ആഴക്കടല്‍ മല്‍സ്യബന്ധനം അനുവദിക്കണം, തീരക്കടല്‍ മല്‍സ്യബന്ധനം നിയന്ത്രിക്കണം;ശുപാര്‍ശയുമായി കുഫോസ് ദേശിയ സെമിനാര്‍
സംസ്ഥാനത്തെ ഫിഷറീസ് മേഖലയിലും അക്വാകള്‍ച്ചര്‍ കൃഷി രീതികളിലും വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് സമഗ്രമായി ചര്‍ച്ച ചെയ്ത് സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ നല്‍കാനാണ് രണ്ടു ദിവസത്തെ ദേശിയ സെമിനാര്‍ കുഫോസും സംസ്ഥാന ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റും ചേര്‍ന്ന് സംഘടിപ്പിച്ചത്
കൊച്ചി: ഇപ്പോള്‍ അനുവദിച്ചിട്ടുള്ള 12 നോട്ടിക്കല്‍ മൈല്‍ പരിധിക്കുള്ളിലെ തീരക്കടല്‍ മല്‍സ്യബന്ധനത്തിന് ഘട്ടം ഘട്ടമായി നിയന്ത്രണം ഏര്‍പ്പെടുത്തി, പകരം ആഴക്കടല്‍ മല്‍സ്യബന്ധനം കേരള തീരത്ത് അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ നല്‍കാന്‍ തീരുമാനിച്ചുകൊണ്ട് കേരള ഫിഷറീസ് സമുദ്രപഠനശാലയില്‍ (കുഫോസ്) നടന്ന ദേശിയ സെമിനാര്‍ സമാപിച്ചു.സംസ്ഥാനത്തെ ഫിഷറീസ് മേഖലയിലും അക്വാകള്‍ച്ചര്‍ കൃഷി രീതികളിലും വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് സമഗ്രമായി ചര്‍ച്ച ചെയ്ത് സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ നല്‍കാനാണ് രണ്ടു ദിവസത്തെ ദേശിയ സെമിനാര്‍ കുഫോസും സംസ്ഥാന ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റും ചേര്‍ന്ന് സംഘടിപ്പിച്ചത്.
പ്രമുഖ ഫിഷറീസ് ശാസ്ത്രജ്ഞരും സമുദ്രോല്‍പ്പന്ന കയറ്റുമതി വ്യവസായികളും മല്‍സ്യകര്‍ഷകരും ഉള്‍പ്പടെ മുന്നോറോളം പ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുത്തു.കൃത്രിമകടല്‍ വെള്ളം ഉപയോഗിച്ച് ബയോഫ്‌ളോക്ക് രീതിയില്‍ വനാമി ചെമ്മീന്‍കൃഷിയും അലങ്കാര മല്‍സ്യകൃഷിയും വ്യാപകമാക്കുക, വരാല്‍ മല്‍സ്യകൃഷി വിപുലീകരിക്കുക, ഗിഫ്റ്റ് തിലാപ്പിയയുടെ മാതൃകയില്‍ ജെനറ്റിക്കലി ഇപ്രൂവ്ഡ് കരിമീന്‍ കൃഷി അവതരിപ്പിക്കുക, ഭക്ഷ്യയോഗ്യമായ തനത് മത്സ്യങ്ങളുടെ കൃത്രിമ പ്രജനനം സാധ്യമാക്കി അവയുടെ കൃഷി പ്രോല്‍സാഹിക്കുക എന്നിവയാണ് സെമിനാര്‍ മുന്നോട്ട് വെയ്ക്കുന്ന മറ്റ് പ്രധാന നിര്‍ദ്ദേശങ്ങള്‍. നിര്‍ദ്ദേശങ്ങള്‍ ഫിഷറീസ് വകുപ്പ് മുഖേനേ സര്‍ക്കാരി സമര്‍പ്പിക്കുമെന്ന് കുഫോസ് വൈസ് ചാന്‍സലര്‍ ഡോ.കെ. റിജി ജോണ്‍ അറിയിച്ചു.