എരുമേലി ഉരുൾപൊട്ടൽ; 1500 കോഴികൾ ഒലിച്ചുപോയി; വ്യാപക നാശനഷ്ടം

മുട്ടപ്പള്ളി 35 മേഖലയിൽ നിരവധി വീടുകളിൽ വെള്ളം കയറി. മണിമലയാറ്റിലും, പമ്പ നദിയിലും, അഴുത നദിയിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നു.

Update: 2022-07-31 05:22 GMT

കോട്ടയം: എരുമേലി തുമരംപാറയിലെ ഉരുൾപൊട്ടൽ വൻനാശനഷ്ടം. ഒൻപതും പത്തും വാർഡുകളിലെ റോഡുകൾ പൂർണമായും തകർന്നു. ശക്തമായ മഴവെള്ളപാച്ചിലിൽ കൊപ്പം തോട് കര കവിഞ്ഞു. കൊപ്പം തുമരംപാറ റോഡിൽ പലസ്ഥലത്തും റോഡിന്റെയും തോടിന്റെയും സംരക്ഷണ ഭിത്തി തകർന്നു. നിരവധി വീടുകളിലും കിണറുകളിലും വെള്ളം കയറി. കൃഷിയും വ്യാപകമായി നശിച്ചു.

മുട്ടപ്പള്ളി 35 മേഖലയിൽ നിരവധി വീടുകളിൽ വെള്ളം കയറി. മണിമലയാറ്റിലും, പമ്പ നദിയിലും, അഴുത നദിയിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. പറപ്പള്ളിൽ ദീപുവിന്റെ ഉടമസ്ഥതയിലുള്ള കോഴിഫാമിൽ വെള്ളം കയറി 1500 കോഴികളും കാലിത്തീറ്റകളും ഒഴുകിപ്പോയി. സമീപ വീടിന്റെ ഭിത്തി തകർന്നു. റോഡുകളിൽ മുഴുവൻ വെള്ളപ്പാച്ചിലിൽ കല്ലും മണ്ണും അടിഞ്ഞിരിക്കുകയാണ്.

എരുമേലി മുണ്ടക്കയം സംസ്ഥാനപാത വെള്ളത്തിനടിയിലായി ഗതാഗതം തടസ്സപ്പെട്ടു. പലരുടെയും വീട്ടുപകരണങ്ങൾ തോട്ടിലൂടെ ഒഴുകി. വിലങ്ങുപാറ റോട്ടറി ക്ലബ് ഭാഗത്ത് റോഡ് വെള്ളത്തിനടിയിലായി. ഈ ഭാഗത്ത് തോടിനോട് ചേർന്നുള്ള പഞ്ചായത്ത് റോഡിൽ വെള്ളം രണ്ടടിയോളം ഉയർന്നു.

കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലെ പുഴകളിലും മലവെള്ളപ്പാച്ചിലുണ്ടായി. ഇരുവഴിഞ്ഞിയിൽ അരിപ്പാറ ഭാഗത്താണ് ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായത്. ഇരുവഴിഞ്ഞി പുഴയുടെ തീരത്തു താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

Similar News