ജോസ് പക്ഷത്തിനെതിരെ കോട്ടയം കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി: ജനപ്രതിനിധികള്‍ കാണിക്കുന്നത് അധാര്‍മികതയാണന്ന് തിരുവഞ്ചൂര്‍
മുന്നണി വിട്ട സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസ് എം മത്സരിച്ച എല്ലാ സീറ്റുകളും വേണമെന്ന പി ജെ ജോസഫിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.
കോട്ടയം: മുന്നണി വിട്ട കേരളാ കോണ്‍ഗ്രസ് ജോസ് പക്ഷത്തിനെതിരെ ആഞ്ഞടിച്ച് കോട്ടയം കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി. ധാര്‍മികതയുടെ പേരില്‍ ജോസ് കെ മാണി രാജിവെച്ചപ്പോള്‍ ഐക്യജനാധിപത്യ മുന്നണിയുടെ ഭാഗമായി നിന്ന് വിജയിച്ച മറ്റ് ജനപ്രതിനിധികള്‍ കാണിക്കുന്നത് അധാര്‍മികതയാണന്ന് തിരുവഞ്ചൂര്‍ രാധകൃഷ്ണന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തില്‍ ധാരണയുണ്ടായിരുന്നെന്ന് ആവര്‍ത്തിച്ച ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ,അതിനു ശേഷമുണ്ടായ തര്‍ക്കങ്ങളില്‍ കോണ്‍ഗ്രസ് കക്ഷിയല്ലെന്നും പ്രശ്ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കുക മാത്രമാണ് ചെയ്തതെന്നും മുന്നണി വിട്ടപ്പോള്‍ കോണ്‍ഗ്രസിനെതിരായി തിരിഞ്ഞ ജോസ് കെ മാണിയുടെ നിലപാട് ശരിയല്ലെന്നും കൂട്ടിച്ചേര്‍ത്തു. മുന്നണി വിട്ട സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസ് എം മത്സരിച്ച എല്ലാ സീറ്റുകളും വേണമെന്ന പി ജെ ജോസഫിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി. അതേ സമയം ബാര്‍ കോഴക്കേസില്‍ ഉണ്ടായ പുതിയ വിവാദത്തില്‍ ജോസഫ് വാഴക്കനാണ് വിശദീകരണം നല്‍കിയത്. ആരോപണങ്ങള്‍ എഴുതിവിട്ട ശേഷം ചോദിക്കുമ്പോള്‍ നിഷേധിക്കുന്നത് പതിവാണെന്നും കെ എം മാണിക്കെതിരെ കോണ്‍ഗ്രസുകാര്‍ ആരെങ്കിലും ഗൂഢലോചന നടത്തിയെന്ന് തെളിയിച്ചാല്‍ പണി നിറുത്തുമെന്നും ജോസഫ് വാഴക്കന്‍ പറഞ്ഞു.പാലാ സീറ്റിനായി കോണ്‍ഗ്രസ് നല്‍കിയ രാജ്യസഭാ സീറ്റ് സിപിഎമ്മിന് വില്‍ക്കുകയാണ് ജോസ് കെ മാണി ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും നിയമസഭയിലെയും സീറ്റുവിഭജനം സംബന്ധിച്ച കാര്യങ്ങളും പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനുമായി കോണ്‍ഗ്രസ് കേരളാ കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ച കോട്ടയം ഡിസിസിയില്‍ നടക്കും.