കടല്‍ക്ഷോഭം: തടയാന്‍ വേണ്ടത് കണ്ടല്‍കാടുകള്‍: വേണു രാജാമണി

കടല്‍ ഭിത്തി നിര്‍മ്മിച്ച് കടല്‍ക്ഷോഭത്തെ തടയാം എന്ന ആശയം പ്രായോഗികമായി വിജയകരമല്ല.കടല്‍ക്ഷോഭവും പ്രളയവും വരള്‍ച്ചയും കാലാവസ്ഥവ്യതിയാനത്തിന്റെ ഭാഗമായി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് അതിന് ഇണങ്ങിവേണം ഇനി കേരളീയര്‍ ജീവിക്കേണ്ടതെന്നും വേണു രാജാമണി പറഞ്ഞു

Update: 2021-07-13 13:37 GMT

കൊച്ചി: കടല്‍ ക്ഷോഭത്തെ തടയാന്‍ കണ്ടല്‍കാടുകള്‍ പോലുള്ള പ്രകൃതിയോട് ഇണങ്ങുന്ന രീതികള്‍ അവലംബിക്കമണമെന്നാണ് ഹോളണ്ട് നമ്മുക്ക് കാണിച്ചുതരുന്നതെന്ന് പ്രമുഖ നയതന്ത്രജ്ഞനും ഹോളണ്ടിലെ മുന്‍ ഇന്ത്യന്‍ അംബാസിഡറുമായ വേണു രാജാമണി. കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാല (കുഫോസ്) സന്ദര്‍ശിച്ച് വൈസ് ചാന്‍സര്‍ ഡോ.റിജി ജോണും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയായിരുന്നു അദ്ദേഹം.

നിരന്തരമായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ജനജീവിതം ദുസ്സഹമായ എറണാകുളം ജില്ലയിലെ ചെല്ലാനം തീരപ്രദേശത്ത് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സമഗ്രമത്സ്യഗ്രാമം പദ്ധതിയുടെ നടത്തിപ്പ് ചുമതല കുഫോസിനാണ്. ഈ സാഹചര്യത്തിലാണ് സമാന പ്രശ്‌നം ഗുരുതരമായി ബാധിച്ചിരുന്ന ഹോളണ്ടിന്റെ മാതൃകയെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിനായി കുഫോസ് അധികൃതര്‍ വേണു രാജാമണിയെ ക്ഷണിച്ചത്.കടല്‍ക്ഷോഭവും പ്രളയവും വരള്‍ച്ചയും കാലാവസ്ഥവ്യതിയാനത്തിന്റെ ഭാഗമായി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് അതിന് ഇണങ്ങിവേണം ഇനി കേരളീയര്‍ ജീവിക്കേണ്ടതെന്നും വേണു രാജാമണി പറഞ്ഞു.

കടല്‍ ഭിത്തി നിര്‍മ്മിച്ച് കടല്‍ക്ഷോഭത്തെ തടയാം എന്ന ആശയം പ്രായോഗികമായി വിജയകരമല്ലെന്നും വേണു രാജാമണി പറഞ്ഞു. എത്ര ഉയരെ കടല്‍ഭിത്തി കെട്ടിയാലും അതിന് മുകളിലൂടെ വെള്ളം കരയിലെത്തുന്നതായാണ് കാണുന്നതെന്നും വേണു രാജാമണി വ്യക്തമാക്കി. കടല്‍ക്ഷോഭത്തെ ചെറുക്കാന്‍ ഹോളണ്ട് സ്വീകരിച്ചിട്ടുള്ള മാര്‍ഗ്ഗങ്ങളെ കുറിച്ച് വേണു രാജാമണി ചര്‍ച്ചയില്‍ വിശദീകരിച്ചു. രജിസ് ട്രാര്‍ ഡോ.ബി മനോജ് കുമാര്‍, ചെല്ലാനം പദ്ധതിയുടെ കുഫോസ് നോഡല്‍ ഓഫിസര്‍ ഡോ.കെ ദിനേശ്, ഫിനാന്‍സ് ഓഫിസര്‍ ജോബി ജോര്‍ജ്, ഫാം സുപ്രണ്ടന്റ്് കെ രഘുരാജ്, വിജ്ഞാനവ്യാപന വിഭാഗം മേധാവി ഡോ.ഡെയ്‌സി കാപ്പന്‍, അധ്യാപകരായ ഡോ സഫീന എംപി, ഡോ.ബ്‌ളോസം ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രളയം : പ്രതിരോധം, പുനര്‍നിര്‍മ്മാണം പഠിക്കാം ഡച്ച് പാഠങ്ങള്‍ എന്ന പുസ്തകം വേണു രാജാമണി വൈസ് ചാന്‍സര്‍ ഡോ.റിജി ജോണിന് സമ്മാനിച്ചു.

Tags:    

Similar News