മോദി സ്തുതി: അബ്ദുല്ലക്കുട്ടിയോട് കെപിസിസി വിശദീകരണം തേടി
നേരത്തേ സിപിഎം എംപിയായിരുന്ന അബ്്ദുല്ലക്കുട്ടി ഗുജറാത്ത് വംശഹത്യയ്ക്കു ശേഷം മോദിയെ വികസന നായകനെന്ന് വിശേഷിപ്പിച്ചതിനാണ് സിപിഎമ്മില്‍ നിന്ന് പുറത്താക്കിയത്
തിരുവനന്തപുരം: നരേന്ദ്രമോദിയെ ഗാന്ധിയോട് ഉപമിക്കുകയും പുകഴ്ത്തുകയും ചെയ്തതിനു കോണ്‍ഗ്രസ് നേതാവ് എ പി അബ്ദുല്ലക്കുട്ടിക്ക് കെപിസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മോദി സ്തുതിയിലും നേതാക്കളെ അവഹേളിച്ചതിലും വിശദീകരണം നല്‍കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ജയിച്ച ഫലം പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് അബ്ദുല്ലക്കുട്ടി ഫേസ്ബുക്ക് വഴി മോദിയെ പുകഴ്ത്തിയത്. പ്രസ്താവന വിവാദമാവുകയും നിരവധി കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു നേതാക്കള്‍ എതിര്‍പ്പുമായെത്തുകയും ചെയ്തിരുന്നെങ്കിലും പോസ്റ്റ് പിന്‍വലിക്കാന്‍ അബ്ദുല്ലക്കുട്ടി തയ്യാറായിരുന്നില്ല. മാത്രമല്ല, തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി മാധ്യമങ്ങളോട് വ്യക്തമാക്കുകയും വി എം സുധീരനെതിരേ രൂക്ഷമായ രീതിയില്‍ സംസാരിക്കുകയും ചെയ്തിരുന്നു. ഇതിനിടെ, കണ്ണൂര്‍ ഡിസിസിയുടെ പരാതിയിലാണ് കെപിസിസി വിശദീകരണം തേടിയത്. നേരത്തേ സിപിഎം എംപിയായിരുന്ന അബ്്ദുല്ലക്കുട്ടി ഗുജറാത്ത് വംശഹത്യയ്ക്കു ശേഷം മോദിയെ വികസന നായകനെന്ന് വിശേഷിപ്പിച്ചതിനാണ് സിപിഎമ്മില്‍ നിന്ന് പുറത്താക്കിയത്. തുടര്‍ന്ന് കോണ്‍ഗ്രസില്‍ ചേരുകയും എംഎല്‍എയാവുകയും ചെയ്തിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നതിനു പിന്നാലെ അബ്്ദുല്ലക്കുട്ടി വീണ്ടും മോദിയെ സ്തുതിച്ചത് കോണ്‍ഗ്രസ് ക്യാംപില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു.