ജ്വല്ലറികളില്‍ സ്വര്‍ണം വാങ്ങാനെന്ന വ്യാജേനയെത്തി മോഷണം: അന്തര്‍സംസ്ഥാന മോഷ്ടാവും സഹായിയും പിടിയില്‍

തമിഴ്‌നാട് സ്വദേശി സനാഫുല്ല (42), ഷൊര്‍ണൂര്‍ സ്വദേശി മജീദ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരി രണ്ടിന് പ്രവിത്താനം തെക്കേയില്‍ ജൂവലറിയില്‍നിന്നാണ് 10 പവനോളം സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി പ്രതി കടന്നുകളഞ്ഞത്. ജൂവലറിയിലെ സിസി ടിവി കാമറായില്‍നിന്നും ലഭിച്ച പ്രതിയുടെ ദൃശ്യങ്ങള്‍ കേരളത്തിലെ സമാന കുറ്റവാളികളുമായി സാമ്യമുളളതല്ലായിരുന്നു.

Update: 2019-02-13 16:11 GMT

കോട്ടയം: സ്വര്‍ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറികളിലെത്തി അതിവിദഗ്ധമായി ജീവനക്കാരുടെ ശ്രദ്ധതിരിച്ച് സ്വര്‍ണവുമായി കടന്നുകളയുന്ന അന്തര്‍സംസ്ഥാന മോഷ്ടാവും സഹായിയും പോലിസ് പിടിയില്‍. തമിഴ്‌നാട് സ്വദേശി സനാഫുല്ല (42), ഷൊര്‍ണൂര്‍ സ്വദേശി മജീദ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരി രണ്ടിന് പ്രവിത്താനം തെക്കേയില്‍ ജൂവലറിയില്‍നിന്നാണ് 10 പവനോളം സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി പ്രതി കടന്നുകളഞ്ഞത്. ജൂവലറിയിലെ സിസി ടിവി കാമറായില്‍നിന്നും ലഭിച്ച പ്രതിയുടെ ദൃശ്യങ്ങള്‍ കേരളത്തിലെ സമാന കുറ്റവാളികളുമായി സാമ്യമുളളതല്ലായിരുന്നു. തുടര്‍ന്ന് പാലാ ഡിവൈഎസ്പി ഷാജിമോന്‍ ജോസഫ് പ്രതിയെ പിടികൂടുന്നതിനായി പ്രത്യേക സ്‌ക്വാഡിന് രൂപം നല്‍കി. ജില്ലാ സൈബര്‍ സെല്ലിന്റെ സഹായവും തേടി.

സമാനരീതിയിലുളള കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിച്ചതില്‍ പോണ്ടിച്ചേരിയിലെ ഒരു ജ്വല്ലറിയില്‍നിന്ന് രണ്ടുവര്‍ഷം മുമ്പ്് ഇതേ രീതിയില്‍ മോഷണം നടത്തിയതായി സൂചന ലഭിച്ചു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ചെമ്പട്ടിയിലുള്ള വീട്ടില്‍നിന്ന് പ്രതിയെ പോലിസ് പിടികൂടുകയായിരുന്നു. പ്രതിയെ വിശദമായി ചോദ്യംചെയ്തപ്പോഴാണ് മോഷ്ടിച്ച സ്വര്‍ണം ഷൊര്‍ണൂരുളള മജീദിനെ വില്‍ക്കാന്‍ ഏല്‍പിച്ചെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുനിന്ന് മജീദിനെ പിടികൂടുകയായിരുന്നു. ഇയാളെ വിശദമായി ചോദ്യംചെയ്തപ്പോള്‍ തൃശൂരുളള കടയില്‍ സ്വര്‍ണം വിറ്റ് പണം വാങ്ങിയതായി കണ്ടെത്തി. തിരുവന്തപുരം, കൊല്ലം, കോഴിക്കോട്, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ ജ്വല്ലറികളില്‍ സമാനരീതിയില്‍ മോഷണം നടത്തിയതായി ഇയാള്‍ പോലിസിനോട് സമ്മതിച്ചു. സ്വര്‍ണം വിറ്റുകിട്ടുന്ന പണം മദ്യവും മയക്കുമരുന്നും വാങ്ങുന്നതിനായാണ് ചെലവിടുന്നത്. പ്രതികളെ പാലാ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Tags:    

Similar News