കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ഉദ്ഘാടനം 14ന് മുഖ്യമന്ത്രി നിര്‍വഹിക്കും

കേരളത്തിലെ 33-ാമത്തെ മെഡിക്കല്‍ കോളജാണ് കോന്നിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ജില്ലയിലെ ആദ്യ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജുമാണ്.

Update: 2020-09-05 13:15 GMT

പത്തനംതിട്ട: കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ഈമാസം 14 ന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് കെ യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ജില്ലാ കലക്ടര്‍ പി ബി നൂഹിന്റെ സാന്നിധ്യത്തില്‍ നടത്തിയ വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ഒപി വിഭാഗം ഇതോടൊപ്പം പ്രവര്‍ത്തനം ആരംഭിക്കും. മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ മലയോര നാടിന്റെ ചിരകാല സ്വപ്നം യാഥാര്‍ഥ്യമാകുകയാണ്.

മന്ത്രിമാര്‍, എംപി, എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, മെഡിക്കല്‍ കോളജ് ജീവനക്കാര്‍ ഉള്‍പ്പെടെ 50 പേരെ മാത്രം ഉള്‍പ്പെടുത്തി ചടങ്ങ് ലഘൂകരിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരിക്കും ഉദ്ഘാടനം നടത്തുക. പൊതുജനങ്ങളെ ചടങ്ങില്‍ അനുവദിക്കില്ല. ചടങ്ങിന് മുന്നോടിയായി അതിഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തും. ജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴിയും, പ്രാദേശിക ചാനല്‍ വഴിയും ഉദ്ഘാടനം ലൈവായി കാണുന്നതിന് അവസരമൊരുക്കും.

നിര്‍മാണം പൂര്‍ത്തിയാക്കിയ ആശുപത്രി കെട്ടിടം, അക്കാദമിക്ക് ബ്ലോക്ക് എന്നിവയാണ് മുഖ്യമന്ത്രി നാടിനു സമര്‍പ്പിക്കുന്നത്. 32,900 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണമുളള ആശുപത്രി കെട്ടിടമാണ് നിര്‍മിച്ചിട്ടുള്ളത്. കാഷ്വാലിറ്റി, ഒപി വിഭാഗം, ഐപി വിഭാഗം, അഡ്മിനിസ്ട്രേഷന്‍ വിഭാഗം, ഓപ്പറേഷന്‍ തീയറ്ററുകള്‍, കാന്റീന്‍ ഉള്‍പ്പെടെ വിപുലമായ വിഭാഗങ്ങളാണ് ആശുപത്രി കെട്ടിടത്തിലുള്ളത്. നാലുനിലകളിലായി നിര്‍മിച്ചിട്ടുള്ള കെട്ടിടത്തില്‍ 10 വാര്‍ഡുകളിലായി 30 കിടക്കകള്‍ വീതം ആകെ 300 കിടക്കകളാണുള്ളത്. പ്രാരംഭഘട്ടമായി 127 ജീവനക്കാരെയാണ് നിയമിക്കുക.

അക്കാദമിക്ക് ബ്ലോക്കിന് നാല് നിലകളിലായി 16,300 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണമാണുള്ളത്. വിവിധ ഡിപ്പാര്‍ട്ട്മെന്റുകള്‍, ക്ലാസ് മുറികള്‍, ലാബ് ഉള്‍പ്പെടെ വിദ്യാര്‍ഥികളുടെ പഠന പ്രവര്‍ത്തനങ്ങള്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ഇതില്‍ ഒരുക്കുന്നത്. മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടവും, അക്കാദമിക്ക് ബ്ലോക്കും ഉള്‍പ്പെടെ 49,200 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണത്തിലുള്ള രണ്ട് കെട്ടിടങ്ങളാണ് പൂര്‍ത്തിയായിട്ടുള്ളത്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് റവന്യൂ വകുപ്പില്‍ നിന്നും കൈമാറി നല്‍കിയ 50 ഏക്കര്‍ ഭൂമിയിലാണ് മെഡിക്കല്‍ കോളജ് നിര്‍മിച്ചിട്ടുള്ളത്.

പ്രൊജക്ട് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്നത് ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍ ലിമിറ്റഡ് (എച്ച്.എല്‍.എല്‍) ആണ്. ഹൈദരാബാദ് ആസ്ഥാനമായുള്ള നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് നിര്‍മാണ കരാര്‍ ഏറ്റെടുത്ത് നടത്തിയത്. 130 കോടിക്കാണ് ഒന്നാം ഘട്ട നിര്‍മാണം പൂര്‍ത്തിയാക്കിയത്.

