കോഴിക്കോട്ടെ തട്ടിക്കൊണ്ടുപോകൽ; പോലിസിന് മുന്നിൽ പ്രതിയുടെ 'ജീവനൊടുക്കൽ നാടകം'
ദുബയിൽ നിന്ന് ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് ഇർഷാദ് നാട്ടിലെത്തുന്നത്. പിന്നെ കോഴിക്കോട് നഗരത്തിൽ ജോലി ചെയ്യുകയായിരുന്നു. ഈ മാസം ആറിനാണ് അവസാനമായി വീട്ടിൽ വിളിച്ചത്.
കോഴിക്കോട്: കോഴിക്കോട് പന്തിരിക്കരയിൽ യുവാവിനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയതായ പരാതിയിൽ പോലിസ് അന്വേഷിച്ചെത്തിയപ്പോൾ നാടകീയ രംഗങ്ങൾ. പ്രതിയെന്ന് സംശയിക്കുന്ന സമീർ ഗ്യാസ് തുറന്നുവിട്ട് ആത്മഹത്യ ഭീഷണി മുഴക്കി. ഇയാളെ പിന്നീട് പോലിസ് കസ്റ്റഡിയിലെടുത്തു. സമീര്‍ ഉപയോഗിച്ചിരുന്ന കാറും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ദുബയിൽ നിന്ന് ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് ഇർഷാദ് നാട്ടിലെത്തുന്നത്. പിന്നെ കോഴിക്കോട് നഗരത്തിൽ ജോലി ചെയ്യുകയായിരുന്നു. ഈ മാസം ആറിനാണ് അവസാനമായി വീട്ടിൽ വിളിച്ചത്. പിന്നീട് ഒരു വിവരവും ഇല്ലെന്ന് ബന്ധുക്കൾ പറയുന്നു. ഇതിനിടെ, വിദേശത്തുള്ള സഹോദരന്‍റെ ഫോണിലേക്ക് വാട്സ്ആപ് വഴി ഭീഷണി സന്ദേശമെത്തി. ഇർഷാദിനെ കെട്ടിയിട്ട ഫോട്ടോയും സംഘം ബന്ധുകള്‍ക്ക് അയച്ച് കൊടുത്തു.
ദുബയിൽ നിന്ന് വന്ന ഇർഷാദിന്‍റെ കയ്യിൽ കൊടുത്ത് വിട്ട സ്വർണം കൈമാറിയില്ലെന്ന് കാട്ടി ചിലർ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ബന്ധുക്കൾ പറയുന്നു. പോലിസിൽ അറിയിച്ചാൽ വകവരുത്തുമെന്ന ഭീഷണി ഉള്ളതിനാലാണ് പരാതി നൽകാൻ വൈകിയതെന്ന് ബന്ധുക്കൾ പറയുന്നു. സ്വർണ്ണക്കടത്ത് സംഘം തന്നെയാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്ന സൂചനയാണ് പോലിസിനുള്ളത്. ഇർഷാദിനായും കേസിലെ പ്രതികള്‍ക്കുമായുള്ള അന്വേഷണം പോലിസ് ഊര്‍ജിതമാക്കി.