കൊല്ലം എസ്എന്‍ കോളജ് സുവര്‍ണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസ്: രണ്ടാഴ്ചയ്ക്കകം കുറ്റപത്രം സമര്‍പ്പിക്കണമെന്ന് അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്‍ദേശം
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ എത്രയും പെട്ടെന്നു ചോദ്യം ചെയ്യണം.അന്വേഷണം ഇനിയും നീട്ടാനാവില്ലെന്ന് കോടതി വ്യക്തമാക്കി. എസ്എന്‍ ട്രസ്റ്റ് ട്രസ്റ്റിയായിരുന്ന കൊല്ലം കടപ്പാക്കട സ്വദേശി പി സുരേന്ദ്ര ബാബുവാണ് ഹരജിക്കാരന്‍
കൊച്ചി: കൊല്ലം എസ്എന്‍ കോളജ് സുവര്‍ണ ജൂബിലി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ എത്രയും പെട്ടെന്നു ചോദ്യം ചെയ്ത് രണ്ടാഴ്ചയ്ക്കകം കുറ്റപത്രം സമര്‍പ്പിക്കണമെന്ന് കേസ് അന്വേഷിക്കുന്ന സംഘത്തിന് ഹൈക്കോടതി നിര്‍ദ്ദേശം. അന്വേഷണം ഇനിയും നീട്ടാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്കായി പിരിച്ച തുകയില്‍ സാമ്പത്തിക ക്രമക്കേട്് നടത്തിയെന്ന കേസില്‍ അന്വേഷണം പുര്‍ത്തിയാക്കാന്‍ പ്രത്യേക സംഘത്തിന് ഹൈക്കോടതി നേരത്തെ ഒരു മാസം കൂടി സമയം അനുവദിച്ചിരുന്നു.
അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ആറ് മാസത്തിനകം അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന മുന്‍പ് കോടതി ഉത്തരവിട്ടിരുന്നുവെങ്കിലും ഇത് നടപ്പിലാക്കാന്‍ കാലതാമസം നേരിട്ടത് കോടതി അന്ന് മാപ്പാക്കിയിരുന്നു. റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകിയതിനെതിരായ കോടതിയലക്ഷ്യ ഹരജിയാണ് കോടതി പരിഗണിച്ചത്.സുവര്‍ണ ജൂബിലി ആഘോഷ നടത്തിപ്പിനായി 1997-98 കാലയളവില്‍ പിരിച്ച 1,02,61296 രൂപയില്‍ വന്‍ തുക തിരിമറി നടത്തിയെന്നാണ് കേസ്. എസ്എന്‍ ട്രസ്റ്റ് ട്രസ്റ്റിയായിരുന്ന കൊല്ലം കടപ്പാക്കട സ്വദേശി പി സുരേന്ദ്ര ബാബു 2004ല്‍ നല്‍കിയ സ്വകാര്യ അന്യായത്തിലാണ് കൊല്ലം സിജെഎം കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.
ക്രൈം ഡിറ്റാച്ച്‌മെന്റ് എസ്പി അന്വേഷണം നടത്തി കേസ് എഴുതിതള്ളിയിരുന്നു. ഹരജിക്കാരന്റെ തടസവാദം പരിഗണിച്ച വിചാരണ കോടതി പോലിസിന്റെ റിപോര്‍ട്ട് തള്ളി. അന്വേഷണത്തിനെതിരെ വെള്ളാപ്പള്ളി നടേശന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഹരജിക്കാരന്‍ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് എഡിജിപിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദേശിച്ചത്. സംസ്ഥാന സര്‍ക്കാര്‍, ഡിജിപി, കൊല്ലം ഡിവൈഎസ്പി എന്നിവരും കേസില്‍ എതിര്‍കക്ഷികളാണ്. കേസ് ജൂലൈ ആറിനു വീണ്ടും പരിഗണിക്കും.