ആന്റിബയോട്ടിക്കിന് എതിരായി രോഗാണുക്കളുടെ പ്രതിരോധശേഷി വര്‍ധിക്കുന്നത് വലിയ വിപത്തെന്ന് ഡോ.ഫിലിപ്പ് മാത്യു
അശാസ്ത്രീയമായ ഉപയോഗം മൂലം രോഗാണുക്കള്‍ ആന്റി ബയോട്ടിക്കുകള്‍ക്ക് എതിരെ പ്രതിരോധശേഷി നേടുന്നതിനെ തുടര്‍ന്ന് രോഗാവസ്ഥ മൂര്‍ച്ഛിക്കുന്ന സ്ഥിതിവിശേഷം സംജാതമാകുന്നു.ഇത് മരണ നിരക്ക് കുട്ടുകയും ചികില്‍സാ ചെലവ് ഭീമമായി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
കൊച്ചി: ആന്റിബയോട്ടിക്കുകള്‍ക്ക് എതിരെ രോഗാണുക്കള്‍ നേടുന്ന പ്രതിരോധശേഷിയാണ് ഇന്ത്യപോലുള്ള വികസ്വര രാജ്യങ്ങളുടെ സാമ്പത്തിക രംഗം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് റീആക്ടിന്റെ ഏഷ്യപഫസിക് ഉപദേഷ്ടാവായ ഡോ.ഫിലിപ്പ് മാത്യു. കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയില്‍ (കുഫോസ്) ആന്റിബയോട്ടിക്കിന് എതിരായ പ്രതിരോധം സാമ്പത്തിക ശേഷി കുറഞ്ഞ രാജ്യങ്ങളില്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ വിദ്യാര്‍ഥികളോട് സംസാരിക്കുകയായിരുന്നു ഡോ.ഫിലിപ്പ് മാത്യു.അശാസ്ത്രീയമായ ഉപയോഗം മൂലം രോഗാണുക്കള്‍ ആന്റി ബയോട്ടിക്കുകള്‍ക്ക് എതിരെ പ്രതിരോധശേഷി നേടുന്നതിനെ തുടര്‍ന്ന് രോഗാവസ്ഥ മൂര്‍ച്ഛിക്കുന്ന സ്ഥിതിവിശേഷം സംജാതമാകുന്നു എന്നതാണ് മെഡിക്കല്‍ സയന്‍സില്‍ ഇതുമൂലമുള്ള വെല്ലുവിളി. ഇത് മരണ നിരക്ക് കുട്ടുകയും ചികില്‍സാ ചെലവ് ഭീമമായി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇതേ അവസ്ഥ മൃഗപരിപാലനത്തിലും മല്‍സ്യകൃഷിയിലും വലിയ തോതില്‍ ഉണ്ടാകുമ്പോള്‍ രാജ്യങ്ങളുടെ മൊത്ത ആഭ്യന്തര ഉല്‍്പാദനം കുറയുകയും സാമ്പത്തികമായ പ്രതിസന്ധി ഉടലെടുക്കുകയും ചെയ്യുന്നു. പരിസ്ഥിതി സംരക്ഷണ രംഗത്തും ഇത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും ഡോ.ഫിലിപ്പ് മാത്യു ചൂണ്ടിക്കാട്ടി.
ആന്റിബയോട്ടിക്കുകളുടെ ഉപയോഗം നിയന്ത്രിച്ച്, നിയന്ത്രിത അളവില്‍ ശാസ്ത്രീയമായി മാത്രം ഉപയോഗിക്കുക എന്ന ആശയം പൊതുജനങ്ങള്‍ക്ക് ഇടയില്‍ പ്രചരിപ്പിക്കാനായി ആഗോള തലത്തില്‍ ബോധവല്‍്കരണം നടത്തുന്ന സംഘടനയാണ് റീ ആക്ട്. കുഫോസ് സ്റ്റൂഡന്റസ് യൂനിയനാണ് പരിപാടി സംഘടിപ്പിച്ചത്. പ്രഫസര്‍ ഡോ ദേവിക പിള്ള, എമിററ്റസ് പ്രഫസര്‍ ഡോ.കെ ഗോപകുമാര്‍ സംസാരിച്ചു.