ലക്ഷദ്വീപ്: കരട് നിയമത്തില്‍ ആക്ഷേപം സമര്‍പ്പിക്കാന്‍ സമയം കിട്ടിയില്ലെന്ന് ഹരജി; അഡ്മിനിസ്‌ട്രേഷന് അയച്ചുകൊടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ഇങ്ങനെ ലഭിക്കുന്ന നിര്‍ദ്ദേശങ്ങളോ ആക്ഷേപമോ കേന്ദ്ര സര്‍ക്കാരിനു അയച്ചുകൊടുക്കണമെന്നു അഡ്മിനിസ്‌ട്രേറ്റര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. ഇത്തരത്തില്‍ ലഭിക്കുന്ന നിര്‍ദ്ദേശങ്ങളോ ആക്ഷേപമോ സ്വീകരിക്കാന്‍ പറ്റുമോ ഇല്ലയോ എന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്നും കോടതി വ്യക്തമാക്കി

Update: 2021-05-31 16:41 GMT

കൊച്ചി: ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കുന്ന കരടു നിയമവുമായി ബന്ധപ്പട്ടു ഹരജിക്കാരന് നിര്‍ദ്ദേശങ്ങളോ ആക്ഷേപങ്ങളോ ഉണ്ടെങ്കില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനു അയച്ചുകൊടുക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നിര്‍ദ്ദേശിച്ചു. ലക്ഷദ്വീപില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന നിയമങ്ങളെ കുറിച്ചു പുതിയ വിജ്ഞാപനം പുറപ്പെടുവിച്ച് ജനങ്ങളുടെ ആക്ഷേപങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടു കവരത്തി സ്വദേശിയായ മുഹമ്മദ് സാദിഖ് സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.

ഇങ്ങനെ ലഭിക്കുന്ന നിര്‍ദ്ദേശങ്ങളോ ആക്ഷേപമോ കേന്ദ്ര സര്‍ക്കാരിനു അയച്ചുകൊടുക്കണമെന്നു അഡ്മിനിസ്‌ട്രേറ്റര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. ഇത്തരത്തില്‍ ലഭിക്കുന്ന നിര്‍ദ്ദേശങ്ങളോ ആക്ഷേപമോ സ്വീകരിക്കാന്‍ പറ്റുമോ ഇല്ലയോ എന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്നും കോടതി വ്യക്തമാക്കി.കരട് നിയമത്തില്‍ എതിര്‍പ്പറിയിക്കാന്‍ മതിയായ സമയം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി സമര്‍പ്പിച്ചത്.കരടു നിയമങ്ങള്‍ കൊണ്ടുവരുന്നതിനു മുന്‍പ് സാധരണയായി ആക്ഷേപങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്നതിനു 30 ദിവസത്തെ സമയം അനുവദിക്കാറുണ്ടെങ്കിലും നിലവില്‍ കൊണ്ടുവന്ന നിയമത്തില്‍ 21 ദിവസത്തെ സമയം മാത്രമേ അനുവദിച്ചുള്ളുവെന്നു ഹരജിയില്‍ പറയുന്നു.

കൊവിഡ് വ്യാപന കാലഘട്ടമായതുകൊണ്ടാണ് നിലവില്‍ കൊണ്ടുവന്ന നിയമങ്ങള്‍ക്കെതിരെ ആക്ഷേപങ്ങളോ നിര്‍ദ്ദേശങ്ങളൊ ബോധിപ്പിക്കാന്‍ കഴിയാതെ പോയതെന്നും ഹരജിയില്‍ പറയുന്നു.ലക്ഷദ്വീപ് വിഷയം നയപരമായ വിഷയമാണെന്നും കോടതിക്ക് ഇടപെടാന്‍ സാധിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. പരാതിക്കാരന് വേണമെങ്കില്‍ അഡ്മിനിസ്‌ട്രേറ്റര്‍ മുഖേന കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാമെന്നാണ് കേന്ദ്രത്തിന് വേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റര്‍ വ്യക്തമാക്കി.ആക്ഷേപത്തിനും മറ്റുമുള്ള ദിവസങ്ങള്‍ നിശ്ചയിക്കുന്നതു ഭരണപരമായ സൗകര്യങ്ങള്‍ക്ക് അനുസൃതമായിട്ടാണെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു.ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനു 593 നിര്‍ദ്ദേശങ്ങളും ആക്ഷേപങ്ങളും ലഭിച്ചിട്ടുണ്ടെന്നും ഇവ ആഭ്യന്തര മന്ത്രാലയത്തിനു അയച്ചിട്ടുണ്ടെന്നും അഡ്മിനിസ്‌ട്രേഷനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.

Tags:    

Similar News