വിദ്യാര്‍ഥിനിയുടെ മരണം: അധ്യാപകര്‍ അരമണിക്കൂറോളം ശാസിച്ചെന്ന് ഒപ്പം പരീക്ഷയെഴുതിയവര്‍; സര്‍വകലാശാല വിശദീകരണം തേടി
പ്രിന്‍സിപ്പാളും അധ്യാപകരും ഹാളിലെത്തി വിദ്യാര്‍ഥിനിയോട് അരമണിക്കൂറോളം ദേഷ്യപ്പെട്ടു. ഉത്തരമെഴുതുന്ന ബുക്ക്ലെറ്റുകളും മറ്റും വാങ്ങിവച്ചു. തുടര്‍ന്ന് അല്‍പസമയം ഹാളിനകത്ത് പരീക്ഷയെഴുതാതെ ഇരുന്നതിന് ശേഷമാണ് വിദ്യാര്‍ഥിനി കരഞ്ഞുകൊണ് ഇറങ്ങിപ്പോയതെന്നും ഒപ്പം പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ പറഞ്ഞു.
കോട്ടയം: വിദ്യാര്‍ഥിനിയെ മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കോളജ് അധികൃതര്‍ക്കെതിരേ ആരോപണവുമായി കുടുംബവും ഒപ്പം പരീക്ഷയെഴുതിയ വിദ്യാര്‍ഥികളും രംഗത്തെത്തി. വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ എംജി സര്‍വകലാശാല ബിഎംവി ഹോളിക്രോസ് കോളജില്‍നിന്ന് വിശദീകരണവും തേടി. കോളജ് അധികൃതരുടെ കോപ്പിയടി ആരോപണം നിഷേധിച്ചാണ് മറ്റ് വിദ്യാര്‍ഥികള്‍ രംഗത്തുവന്നിരിക്കുന്നത്. ഹാള്‍ടിക്കറ്റില്‍ കോപ്പി എഴുതിക്കൊണ്ടുവന്നതായാണ് പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകര്‍ ആരോപിച്ചതെന്ന് ഒപ്പം പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ പ്രതികരിച്ചു. നല്ലരീതിയില്‍ പഠിക്കുന്ന കുട്ടിയായതിനാല്‍ തങ്ങള്‍ക്ക് അത് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു.
പ്രിന്‍സിപ്പാളും അധ്യാപകരും ഹാളിലെത്തി വിദ്യാര്‍ഥിനിയോട് അരമണിക്കൂറോളം ദേഷ്യപ്പെട്ടു. ഉത്തരമെഴുതുന്ന ബുക്ക്ലെറ്റുകളും മറ്റും വാങ്ങിവച്ചു. തുടര്‍ന്ന് അല്‍പസമയം ഹാളിനകത്ത് പരീക്ഷയെഴുതാതെ ഇരുന്നതിന് ശേഷമാണ് വിദ്യാര്‍ഥിനി കരഞ്ഞുകൊണ് ഇറങ്ങിപ്പോയതെന്നും ഒപ്പം പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ പറഞ്ഞു. കോളജ് അധികൃതര്‍ക്കെതിരേ ഗുരുതര ആരോപണവുമായാണ് മരണപ്പെട്ട അഞ്ജുവിന്റെ കുടുംബം രംഗത്തെത്തിയത്. തന്റെ മകളുടെ മരണത്തിന് ഉത്തരവാദി കോളജ് പ്രിന്‍സിപ്പലും കോളജ് അധികൃതരുമാണെന്ന് പിതാവ് ഷാജി ആരോപിച്ചു. കോളജ് പ്രിന്‍സിപ്പാളാണ് എന്റെ കൊച്ചിനെ കൊന്നത്.
മകള്‍ ഒരിക്കലും കോപ്പിയടിച്ചിട്ടില്ല. ഇനി എന്തെങ്കിലും സംഭവിച്ചാല്‍തന്നെ പ്രിന്‍സിപ്പാളിനും അധ്യാപകര്‍ക്കും എന്നെ വിളിച്ചുപറയാമായിരുന്നു. ഞാന്‍ വന്ന് അവളെ കൂട്ടിക്കൊണ്ടുപോവുമായിരുന്നില്ലേയെന്ന് ഷാജി മാധ്യമങ്ങളോട് പറഞ്ഞു. അഞ്ജുവിന്റെ കൈയില്‍നിന്ന് പരീക്ഷാപേപ്പര്‍ പിടിച്ചുപറിക്കുന്നത് സിസിടിവിയില്‍നിന്ന് കാണാമെന്ന് ബന്ധുക്കളും കുറ്റപ്പെടുത്തി. മൃതദേഹം പെട്ടെന്നുതന്നെ സ്ഥലത്തുനിന്ന് കൊണ്ടുപോയതും പിതാവിനെ കാണിക്കാതിരുന്നതും ദുരൂഹമാണ്. കോപ്പിയടി സ്ഥാപിക്കാന്‍ മൃതദേഹത്തില്‍ പേപ്പറുകള്‍ തിരുകിവയ്ക്കുമെന്ന് ആശങ്കയുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു.
അതേസമയം, അഞ്ജുവിന്റെ ഹാള്‍ടിക്കറ്റില്‍ ഉത്തരസൂചികയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ കുറിച്ചുവച്ചതായി കണ്ടെന്നും ഇതെത്തുടര്‍ന്നാണ് കുട്ടിയെ പരീക്ഷ എഴുതുന്നതില്‍നിന്നും വിലക്കിയതെന്നുമാണ് കോളജ് അധികൃതരുടെ വിശദീകരണം. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പാരലല്‍ കോളജിലെ ബികോം വിദ്യാര്‍ഥിയായിരുന്ന അഞ്ജു പി ഷാജിയെയാണ് തിങ്കളാഴ്ച മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ജുവിന് ചേര്‍പ്പുങ്കലിലെ ബിവിഎം ഹോളിക്രോസ് കോളജിലാണ് സര്‍വകലാശാല പരീക്ഷാകേന്ദ്രം അനുവദിച്ചിരുന്നത്.