കോഴിക്കോട് കൊവിഡ് ബാധിതര്‍ 23 ആയി; 20,062 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി

ഇന്ന് പുതുതായി വന്ന 15 പേര്‍ ഉള്‍പ്പെടെ ആകെ 36 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 7 പേരെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.

Update: 2020-04-23 16:08 GMT

കോഴിക്കോട്: ജില്ലയില്‍ ഇന്ന് ഒരു തമിഴ്നാട് സ്വദേശി ഉള്‍പ്പടെ രണ്ടുപേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 23 ആയി. ഇവരില്‍ 11 പേര്‍ രോഗമുക്തരായിട്ടുണ്ട്. 12 പേരാണ് ചികില്‍സയില്‍ തുടരുന്നത്. ഇതുകൂടാതെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗം സ്ഥിരീകരിച്ച 6 ഇതരജില്ലക്കാരില്‍ 4 പേര്‍ രോഗമുക്തി നേടി. ഒരു മലപ്പുറം സ്വദേശിയും ഒരു കണ്ണൂര്‍ സ്വദേശിയും ചികില്‍സയിലുണ്ട്. കൂടാതെ, ഇന്ന് രോഗം സ്ഥിരീകരിച്ച തമിഴ്നാട് സ്വദേശിയും ചികില്‍സയിലുണ്ട്.

ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ 33 കാരനായ അഴിയൂര്‍ സ്വദേശിയാണ്. മാര്‍ച്ച് 20 ന് ദുബയിയില്‍നിന്നും നെടുമ്പാശ്ശേരി വഴി വന്ന് ഹോം ക്വാറന്റൈനില്‍ കഴിഞ്ഞുവരികയായിരുന്നു. രണ്ടാമത്തെയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിനടുത്തുള്ള അഗതി മന്ദിരത്തില്‍ കഴിയുന്ന 67 വയസ്സുള്ള തമിഴ്നാട് സ്വദേശിയാണ്. രണ്ടുപേരും ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികില്‍സയിലാണ്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.

ജില്ലയില്‍ ഇന്ന് 1,052 പേര്‍കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി ജയശ്രീ അറിയിച്ചു. ഇതോടെ നിരീക്ഷണകാലയളവ് പൂര്‍ത്തിയാക്കിയവരുടെ ആകെ എണ്ണം 20,062 ആയി. നിലവില്‍ 2,770 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് പുതുതായി വന്ന 15 പേര്‍ ഉള്‍പ്പെടെ ആകെ 36 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 7 പേരെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. 

Tags:    

Similar News