കൃതി രാജ്യാന്തര പുസ്തകോല്‍സവം: പ്രളയ ബാധിത വായനശാലകള്‍ക്കായി കൈത്താങ്ങ് പദ്ധതി
പുസ്തകങ്ങളായി നേരിട്ടും കൃതി കൂപ്പണുകളിലൂടെയും 50 ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ സമാഹരിച്ച് നല്‍കാന്‍ ലക്ഷ്യം. 70 താലൂക്കുകളിലെ സഹകരണ സംഘങ്ങളില്‍ 'പ്രളയബാധിത വായനശാലകള്‍ക്കൊരു കെത്താങ്ങ് കളക്ഷന്‍ ബോക്‌സുകള്‍' സ്ഥാപിക്കും.സംഘങ്ങളുടേയും പ്രളയ ബാധിത വായനശാലകളുടേയും പേരു വിവരവും പുസ്തകങ്ങളുടെ മുന്‍ഗണനാലിസ്റ്റും www.krithibookfest.com എന്ന സൈറ്റിലും കൃതിയുടെ സോഷ്യല്‍ മീഡിയ പേജുകളിലും ലഭ്യമാണ്.
കൊച്ചി: ഫെബ്രുവരി 8 മുതല്‍ 17 വരെ കൊച്ചിയില്‍ നടക്കുന്ന കൃതി രാജ്യാന്തര പുസ്തകമേളയുടേയും വിജ്ഞാനോത്സവത്തിന്റേയും രണ്ടാം പതിപ്പിന്റെ ഭാഗമായി നടപ്പാക്കുന്ന പ്രളയ ബാധിത വായനശാലകള്‍ക്ക് കൈത്താങ്ങ് പദ്ധതിക്ക് തുടക്കമായി. പൊതുസമൂഹത്തില്‍ നിന്നു സമാഹരിച്ച് നല്‍കിയും കൃതിയില്‍ നിന്നും പുസ്തകങ്ങള്‍ വാങ്ങുന്നതിന് കൂപ്പണുകള്‍ നല്‍കിയും രണ്ടു രീതിയിലാണ് പദ്ധതി നടപ്പാക്കുകയെന്ന് കൃതി ജനറല്‍ കണ്‍വീനര്‍ എസ് രമേശന്‍ പറഞ്ഞു. ഇതനുസരിച്ച് പ്രളയത്തില്‍ പുസ്തകങ്ങള്‍ നഷ്ടപ്പെട്ട വായനശാലകളുടെ ലിസ്റ്റുകള്‍ അതത് ജില്ലാ ലൈബ്രറി കൗണ്‍സിലുകളുടെ സഹായത്തോടെ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ തയ്യാറാക്കിക്കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന പുസ്തകങ്ങളുള്‍പ്പെട്ട മുന്‍ഗണനാ ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഈ പുസ്തകങ്ങള്‍ കെവശമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രസ്തുത പുസ്തകങ്ങള്‍ പദ്ധതിയിലേക്ക് സംഭാവന ചെയ്യാനാണ് സൗകര്യമൊരുക്കുന്നത്. ലിസ്റ്റിലില്ലാത്ത പുസ്തകങ്ങളും ഇങ്ങനെ സംഭാവനയായി നല്‍കാമെന്നും അധികൃതര്‍ പറഞ്ഞു. പുസ്തക സമാഹരണത്തിനായി കേരളത്തിലെ 70 താലൂക്കുകളിലെ സഹകരണ സംഘങ്ങളില്‍ 'പ്രളയബാധിത വായനശാലകള്‍ക്കൊരു കെത്താങ്ങ് കളക്ഷന്‍ ബോക്‌സുകള്‍' സ്ഥാപിക്കും.സംഘങ്ങളുടേയും പ്രളയ ബാധിത വായനശാലകളുടേയുംമ പേരു വിവരവും പുസ്തകങ്ങളുടെ മുന്‍ഗണനാലിസ്റ്റും www.krithibookfest.com എന്ന സൈറ്റിലും കൃതിയുടെ സോഷ്യല്‍ മീഡിയ പേജുകളിലും ലഭ്യമാണ്. ഫെബ്രു. 8 മുതല്‍ 17 വരെ കൃതി സന്ദര്‍ശിക്കുന്നവര്‍ക്കും ഈ ലിസ്റ്റിലെ പുസ്തകങ്ങള്‍ വാങ്ങി സംഭാവന നല്‍കാവുന്നതാണ്. ഇങ്ങനെ സമാഹരിക്കുന്ന പുസ്തകങ്ങള്‍ കൃതിയുടെ സമാപനച്ചടങ്ങില്‍ അതത് ലെബ്രറികള്‍ക്ക് കൈമാറും.
പ്രളയബാധിത വായനശാലകള്‍ക്ക് കൂപ്പണുകളിലൂടെ പുസ്തകങ്ങള്‍ നല്‍കാനും വ്യക്തികള്‍ക്കും സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സൗകര്യമുണ്ട്. ഇതിനു മാത്രമായി 'ദി സാഹിത്യ പ്രവര്‍ത്തക കോഓപ്പറേറ്റീവ് സൊസൈറ്റി'യുടെ പേരില്‍ കേരളാ സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്കില്‍ ആരംഭിച്ചിരിക്കുന്ന അക്കൗണ്ടില്‍ പണമടയ്ക്കാം. 009120143003008. ആണ് അക്കൗണ്ട് നമ്പര്‍. ഈ തുകക്ക് തുല്യമായ കൂപ്പണുകള്‍ വായനശാലകള്‍ക്ക് അവയുടെ ഗ്രേഡിന്റെയും നാശനഷ്ടത്തിന്റെയും അടിസ്ഥാനത്തില്‍ നല്‍കാനാണ് തീരുമാനം. ഈ കൂപ്പണുകള്‍ ഉപയോഗിച്ച് വായനശാലകള്‍ക്ക് കൃതിയില്‍ നിന്നും പുസ്തകങ്ങള്‍ വാങ്ങാം. ഈ രണ്ട വഴിയിലൂടെയും 50 ലക്ഷം രൂപയുടെ പുസ്തകങ്ങളെങ്കിലും പ്രളയബാധിത വായനശാലകളിലേയ്‌ക്കെത്തിയ്ക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എസ് രമേശന്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് 94467 15975 എന്ന നമ്പറില്‍ ബന്ധപ്പെടണം