സാലറി ചലഞ്ച്: ജീവനക്കാരിൽ നിന്നും പിടിച്ച തുക കെഎസ്ഇബി ദുരിതാശ്വാസ നിധിയിലേക്ക് നൽകിയില്ല
2019 മാർച്ച് 31 വരെ മാത്രം സാലറി ചാലഞ്ച് വഴി ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ബോർഡ് 102.61 കോടി രൂപ പിടിച്ചിട്ടുണ്ട്. അതിന് ശേഷമുള്ള മൂന്നു മാസവും ശരാശരി 14.65 കോടി വീതം ബോർഡ് കൈക്കലാക്കി. സാലറി ചാലഞ്ച് വഴി ലഭിച്ച തുകയിൽ 10.23 കോടി രൂപ മാത്രമാണ് കഴിഞ്ഞ ജൂൺ 30 വരെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതെന്നാണ് ഔദ്യോഗിക രേഖ.
തിരുവനന്തപുരം: 2018ലെ പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർനിർമാണത്തിനായി സാലറി ചാലഞ്ച് വഴി കെഎസ്ഇബി ജീവനക്കാരിൽ നിന്ന് പിടിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയില്ല. 136 കോടി രൂപയാണ് ഒരുവർഷം കഴിഞ്ഞിട്ടും കേരള ഇലക്ട്രിസിറ്റി ബോർഡ് നൽകാത്തത്. എന്നാൽ കെഎസ്ഇബിക്ക് സാമ്പത്തിക പ്രതിസന്ധി ഉള്ളതിനാലാണ് പണം കൈമാറാതിരുന്നതെന്ന് ചെയർമാൻ എൻ എസ് പിള്ള മാധ്യമങ്ങളോട് പറഞ്ഞു.
2019 മാർച്ച് 31 വരെ മാത്രം സാലറി ചാലഞ്ച് വഴി ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ബോർഡ് 102.61 കോടി രൂപ പിടിച്ചിട്ടുണ്ട്. അതിന് ശേഷമുള്ള മൂന്നു മാസവും ശരാശരി 14.65 കോടി വീതം ബോർഡ് കൈക്കലാക്കി. സാലറി ചാലഞ്ച് വഴി ലഭിച്ച തുകയിൽ 10.23 കോടി രൂപ മാത്രമാണ് കഴിഞ്ഞ ജൂൺ 30 വരെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതെന്നാണ് ഔദ്യോഗിക രേഖ.
2018 സപ്തംബർ മുതലാണ് സാലറി ചാലഞ്ചിലൂടെ ജീവനക്കാർ ഒരുമാസം മൂന്നു ദിവസത്തെ ശമ്പളം വീതം10 മാസ മാസതവണകളായി നൽകിയത്. ഇടതു യൂണിയൻ അംഗങ്ങളിൽ 99 ശതമാനവും ചാലഞ്ചിൽ പങ്കാളികളായി. ഡാമുകൾ തുറന്നു വിടാൻ അവസാന നിമിഷം വരെ കാത്തിരുന്നൂവെന്ന ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് കെഎസ്ഇബി വക 36 കോടിയും ജീവനക്കാർ നൽകിയ ഒരു ദിവസത്തെ ശമ്പളവും സഹിതം 49.5 കോടി രൂപ 2018 സപ്തംബറിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബോർഡ് നേരത്തെ കൈമാറിയിട്ടുണ്ട്. അതിന് പുറമേയാണ് സാലറി ചാലഞ്ച് വഴി സമാഹരിച്ച ഇത്രയും വലിയ തുക കൈമാറാതിരുന്നത്.
സർക്കാർ നൽകുന്ന ഔദ്യോഗിക ധനസഹായക്കണക്കു പ്രകാരം മൂവായിരത്തിൽ അധികം വീടുകൾ നിർമിക്കുന്നതിന് ഉപകാരപ്പെടുന്ന തുകയാണ് കെഎസ്ഇബി കൈമാറാതിരിക്കുന്നത്. ഓരോ മാസവും ശമ്പളത്തിൽനിന്ന് പിടിക്കുന്ന തുക അതാത് മാസം ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകുക എന്നതാണ് സാധാരണയുള്ള രീതി. എന്നാൽ കെഎസ്ഇബി അത് പാലിച്ചിട്ടില്ല.
അതേസമയം, ദുരിതാശ്വാസം കൈമാറാത്തതിന് വിചിത്ര ന്യായീകരണമാണ് കെഎസ്ഇബി ചെയര്‍മാന്‍ നൽകിയത്. ബോര്‍ഡിന്‍റെ സാമ്പത്തിക പ്രതിസന്ധിമൂലമാണ് തുക കൈമാറാത്തതെന്നാണ് വിശദീകരണം. ജല അതോറിറ്റിയില്‍നിന്ന് കുടിശിക കിട്ടാത്തതും തടസമായി.കടമെടുത്ത് തുക ഉടന്‍ കൈമാറും. യൂണിയന്‍ നേതാക്കളുടെ യോഗം ഇന്ന് വിളിച്ചിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു. സാലറി ചലഞ്ച് തുക ഒരുമിച്ച് കൈമാറാൻ തീരുമാനിച്ചതിനാലാന്ന് വൈകിയതെന്നും പിന്നീട് അദ്ദേഹം നിലപാട് മാറ്റി. വകമാറ്റിയിട്ടില്ലെന്നും തുക ഉടൻ കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.
വാട്ടർ അതോറിറ്റി കെഎസ്ഇബിക്ക് 1500 കോടി രൂപ നൽകാനുണ്ട്. ഇത് നാല് ഗഡുക്കളായി നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഈ തുകയിൽ കെഎസ്ഇബി ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകാനുള്ള തുക തട്ടിക്കിഴിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കെഎസ്ഇബി പറയുന്നു.