കോഴിക്കോട്-വയനാട് ദേശീയപാത; 20 കിലോമീറ്റര്‍ നവീകരണത്തിന് 35.41 കോടി രൂപ അനുവദിച്ചു
ദേശീയ പാത 766ല്‍ മണ്ണില്‍ കടവ് മുതല്‍ അടിവാരം വരെയുള്ള 20 കിലോമീറ്റര്‍ ദൂരത്തിലുള്ള നവീകരണ പ്രവൃത്തിക്കാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് 35.41 കോടി രൂപ അനുവദിച്ചത്.
കോഴിക്കോട്: കോഴിക്കോട്-വയനാട് ദേശീയ പാത നവീകരണത്തിന് 35.41 കോടി രൂപ അനുവദിച്ചു. ദേശീയ പാത 766ല്‍ മണ്ണില്‍ കടവ് മുതല്‍ അടിവാരം വരെയുള്ള 20 കിലോമീറ്റര്‍ ദൂരത്തിലുള്ള നവീകരണ പ്രവൃത്തിക്കാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് 35.41 കോടി രൂപ അനുവദിച്ചത്. മണ്ണില്‍ കടവ് മുതല്‍ കൊടുവള്ളി മണ്ഡലത്തിന്റെ അതിര്‍ത്തിയായ പുല്ലാഞ്ഞിമേട് വരെയാണ് ആദ്യഘട്ടത്തില്‍ പ്രവൃത്തി ആരംഭിക്കുന്നത്.
പ്രവൃത്തിയുടെ ഭാഗമായി നിലവിലുള്ള ഓവുചാലുകള്‍ പ്രവര്‍ത്തന യോഗ്യമാക്കുകയും ആവശ്യമായ സ്ഥലങ്ങളില്‍ പുതിയ ഓവുചാലുകള്‍ നിര്‍മ്മിക്കുകയും ചെയ്യും. താഴ്ന്ന പ്രദേശങ്ങളില്‍ റോഡ് ഉയര്‍ത്തുക, വീതി കുറഞ്ഞ സ്ഥലങ്ങളില്‍ റോഡ് വീതി കൂട്ടുക, ആധുനിക രീതിയിലുള്ള ബിഎംബിസി ടാറിങ് ഉള്‍പ്പെടെയുള്ളവ നവീകരണ പ്രവൃത്തിയുടെ ഭാഗമായി നടക്കും.
കാലവര്‍ഷം ആരംഭിക്കുന്നതോടെ പുല്ലാഞ്ഞിമേട് വളവ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതക്കുരുക്ക് നിത്യസംഭവമാണ്. ഇവിടെയും താമരശ്ശേരി പുതിയ ബസ്സ്റ്റാന്റില്‍ നിന്നും ദേശീയ പാതയിലേക്ക് ഇറങ്ങുന്ന സ്ഥലത്തും ഇന്റര്‍ലോക്ക് പതിക്കുമെന്ന് കാരാട്ട് റസാഖ് എംഎല്‍എ അറിയിച്ചു.