2012 മാര്‍ച്ച് 24 ന് ആണ് കോന്നിയില്‍ മെഡിക്കല്‍ കോളജ് ആരംഭിക്കാന്‍ സര്‍ക്കാര്‍ ഉത്തരവുണ്ടാകുന്നത്. തുടര്‍ന്ന്് ഉണ്ടായ ഉടമ്പടി പ്രകാരം 2013 ഡിസംബര്‍ 23 ന് നിര്‍മാണം ആരംഭിച്ച് 2015 ജൂണ്‍ 22 ന് നിര്‍മാണം പൂര്‍ത്തീകരിക്കേണ്ടിയിരുന്നു. 18 മാസമായിരുന്നു നിര്‍മാണ കാലാവധി. എന്നാല്‍, വിവിധ കാരണങ്ങളാല്‍ 2014 മേയ് 15ന് മാത്രമാണ് മെഡിക്കല്‍ കോളജ് നിര്‍മാണം ആരംഭിക്കാന്‍ കഴിഞ്ഞത്. തുടര്‍ന്നും ഫണ്ട് ലഭ്യമാകാതിരുന്നതിനാല്‍ നിര്‍മാണ പ്രവര്‍ത്തനം തടസപ്പെട്ടു. 2016 മുതലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് വേഗത്തിലാക്കിയത്.

ഉപതെരഞ്ഞെടുപ്പിലൂടെ ജനപ്രതിനിധിയായി ചുമതല ഏറ്റെടുത്തശേഷം മെഡിക്കല്‍ കോളജ് നിര്‍മാണം പൂര്‍ത്തിയാക്കി ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നതിന് മുഖ്യപരിഗണന നല്‍കുകയും അതിനാവശ്യമായ ഇടപെടല്‍ നടത്താനും കഴിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവരുടെ മികച്ച പിന്തുണ ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ട്. ആരോഗ്യമന്ത്രി പങ്കെടുത്തുകൊണ്ട് കോന്നി മെഡിക്കല്‍ കോളജിലും തിരുവനന്തപുരത്തുമായി നിരവധി അവലോകന യോഗങ്ങള്‍ ചേര്‍ന്നിട്ടുണ്ട്. മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യത്തിലേക്ക് എത്തിക്കുന്നതിന് ഈ യോഗങ്ങളിലൂടെ കൃത്യമായ ഇടപെടലാണ് നടത്തിയിട്ടുളളത്.

ജില്ലയിലെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യത്തില്‍ എത്തിക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ തലവനെന്ന നിലയില്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളും എടുത്തു പറയേണ്ടതാണ്. അവലോകന യോഗങ്ങള്‍ ആഴ്ചതോറും ചേരാനും പരമാവധി ദിവസങ്ങളില്‍ മെഡിക്കല്‍ കോളജില്‍ നേരിട്ടെത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും എംഎല്‍എ എന്ന നിലയില്‍ കഴിഞ്ഞിട്ടുണ്ട്. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയും ഇടപെടലിലൂടെയും മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യത്തില്‍ എത്തിക്കാന്‍ നടത്തിയ പരിശ്രമം ഇപ്പോള്‍ ലക്ഷ്യത്തിലെത്തിയിരിക്കുകയാണ്. മെഡിക്കല്‍ കോളജിനായി പ്രയത്നിച്ച മുന്‍ ജനപ്രതിനിധികളുടെയും ഇപ്പോഴത്തെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥ പ്രമുഖരുടേയും സേവനങ്ങള്‍ നന്ദിയോടെ സ്മരിക്കുന്നതായി എംഎല്‍എ പറഞ്ഞു.

കേരളത്തിലെ 33-ാമത്തെ മെഡിക്കല്‍ കോളജാണ് കോന്നിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ജില്ലയിലെ ആദ്യ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജുമാണ്. ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള അനുവാദത്തിനായി മെഡിക്കല്‍ കൗണ്‍സിലിന് ഉടന്‍തന്നെ അപേക്ഷ നല്‍കും. ഐപി വിഭാഗവും ഈ വര്‍ഷംതന്നെ ആരംഭിക്കും. മെഡിക്കല്‍ കോളജിനോടു ചേര്‍ന്നുള്ള ഒരു കിലോമീറ്റര്‍ റോഡ് നാല് വരിപ്പാതയായി നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കോന്നിയില്‍ നിന്നും പയ്യനാമണ്ണില്‍ നിന്നുമുള്ള പ്രധാന റോഡുകള്‍ മെഡിക്കല്‍ കോളജ് റോഡായി വികസിപ്പിക്കും.

