കോട്ടയം മെഡിക്കല്‍ കോളജില്‍ രോഗി ചികില്‍സ കിട്ടാതെ മരിച്ചുവെന്ന സംഭവം: വിശദമായ റിപോര്‍ട് ആവശ്യപ്പെട്ടു;കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി കെ കെ ഷൈലജ
ഇന്നലെ ഈ സംഭവം അറിഞ്ഞപ്പോള്‍ തന്നെ താന്‍ കോട്ടയം മെഡിക്കല്‍ കോളജിലെ സൂപ്രണ്ടിനെ ഫോണില്‍ വിളിച്ചു വിവരങ്ങള്‍ തേടിയിരുന്നു.പശ്ചാത്തലം പരിശോധിക്കാതെ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സ കിട്ടാതെ രോഗി മരിച്ചു എന്ന് പ്രചരിപ്പിക്കരുത്. ആവശ്യമില്ലാതെ പൊടിപ്പും തൊങ്ങലും വെച്ച് പ്രചരിപ്പിക്കുമ്പോള്‍ മഹത്തായ സേവനം കാഴ്ചവെയക്കുന്ന സ്ഥാപനങ്ങളുടെ പ്രതിച്ഛായയാണ് നശിക്കുന്നത്.നല്ല നിലയില്‍ നടന്നു പോകുന്ന സര്‍ക്കാര്‍ ആശുപത്രികളിലൊന്നാണ് കോട്ടയം മെഡിക്കല്‍ കോളജെന്നും മന്ത്രി പറഞ്ഞു
കൊച്ചി: കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ച രോഗി ചികില്‍സ കിട്ടാതെ മരിച്ചുവെന്ന പരാതിയില്‍ വിശദമായ റിപോര്‍ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുറ്റക്കാരെന്നു തെളിഞ്ഞാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ കെ ഷൈലജ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇന്നലെ ഈ സംഭവം അറിഞ്ഞപ്പോള്‍ തന്നെ താന്‍ കോട്ടയം മെഡിക്കല്‍ കോളജിലെ സൂപ്രണ്ടിനെ ഫോണില്‍ വിളിച്ചു വിവരങ്ങള്‍ തേടിയിരുന്നു.രോഗിയുമായി ആംബുലന്‍സില്‍ വന്നവര്‍ വെന്റിലേറ്റര്‍ ഒഴിവുണ്ടോയെന്ന് തിരക്കി.പിആര്‍ഒയോടാണ് തിരക്കിയത്.പിആര്‍ഒ അന്വേഷിച്ചപ്പോള്‍ വെന്റിലേറ്റര്‍ ഒഴിവില്ലെന്ന വിവരമാണ് ബന്ധപ്പെട്ട ഡിപാര്‍ടുമെന്റില്‍ നിന്നും ലഭിച്ചത് ഈ വിവരം അദ്ദേഹം രോഗിയുടെ ബന്ധുക്കളെ അറിയിച്ചു.ഡോക്ടര്‍ രോഗിയെ നോക്കാന്‍ വന്നപ്പോള്‍ അത് കാത്തു നില്‍ക്കാതെ അവര്‍ രോഗിയെയുമായി അടുത്ത സ്വകാര്യ ആശുപത്രിയിലേക്കു പോകുകയായിരുന്നു.രോഗിയുടെ ബന്ധുക്കളെ കുറ്റം പറയാന്‍ പറ്റില്ല. കാരണം ഏതുവിധേനയും രോഗിയുടെ ജീവന്‍ രക്ഷിക്കാനാണ് അവര്‍ നോക്കുക.
സ്വകാര്യആശുപത്രിയും രോഗിയെ പ്രവേശിപ്പിക്കാന്‍ തയാറായില്ലെന്നാണ് അറിഞ്ഞത് അതിന്റെ കാരണം തനിക്ക് ഇതുവരെ കിട്ടിയിട്ടില്ല.തിരികെ വീണ്ടും മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോഴേക്കും രോഗി മരിച്ചു.ഈ പശ്ചാത്തലം പരിശോധിക്കാതെ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സ കിട്ടാതെ രോഗി മരിച്ചു എന്ന് പ്രചരിപ്പിക്കരുത്.എന്നു വെച്ച്് ആശുപത്രിയിലെ ആരുടെയെങ്കിലും ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും അതില്‍ യാതൊരു വിട്ടു വീഴ്ചയുമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.പക്ഷേ ആവശ്യമില്ലാതെ പൊടിപ്പും തൊങ്ങലും വെച്ച് പ്രചരിപ്പിക്കുമ്പോള്‍ മഹത്തായ സേവനം കാഴ്ചവെയ്ക്കുന്ന സ്ഥാപനങ്ങളുടെ പ്രതിച്ഛായയാണ് നശിപ്പിക്കപെടുന്നതെന്ന് ഓര്‍ക്കണമെന്നും മന്ത്രി പറഞ്ഞു.നല്ല നിലയില്‍ നടന്നു പോകുന്ന സര്‍ക്കാര്‍ ആശുപത്രികളിലൊന്നാണ് കോട്ടയം മെഡിക്കല്‍ കോളജെന്നും മന്ത്രി കെ കെ ഷൈലജ പറഞ്ഞു.ഒറ്റപ്പെട്ട സംഭവത്തിന്റെ പേരില്‍ കേരളത്തിലെ ആകെ സര്‍ക്കാര്‍ ആശുപത്രികളുടെ അവസ്ഥയിതാണെന്ന വിധത്തില്‍ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.