട് കൊച്ചി മെട്രോ ഓഫിസില്‍നിന്ന് ഔദ്യോഗിക അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല. മോണ്‍സന്‍ മാവുങ്കലുമായി ബെഹ്‌റയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങളും വാര്‍ത്തകളും പുറത്തുവന്നിരുന്നു. എന്നാല്‍, ഇതിനോട് പ്രതികരിക്കാന്‍ ബെഹ്‌റ തയ്യാറായിരുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പോലിസ് ഫയലുകളിലുണ്ട്.

എല്ലാം പോലിസിനോട് വിശദീകരിച്ചതാണെന്ന വിശദീകരണം മാത്രമാണ് ലഭിച്ചത്. മോണ്‍സന്‍ മാവുങ്കലിന്റെ അറസ്റ്റിന് ശേഷം ബെഹ്‌റ ഓഫിസില്‍ വന്നിരുന്നില്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇദ്ദേഹം അവസാനമായി ഓഫിസിലെത്തിയത്. മോണ്‍സന്റെ വീടുകള്‍ക്ക് സുരക്ഷ നല്‍കിയത് 2019 ല്‍ ബെഹ്‌റ ഡിജിപിയായിരുന്നപ്പോള്‍ നല്‍കിയ നിര്‍ദേശപ്രകാരമായിരുന്നു. കൊച്ചി, ആലപ്പുഴ ജില്ലാ പോലിസ് മേധാവിമാര്‍ക്ക് കത്തിലൂടെയാണ് നിര്‍ദേശം നല്‍കിയത്. ഇതുസംബന്ധിച്ച് ഡിജിപി അയച്ച കത്തുകളുടെ പകര്‍പ്പുകളും പുറത്തുവന്നിരുന്നു. മോണ്‍സന്‍ മാവുങ്കലിന്റെ കൊച്ചി കലൂരിലെ വീടിനും ചേര്‍ത്തലയിലെ വീടിനുമായിരുന്നു പോലിസ് സുരക്ഷ ഒരുക്കിയത്.

പോലിസിന്റെ ബീറ്റ് ബോക്‌സ് ഉള്‍പ്പെടെ മോണ്‍സന്റെ വീട്ടില്‍ സ്ഥാപിച്ചിരുന്നു. മോണ്‍സനെതിരേ ഇന്റലിജന്‍സ് അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചതും അതുവഴി അയാള്‍ തട്ടിപ്പുകാരനാണെന്ന് കണ്ടെത്തിയതും ബെഹ്‌റ തന്നെയാണ്. എന്നാല്‍, മോന്‍സനെ െ്രെകംബ്രാഞ്ച് അറസ്റ്റ് ചെയ്തതിനു പിന്നാലെ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ക്ക് ഇരയായി മാറിയതും അതേ ബെഹ്‌റ തന്നെ. ഒരിക്കല്‍ മോണ്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു ശേഖരം കാണാന്‍ കലൂരിലെ വീട്ടിലെത്തിയപ്പോള്‍ അവിടുത്തെ സിംഹാസനത്തില്‍ എഡിജിപി മനോജ് എബ്രഹാമിനൊപ്പമിരുന്ന് ഒരു ഫോട്ടോയെടുത്തതാണ് ബെഹ്‌റയ്ക്കു വിനയായി മാറിയത്.

Tags:    

Similar News