പ്രതിദിനം അന്‍പത് ലക്ഷം ലിറ്റര്‍ ജലം സംഭരിക്കാന്‍ കഴിയുന്ന മെഡിക്കല്‍ കോളജ് ശുദ്ധജല വിതരണ പദ്ധതിയുടെ നിര്‍മാണവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. 13.98 കോടി രൂപയുടെ നബാര്‍ഡ് സഹായത്തോടെ മെഡിക്കല്‍ കോളജിനോടു ചേര്‍ന്ന ഒരേക്കര്‍ സ്ഥലത്താണ് ശുദ്ധജല വിതരണ പദ്ധതി നടപ്പാക്കിയത്. അരുവാപ്പുലം പഞ്ചായത്തിലെ 1, 2, 14, 15 വാര്‍ഡുകളിലും ഈ പദ്ധതിയില്‍ നിന്ന് ജലം ലഭ്യമാക്കും.

എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിക്കൊണ്ടാണ് ഒപി വിഭാഗം പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഒപിയില്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി എംഎല്‍എ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ഇതിനോടകം നല്‍കിക്കഴിഞ്ഞു. പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ആവശ്യമായ ഫര്‍ണിച്ചറുകളും മറ്റ് ഉപകരണങ്ങളും മെഡിക്കല്‍ കോളജില്‍ എത്തിച്ചു കൊണ്ടിരിക്കുകയാണ്.

മെഡിക്കല്‍ കോളജിലെ എല്ലാ നിയമനങ്ങളും വ്യവസ്ഥാപിത മാര്‍ഗങ്ങളില്‍ക്കൂടി മാത്രമായിരിക്കും. നിയമനങ്ങള്‍ പിഎസ്‌സി, എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ച് തുടങ്ങിയ സംവിധാനങ്ങളിലൂടെയാണ് നടത്തുക. നിയമനങ്ങളുമായി ബന്ധപ്പെട്ട വസ്തുത ജനങ്ങള്‍ ബോധ്യപ്പെട്ട് കുപ്രചരണങ്ങളെ തളളിക്കളയണമെന്ന് എംഎല്‍എ അഭ്യര്‍ഥിച്ചു.

നിര്‍മാണം പൂര്‍ത്തീകരിച്ച രണ്ട് ലിഫ്റ്റുകളില്‍ ഒന്ന് എംഎല്‍എയും മറ്റൊന്ന് ജില്ലാ കളക്ടറും കമ്മീഷന്‍ ചെയ്തിട്ടുണ്ട്. വൈദ്യുതീകരണവുമായി ബന്ധപ്പെട്ട എല്‍റ്റി പാനല്‍ കമ്മീഷനിംഗ് ആന്റോ ആന്റണി എംപിയാണ് നിര്‍വഹിച്ചത്. നിര്‍മാണം പൂര്‍ത്തീകരിച്ച ഡീസല്‍ ജനറേറ്റര്‍ സെറ്റിന്റെ കമ്മീഷനിംഗ് സെപ്റ്റംബര്‍ ഏഴിന് നടക്കും. മെഡിക്കല്‍ കോളജിലെ സിസിടിവി സംവിധാനത്തിന്റെ കമ്മീഷനിംഗ് സെപ്റ്റംബര്‍ ഒന്‍പതിനും മൂന്ന്, നാല് ലിഫ്റ്റുകളുടെ കമ്മീഷനിംഗ് സെപ്റ്റംബര്‍ 11 നും നടക്കും. പത്തനംതിട്ട ജില്ലയുടേയും കോന്നിയുടേയും ഉത്സവമായി മാറേണ്ട ഉദ്ഘാടന ചടങ്ങ് പരിമിതപ്പെടുത്തി നടത്തേണ്ടി വരുന്നത് കോവിഡിന്റെ പ്രത്യേക സാഹചര്യത്തിലാണ്. ഇക്കാര്യം മനസിലാക്കി എല്ലാവരും സഹകരിക്കണമെന്നും കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.

ബിഎസ്എന്‍എല്‍ ലൈന്‍ കണക്ഷന്‍, കെഎസ്ആര്‍ടിസി സര്‍വീസ് തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. ഏഴ് സ്പെഷാലിറ്റി ഒപികള്‍ ഒരു മാസത്തിനകം മെഡിക്കല്‍ കോളജില്‍ ആരംഭിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കും ഉദ്ഘാടനം നടത്തുക. പൊതുജനങ്ങളെ ചടങ്ങില്‍ അനുവദിക്കില്ല. 15ന് ജനങ്ങള്‍ക്ക് ചികിത്സയ്ക്കായി മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം ആരംഭിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി.എസ്. വിക്രമന്‍, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. സജിത്ത്കുമാര്‍, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എബി സുഷന്‍, എച്ച്എല്‍എല്‍ ചീഫ് പ്രോജക്ട് മാനേജര്‍ ആര്‍. രതീഷ്‌കുമാര്‍, നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍ കമ്പനി പ്രോജക്ട് മാനേജര്‍ അജയകുമാര്‍, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കോന്നി വിജയകുമാര്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

Similar News