കൊവിഷീല്‍ഡ് വാക്‌സിന്‍:ഡോസുകള്‍ക്കിടയിലെ ഇടവേള 84 ദിവസം തന്നെയെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്;സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി
പണം മുടക്കി എടുക്കുന്ന കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസ് 28 ദിവസത്തിനു ശേഷം സ്വീകരിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ കമ്പനി നല്‍കിയ ഹരജി പരിഗണിച്ചായിരുന്നു നേരത്തെ സിംഗിള്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്
കൊച്ചി: കൊവിഡ് പ്രതിരോധത്തിനുള്ള കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള 84 ദിവസം തന്നെയെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്.പണം മുടക്കി കൊവിഷീല്‍ഡ് വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് രണ്ടാം ഡോസ് സ്വീകരിക്കുന്നതിനുള്ള ഇടവേള കുറച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹരജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
പണം മുടക്കി എടുക്കുന്ന കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസ് 28 ദിവസത്തിനു ശേഷം സ്വീകരിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ കമ്പനി നല്‍കിയ ഹരജി പരിഗണിച്ചായിരുന്നു നേരത്തെ സിംഗിള്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.വിദേശത്ത് പോകുന്നവര്‍ക്ക് രണ്ടാം ഡോസ് സ്വീകരിക്കന്നതിന് ഇളവ് അനുവദിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു ഇവര്‍ ഹരജി നല്‍കിയിരുന്നത്.
എന്നാല്‍ ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് വാക്‌സിന്റെ ഡോസുകള്‍ തമ്മിലുളള ഇടവേള നിശ്ചയിച്ചിരിക്കുന്നതെന്നും അതിനാല്‍ ആദ്യം ഡോസ് സ്വീകരിച്ച് 84 ദിവസത്തിനു ശേഷം മാത്രമെ രണ്ടാം ഡോസ് നല്‍കുകയുള്ളുവെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം.ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷമായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.
പണം മുടക്കി വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് വാക്‌സിന്‍ ഇടവേള കുറച്ചുവെങ്കിലും സര്‍ക്കാര്‍ ചെലവില്‍ എടുക്കന്നവര്‍ക്ക് ഇത് ബാധകമാകില്ലെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.എന്നാല്‍ വാക്‌സിന്‍ ഇടവേള കുറയ്ക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അപ്പീല്‍ ഹരജിയുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയിരിക്കുന്നത്.